തെരുവിൽ 10 രൂപയ്ക്ക് ഭക്ഷണം വിറ്റ് ദമ്പതികൾ, വാടകകൊടുക്കാനുള്ള പണം കണ്ടെത്താൻ കഠിനാധ്വാനം; നമിക്കുന്നുവെന്ന് വെർച്വൽ ലോകം
Mail This Article
എഴുപതു വയസ്സു പിന്നിട്ട ആ ദമ്പതികളുടെ ഒരു ദിനം തുടങ്ങുന്നത്, കഴിഞ്ഞ അഞ്ചുവർഷമായി പുലർച്ചെ നാലുമണിക്കാണ്. പ്രഭാതഭക്ഷണത്തിനുള്ള വിഭവങ്ങൾ തയറാക്കി കൃത്യം അഞ്ചുമണിക്ക് അവർ ഭക്ഷണസ്റ്റാളിലെത്തും. നാഗ്പുർ സ്റ്റൈൽ സ്പെഷൽ ‘റ്റാരി പൊഹ’യാണ് അവിടുത്തെ പ്രധാന വിഭവങ്ങളിലൊന്ന്. വില 10 രൂപ. പിന്നെ ആലുബോണ്ട. ഒരു പ്ലേറ്റിന് 15 രൂപ. വീട്ടുവാടകയ്ക്കും ജീവിതച്ചെലവിനുമാണ് അവരുടെ ഈ കഠിനാധ്വാനം.
ഫുഡ്വ്ലോഗർമാരായ വിവേകും ആയേഷയും ‘ഈറ്റോഗ്രാഫേഴ്സ്’ എന്ന അവരുടെ സമൂഹമാധ്യമ പേജിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ജീവിതസായാഹ്നത്തിലും അധ്വാനിച്ചു ജീവിക്കുന്ന ദമ്പതികളുടെ കഥ ലോകമറിഞ്ഞത്. നാഗ്പുരിലെ പണ്ഡിറ്റ് നെഹ്റു കോൺവെന്റിലുള്ള പ്രകാശ് പാൻ കോർണറിലെ ഭക്ഷണ സ്റ്റാളിൽ രാവിലെ ആറു മുതൽ വൈകിട്ടു നാലു വരെ സ്വാദിഷ്ഠമായ ഭക്ഷണവുമായി ഈ ദമ്പതികളുണ്ടാവുമെന്നും നാഗ്പുരിലുള്ളവരും അവിടെയെത്തുന്ന വിദേശസഞ്ചാരികളുൾപ്പെടെയുള്ളവരും ഈ ഭക്ഷണശാല തീർച്ചയായും സന്ദർശിക്കണമെന്നും അഭ്യർഥിച്ചുകൊണ്ടാണ് ഫുഡ്വ്ലോഗർമാർ വിഡിയോ പങ്കുവച്ചത്.
വിഡിയോ പങ്കുവച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും പതിനായിരക്കണക്കിന് ആളുകളാണ് ആ ദമ്പതികളുടെ കഠിനാധ്വാനത്തെ നമിച്ചുകൊണ്ട് വിഡിയോയ്ക്കു താഴെ കമന്റുകളുമായെത്തിയത്. അതിൽ ദമ്പതികളൊരുക്കിയ ഭക്ഷണം കഴിച്ചവരുമുണ്ടായിരുന്നു. വളരെ രുചികരമായ ഭക്ഷണമാണ് വയോധിക ദമ്പതികൾ നൽകുന്നതെന്നും പണം ധൂർത്തടിക്കുന്നവർ ആ പണമുപയോഗിച്ച് ഇവരുടെ കൈയിൽനിന്ന് ഭക്ഷണം വാങ്ങിച്ചാൽ അത് ദമ്പതികൾക്ക് വളരെ പ്രയോജനം ചെയ്യുമെന്നും കമന്റിട്ടവരും കുറവല്ല.
ഇത്ര കഷ്ടപ്പാടിനിടയിലും പൂർണചന്ദ്രനെപ്പോലെ തെളിഞ്ഞ ചിരിയോടെ ഭക്ഷണമൊരുക്കുന്ന ആ അമ്മയുടെ മുഖം കാണുമ്പോൾത്തന്നെ മനസ്സ് നിറയുന്നു എന്നു പറഞ്ഞാണ് ചിലയാളുകൾ ആ വിഡിയോ പങ്കുവച്ചത്. ജീവിത വിജയത്തിന് കുറുക്കു വഴികളില്ലെന്നും അധ്വാനത്തിന്റെ വിലയെന്താണെന്ന് സ്വജീവിതത്തിലൂടെ കാണിച്ചു തരുകയാണ് ആ ദമ്പതികളെന്നും പറഞ്ഞുകൊണ്ടാണ് മറ്റുചിലർ ദമ്പതികളെ പിന്തുണയ്ക്കുന്നത്.
Content Summary : Nagpur Couple Sells Poha To Earn A Living, People Salute Their Spirit