െട്രൻഡായി പാലട പായസം കേക്ക്, ഇതിപ്പോ എങ്ങനെ മുറിക്കും?
Mail This Article
ഓട്ടുരുളിയിൽ നിറച്ചു വച്ച പാലട, ഒറ്റനോട്ടത്തിൽ കോരിക്കുടിക്കാൻ സ്പൂൺ എടുക്കാൻ തോന്നും. രണ്ടാമതൊന്നു സൂക്ഷിച്ചു നോക്കിയാൽ ചിലപ്പോൾ മനസിലായേക്കും ഓട്ടുരുളിക്ക് എന്തോ ഒരു പ്രത്യേകതയുണ്ടല്ലോ എന്ന്. പക്ഷേ ഉള്ളിൽ നിറച്ചിരിക്കുന്നത് പാലട പായസം തന്നെ. അണ്ടിപ്പരിപ്പും കിസ്മിസുമെല്ലാം മേമ്പൊടിയായി മുകളിൽ തന്നെയുണ്ട്. എന്താ ചെയ്യണ്ടത് എന്ന് അങ്കലാപ്പിന് തീരുമാനമായെങ്കിൽ ഒന്ന് രുചിച്ചു നോക്കാം. സംഭവം പാലട പായസം കേക്കാണ്. മധുരപ്രിയന്മാർക്ക് കേക്കിന്റെ ടെക്സ്ച്ചറും പായസത്തിന്റെ മധുരവും സമം ചേർത്ത് രുചിക്കാവുന്ന വേറിട്ട ഒരു ഐറ്റം.
പിറന്നാളോ, വിവാഹമോ, വിവാഹവാർഷികമോ ആഘോഷം എന്തുമായിക്കൊള്ളട്ടെ, ഇനി പായസം വേണോ കേക്ക് വേണോ മധുരം പങ്കുവയ്ക്കാൻ എന്ന ചോദ്യത്തിനുള്ള ഉത്തരം രണ്ടും ഒരുമിച്ചാക്കിക്കൊണ്ടുള്ള പാലടപ്പായസം കേക്കാണ്. നൂറോളം വരുന്ന കേക്ക് വെറൈറ്റികൾ വിപണി വാഴുന്ന ഈ കാലഘട്ടത്തിൽ വേറിട്ട രൂപവും രുചിയും കൊണ്ടാണ് പാലടപ്പായസം കേക്ക് വിപണി പിടിക്കുന്നത്. പായസം കേക്ക് വിപണിയിൽ എത്തിയിട്ട് കാലം കുറച്ചായെങ്കിലും ഓണം , വിഷു തുടങ്ങിയ പരമ്പരാഗത ആഘോഷങ്ങൾക്ക് മാത്രമായിട്ടായിരുന്നു മധുരപ്രിയർ ഈ കേക്ക് വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ ആഘോഷമെന്തായാലും വ്യത്യസ്തതയെ മുൻനിർത്തി പായസം കേക്ക് തേടിയെത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്.
ഹോം ബേക്കർമാരാണ് കൂടുതലായും പായസം കേക്കിന്റെ നിർമാണത്തിൽ ശ്രദ്ധിക്കുന്നത്. ആവശ്യാനുസരണം ഓട്ടുരുളിയിലും മൺകുടത്തിലും ഒക്കെ പായസം കേക്കുകൾ ഡിസൈൻ ചെയ്യുന്നു. മറ്റു കേക്കുകളുടെ നിർമാണവുമായി താരതമ്യം ചെയ്യുമ്പോൾ ഏറെ സമയമെടുക്കുന്ന ഒന്നാണ് പായസം കേക്ക് നിർമാണം.
''കഴിഞ്ഞ ഒരു നാലഞ്ച് മാസക്കാലമായി പായസം കേക്ക് പ്രത്യേകമായി ചോദിച്ചെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കേക്ക് കട്ടിംഗ് സെറിമണിക്ക് ഒരു മലയാളി ടച്ച് നൽകുക കൂടിയാണ് പായസം കേക്ക് ചെയ്യുന്നത്. മാത്രമല്ല, പ്രായമായവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ഒന്നാണ് പായസം കേക്ക് എന്നതും ഇതിന്റെ ജനപ്രീതി വർധിപ്പിക്കുന്നുണ്ട്. എനിക്ക് ഏറ്റവും കൂടുതൽ ഓർഡർ ലഭിക്കുന്ന കേക്കുകളിൽ ഒന്നാണ് പിങ്ക് പാലട പായസം കേക്ക്. അതിപ്പോൾ ഞങ്ങളുടെ ഒരു മാസ്റ്റർ ഐറ്റം ആണെന്നും പറയാം.'' കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബേക്ക് വിസാർഡ് എന്ന സ്ഥാപനത്തിന്റെ ഉടമ ലിഷ പികെ പറയുന്നു.
പല ഘട്ടങ്ങളായാണ് പായസം കേക്കിന്റെ നിർമാണം. ആദ്യഘട്ടം പാലട പായസത്തിന്റെ നിർമാണമാണ്. കാൽകപ്പ് അടയെടുത്ത് അരകപ്പ് പഞ്ചസാര ചേർത്ത് കാരമലൈസ് ചെയ്യണം. അത് നല്ല ക്രിസ്റ്റൽ പരുവത്തിൽ ആകുമ്പോൾ പാൽ ഒഴിച്ച് നന്നായി കുറുക്കിയെടുക്കണം. ശേഷം വാനില ഫ്ലേവർ കേക്ക് സ്പഞ്ചുണ്ടാക്കണം. അതിൽ ഷുഗർ പൗഡറിനൊപ്പം ഏലക്കകൂടി ചേർക്കുന്നിടത്താണ് പായസം കേക്കിന്റെ രുചിക്കൂട്ടിരിക്കുന്നത്. ശേഷം മൂന്നോ നാലോ ലെയർ ആക്കി കേക്ക് മുറിക്കണം. സാധാരണയിൽ കൂടുതൽ കട്ടിയുള്ള ലെയർ ആക്കിവേണം മുറിക്കാൻ. ശേഷം ഓരോ ലെയറിലും പാലട പായസവും വിപ്പിംഗ് ക്രീമും ഒരുപോലെ ചേർക്കും. ശേഷം കേക്കിന്റെ ഡിസൈനിങ് പൂർത്തിയാക്കി മുകൾ ഭാഗത്ത് പാലട ഒഴിക്കുക കൂടി ചെയ്യും. അതിനാൽ തന്നെ കേക്കിനു പൂർണമായ ഒരു ഫിനിഷിംഗ് ലഭിക്കും.
പാലട പായസം കേക്ക് സ്പൂണിൽ കോരി കഴിക്കാൻ താല്പര്യമുള്ളവർക്ക് അങ്ങനെ കഴിക്കാം, മുറിച്ചു കഴിക്കാൻ താല്പര്യമുള്ളവർക്ക് അങ്ങനെയും കഴിക്കാം.
English Summary : Palada Payasam Cake.