ഏറെ കൊതിതോന്നിയിട്ടുള്ളത് ആ ഭക്ഷണത്തോട്; സുരഭിലക്ഷ്മി പറയുന്നു
Mail This Article
‘‘ഒരു പന കിട്ടിയാൽ കഴിക്കാമായിരുന്നു’’സുരഭി സെറ്റിലെത്തിയാൽ എല്ലാവരുടെയും പ്രധാന കമന്റ് ഇതാണ് . നാടൻ ഭക്ഷണങ്ങളോടുള്ള സുരഭിയുടെ കൊതി തന്നെയാണ് ഈ പട്ടം ചാർത്തിക്കിട്ടാൻ കാരണം. വിദേശ ഫുഡിനെ പുച്ഛിച്ചു തള്ളി, പത്തിരിയും കപ്പയും മീൻകറിയുമൊക്കെ കഴിക്കാൻ ഇഷ്ടമുള്ള ആളാണു സുരഭി. നാടൻ ഭക്ഷണം മുന്നിൽ കിട്ടിയാൽ പിന്നെ തനി കോഴിക്കോടുകാരി. ചക്കപ്പുഴുക്ക്, ഉണക്കമീൻ, ചേമ്പിട്ടു കാച്ചിയ മോരുകറി തുടങ്ങിയ രുചികളുടെ പ്രണയിനി.
ഏറ്റവും കൊതി തോന്നുന്ന ഭക്ഷണമേതാണെന്നു ചോദിച്ചാൽ സുരഭി പറയും, ‘‘ഒരു പന കിട്ടിയാൽ കഴിക്കാമായിരുന്നു’’. ജയന്റെ സിനിമയിലെ ഡയലോഗു പോലെ തോന്നിയാലും സംഗതി സത്യമാണ്. സുരഭി പന തിന്നിട്ടുണ്ട്. പയ്യത്തിന്നാൽ പന തിന്നാമെങ്കിലും അത്ര എളുപ്പമല്ലെന്നു മാത്രം. ഇതെന്തൊരു ലോകം, പനയൊക്കെ തിന്നാൻ പറ്റുമോ എന്നതിശയിക്കാൻ വരട്ടെ. കോഴിക്കോടെത്തി ചോദിച്ചാൽ ഒരുമാതിരിപ്പെട്ടവരെല്ലാം പറയും, പന തിന്നിട്ടുണ്ടെന്ന്.
വേണെങ്കിൽ നമുക്കും തിന്നാം പന. നേരിട്ടു തിന്നുകയല്ല. പന വെട്ടി നുറുക്കി ഇടിച്ചു പൊടിച്ചാണു തീറ്റ. വിഭവത്തിന്റെ പേര് ‘പനനൂർ’. പനയുടെ ഉൾക്കാമ്പ് പൊടിച്ചാണു പനനൂറുണ്ടാക്കുന്നത്. ഇതിനു ചില്ലറ ക്ഷമയൊന്നും പോര. നന്നായി കഷ്ടപ്പെടണം. പിളർന്ന പനയുടെ ഉൾക്കാമ്പെടുത്തു വെയിലത്തു വച്ചു നന്നായി ഉണക്കണം. ഇത് ഉരലിൽ പൊടിച്ച ശേഷം വെള്ളത്തിൽ കലർത്തി തുണിയിൽ അരിച്ചെടുത്തു നാരു നീക്കണം. നനുത്ത പൊടി അടിയിലൂറുമ്പോൾ വെള്ളം ഒഴുക്കിക്കളഞ്ഞ ശേഷം വീണ്ടും ഉണക്കണം. അതു കഴിഞ്ഞു പാലും പഞ്ചസാരയും ചേർത്തു കഴിക്കാം. കേൾക്കുമ്പോൾ എത്ര നിസാരം. പക്ഷേ നല്ല ക്ഷമയില്ലെങ്കിൽ പനനൂർ വെറും സ്വപ്നം. ഈ ക്ഷമയെ ചേർത്തു നിർത്തിയാണു ‘പയ്യെതിന്നാൽ പനയും തിന്നാം’ എന്ന പഴഞ്ചൊല്ലുപോലും ഉണ്ടായതത്രേ!
Content Summary : Actress Surabhi Lakshmi Talks About Her Favorite Food