മാറിലൊട്ടിക്കിടക്കുന്നത് കുഞ്ഞോ അതോ കേക്കോ?; ടാറ്റൂ ആർട്ടിസ്റ്റ് ബേക്കറായാൽ ട്വിസ്റ്റോടു ട്വിസ്റ്റ്...
Mail This Article
വിശന്നുപൊരിഞ്ഞിരിക്കുമ്പോൾ ഒരു പ്ലേറ്റ് ഹൃദയം മുന്നിലെത്തിയാൽ എങ്ങനെയുണ്ടാവും? ബെന്നിന്റെ അതിഥിയാണു നിങ്ങളെങ്കിൽ പ്ലേറ്റിൽ എന്തും പ്രതീക്ഷിക്കാം. അതുചിലപ്പോൾ മനുഷ്യരുടെ കാലോ ഷൂസോ ഇസ്തിരിയിട്ടുവച്ച ജീൻസോ ഫുട്ബോളോ ആകാം. അല്ലെങ്കിൽ നിങ്ങളാരാധിക്കുന്ന സെലിബ്രിറ്റികളുടെ രൂപമാകാം. പാമ്പു മുതൽ ജിറാഫ് വരെ, എന്തിന്, പ്രേതങ്ങളെപ്പോലും തീൻമേശയിൽ പ്രതീക്ഷിക്കാം.
ചിലപ്പോൾ അമ്പരപ്പിക്കുന്ന, മറ്റു ചിലപ്പോൾ അറപ്പു തോന്നിക്കുന്ന, ചിലയവസരങ്ങളിൽ കൊതിപ്പിക്കുന്ന കേക്കുകളൊരുക്കിയാണ് ബെൻ കോളിൻ എന്ന ഷെഫ് ഇൻസ്റ്റഗ്രാമിൽ കേക്കുകളുടെ വൈവിധ്യമൊരുക്കുന്നത്. നിത്യജീവിതത്തിലുപയോഗിക്കുന്ന വസ്തുക്കൾ, പഴങ്ങൾ, പാത്രങ്ങൾ, മൃഗരൂപങ്ങൾ അങ്ങനെ കണ്ണിൽ കാണുന്ന, കൈയിൽ കിട്ടുന്ന എന്തും കോളിനു കേക്കുണ്ടാക്കാനുള്ള വിഷയങ്ങളാണ്.
ആരെയും അദ്ഭുതപ്പെടുത്തുന്ന കേക്കുകളുണ്ടാക്കുന്ന കോളിൻ, അത്തരം കേക്കുകളുടെ പേരിൽ വിവാദങ്ങളിലും പെട്ടിട്ടുണ്ട്. നവജാത ശിശുവിന്റെ രൂപത്തിലുണ്ടാക്കിയ കേക്കുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. സമൂഹമാധ്യമങ്ങളിൽ വെറൈറ്റി കേക്കുകളുടെ പങ്കുവയ്ക്കാറുള്ള കോളിൻ ഇപ്പോൾ ഏതു ചിത്രം പങ്കുവച്ചാലും അതു കേക്കാണെന്ന് ആരാധകർ തെറ്റിദ്ധരിക്കുന്ന അവസ്ഥയാണുള്ളത്. കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ച കോളിനോട് അത് യഥാർഥ കുഞ്ഞാണോ അതോ കുഞ്ഞിന്റെ രൂപത്തിലുള്ള കേക്കാണോയെന്നാണ് ആരാധകർ ചോദിക്കുന്നത്.
ഒരു ടാറ്റൂ ആർട്ടിസ്റ്റ് കേക്ക് ബേക്കറായാൽ പ്രതീക്ഷിക്കാവുന്ന എല്ലാ ട്വിസ്റ്റുകളും ബെൻ കേക്കുകളുടെ രൂപത്തിൽ തീൻമേശയിലെത്തിക്കും. ‘ദ് ബേക്ക്കിങ്’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അദ്ദേഹം തന്റെ സർഗാത്മക സൃഷ്ടിവൈഭവം പങ്കുവയ്ക്കുന്നത്. ചെസ്റ്റർ സ്വദേശിയായ ബെന്നിന്റെ സ്പെഷലൈസേഷൻ ഒപ്റ്റിക്കൽ ഇല്യൂഷനിലാണ്.
ബേക്കിങ് മേഖലയിൽ യാതൊരു പരിശീലനവും ലഭിക്കാതെയാണ് ബെൻ ഇത്രയധികം വെറൈറ്റികൾ സൃഷ്ടിക്കുന്നത് എന്നറിയുമ്പോഴാണ് കേക്ക് പ്രേമികൾ അമ്പരന്നു പോകുന്നത്. ഒരു സുപ്രഭാതത്തിൽ ബേക്കിങ് മേഖലയിലേക്ക് കടന്നതിനെക്കുറിച്ച് ബെൻ പറയുന്നതിങ്ങനെ: ‘‘അമ്മേ ബേക്ക് ചെയ്യുന്നതെങ്ങനെയാണ് എന്ന് ഒരു ദിവസം അമ്മയെ വിളിച്ചു ചോദിച്ചുകൊണ്ടാണ് ഞാൻ കേക്കുണ്ടാക്കിത്തുടങ്ങിയത്. ബേക്കിങ് മേഖലയിൽ പരിശീലനമൊന്നും നേടിയിട്ടില്ല’’.
യൂണിവേഴ്സിറ്റി തലത്തിൽ ഗ്രാഫിക് ഡിസൈനും ഫൈൻ ആർട്സും പഠിച്ചിട്ടുള്ള ബെൻ ആ സ്കിൽ ഉപയോഗിച്ചാണ് കേക്ക് ആർട്ടിസ്റ്റ് എന്ന തന്റെ പുതിയ കരിയറിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കുന്നത്. മനസ്സിലുള്ള രൂപം സൃഷ്ടിക്കുന്നതുവരെ വിശ്രമമില്ലാതെ ബെൻ ജോലി ചെയ്തുകൊണ്ടേയിരിക്കും. ആ കഠിനാധ്വാനമാണ് ബേക്കിങ് രംഗത്ത് പുതിയപരീക്ഷണങ്ങൾ ചെയ്യാൻ അയാളെ പ്രേരിപ്പിക്കുന്നത്.
അനവധി സെലിബ്രിറ്റികളുടെ ലൈഫ്സൈസ് കേക്കുകളും ശിൽപങ്ങളുമൊരുക്കിയ ബെന്നിന്റെ ഏറ്റവും വലിയ സ്വപ്നം തന്റെ കേക്ക് നിർമാണത്തിന്റെ അണിയറക്കഥകളെക്കുറിച്ച് ഒരു ടിവിഷോ ചെയ്യുകയെന്നതാണ്. യാഥാർഥ്യത്തെ വെല്ലുന്ന ഒപ്റ്റിക്കൽ ഇല്യൂഷൻ കേക്കുകൾ രൂപപ്പെടുന്നതിന്റെ എല്ലാ ഘട്ടങ്ങളും, കേക്ക് പ്രേമികളും ബേക്കിങ് രംഗത്ത് ചുവടുറപ്പിക്കാൻ ആഗ്രഹിക്കുന്നവരും കാണണമെന്ന മോഹമാണ് ബെൻകോളിനുള്ളത്.
Content Summary : Ben Cullen turned his artistic talents to creating ultra-realistic cakes