ADVERTISEMENT

സാമ്പാറും ചമ്മന്തിയും കൂട്ടി ഇഡ്ഡലി കഴിക്കാറുണ്ട്. എന്നാൽ ഇഡ്ഡലിക്കകത്ത് സാമ്പാറൊഴിച്ചു തയാറാക്കുന്ന ഇഡ്ഡലി കഴിച്ചിട്ടുണ്ടോ?. പോക്കറ്റിലൊതുങ്ങുന്ന വിലയിൽ വ്യത്യസ്തമായ ഇഡ്ഡലി വിൽക്കുന്നൊരിടമുണ്ട് അങ്ങ് നാഗ്പുരിൽ. അടുത്തിടെ ഒരുക്കിയ കറുത്ത ഇഡ്ഡലിയുടെ പേരിൽ വിവാദത്തിലും ഇടംപിടിച്ചു ആ ഇഡ്ഡലിക്കട. ആവിയിൽ വേവുന്ന ഇഡ്ഡലി പോലെ ആരോഗ്യകരമായി വിമർശനത്തെയും സ്വീകരിക്കുന്ന വിശാല ഹൃദയനാണ് ആ കടയുടെ ഉടമ കുമാർ എസ്. റെഡ്ഡി. ഒരുതട്ട് ഇഡ്ഡലി വേവുന്ന സമയത്തിനുള്ളിൽ ആ കഥയൊന്നു കേട്ടുവന്നാലോ?.

 

രാജ്യാന്തര കമ്പനികളുടെ ബിസിനസ്സ് തലപ്പത്തു നിന്ന് സ്ട്രീറ്റ്ഫുഡ് ലോകത്തേക്ക് ചുവടുവച്ചിട്ട് വർഷം അഞ്ചായെങ്കിലും കുമാർ റെഡ്ഡിയുടെ പേര് വിവാദങ്ങളിൽ ഇടംപിടിച്ചത് ഇതാദ്യമായാണ്. ‘വിഷവിമുക്ത ഇഡ്ഡലി’

എന്ന ലേബലോടെയാണ് ഒരാഴ്ച മുൻപ് കറുത്ത ഇഡ്ഡലിയുടെ വാർത്ത വെർച്വൽ ലോകത്ത് കറങ്ങിനടന്ന് വൈറലായത്. ‘ഗർഭിണികൾ കഴിക്കാൻ പാടില്ല’ എന്ന മുന്നറിയിപ്പും ഒപ്പമെത്തിയപ്പോൾ ഇഡ്ഡലിമാവ് പുളിച്ചു പൊങ്ങുന്നതിനേക്കാൾ വേഗത്തിൽ വിവാദങ്ങൾ പതഞ്ഞു തുടങ്ങി. 

 

ബിസിനസ് മേധവിയുടെ കുപ്പായമഴിച്ചുവച്ച് ഇഡ്ഡലിയുടെ രുചിഭേദങ്ങളൊരുക്കി സ്ട്രീറ്റ്ഫുഡ് ലോകത്തേക്ക് കരിയർ പറിച്ചു നട്ടതിനെപ്പറ്റിയും വിവാദ ഇഡ്‍ഡലിയുടെ പ്രിപ്പറേഷൻ വിശേഷങ്ങളെപ്പറ്റിയും കുമാർ റെഡ്ഡി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ പറയുന്നതിങ്ങനെ:

 

‘‘ഇഡ്ഡലിയെക്കുറിച്ച് പറയുന്നതിനു മുൻപ് ഞാൻ എന്റെ അമ്മയെക്കുറിച്ച് പറയാം. അഞ്ചുവർഷം മുൻപ് അമ്മയുടെ പിറന്നാൾ ദിനത്തിലാണ് All About Idli  (AAI) എന്ന ഇഡ്ഡലിയുടെ രുചിലോകം നാഗ്പുരിൽ പിറന്നു വീണത്. ‘ആയി’ എന്നാൽ അമ്മ എന്നർഥം. ‘ഇഡ്ഡലിയെക്കുറിച്ച് എല്ലാം’ എന്ന അർഥവും അമ്മസ്നേഹവും കൂടിച്ചേർന്നപ്പോൾ ആ രുചിയിടത്തിന്റെ പേര് ‘ആയി’ എന്നായി. എല്ലാ വർഷവും അമ്മയുടെ പിറന്നാൾ ദിനത്തിൽ, വിശന്ന വയറുകൾക്ക് സൗജന്യമായി ഇഡ്ഡലി വിളമ്പാറുണ്ട്.

Kumar .S. Reddy.  Photo Credit: Facebook
കുമാർ എസ്. റെഡ്ഡി. Photo Credit: Facebook

 

എഴുപതിലധികം രുചിഭേദങ്ങളാണ് ‘ആയി’യിൽ വിളമ്പുന്നത്. നൂറിലധികം ഇഡ്ഡലി വിഭവങ്ങളുടെ പരീക്ഷണം പുരോഗമിക്കുന്നുണ്ട്. പരമ്പരാഗത മൂല്യങ്ങൾ കൈവിടാതെ സമകാലിക രുചിയിലെ വൈവിധ്യങ്ങളും ഉൾപ്പെടുത്തിയ ഒരു ഫ്യൂഷൻ പാചകരീതിയാണ് റെഡ്ഡി പിന്തുടരുന്നത്. ബ്ലാക്ക് ഇഡ്‌ഡലി, കോൺ ഇഡ്‌ഡലി, ഇഡ്‌ഡലി കബാബ്, ഇഡ്‌ഡലി സമോസ, ഇഡ്‌ഡലി പറാത്ത, വെജ്കീമ ഇഡ്‌ഡലി, മുളപ്പിച്ച പയർ വർഗങ്ങൾ കൊണ്ടുള്ള ഇഡ്‌ഡലി, ഹാരാബാര ഇഡ്‌ഡലി, ട്രൈ കളർ ഇഡ്‌ഡലി അങ്ങനെ പോകുന്നു ഇഡ്‌ഡലി രുചിയുടെ നീണ്ടനിര. 

 

ഇഡ്‌ഡലി വിളമ്പുമ്പോഴുള്ള ഏറ്റവും വലിയ സന്തോഷങ്ങളെക്കുറിച്ച് റെഡ്ഡി പറയുന്നതിങ്ങനെ : ‘‘ പൊതുവേ കുട്ടികൾ മുളപ്പിച്ച പയർ വർഗങ്ങളോട് അത്ര താൽപര്യം കാട്ടാറില്ല. ഭക്ഷണത്തിൽനിന്ന് അവ സൂത്രത്തിൽ ഒഴിവാക്കും. എന്നാൽ ഇവിടുത്തെ ഇഡ്‌ഡലി  കുട്ടികൾ കഴിക്കുമ്പോൾ അവരറിയാതെതന്നെ പയർവർഗങ്ങൾ അവരുടെ ഉള്ളിലെത്തും. അതുകാണുമ്പോൾ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്കും സന്തോഷം തോന്നാറുണ്ട്’’.

 

എത്രയുണ്ടാക്കിയാലും തീരാത്ത ഇഡ്ഡലി പോലെയാണ് റെഡ്ഡിയുടെ ഇഡ്ഡലി വിശേഷങ്ങൾ. റെഗുലർ, പ്രീമിയം, എക്സ്ട്രാ പ്രീമിയം എന്നിങ്ങനെ മൂന്നു തരത്തിലാണ് ഇഡ്ഡലിയെ തരംതിരിച്ചിരിക്കുന്നത്. ഇതിൽ എക്സ്ട്രാ പ്രീമിയം ഇഡ്ഡലികൾ വിളമ്പിത്തുടങ്ങിയിട്ടില്ലെന്നും ഏതാനും മാസത്തിനകം അത് ആരംഭിക്കുമെന്നും അതൊരു പക്ഷേ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഇഡ്ഡലികളായിരിക്കുമെന്നുമാണ് റെഡ്ഡി പറയുന്നത്.

 

പുറംചട്ടമാത്രം കണ്ട് ഒന്നിനെയും വിലയിരുത്തരുത്

 

കറുത്ത ഇഡ്ഡലിയെ സംബന്ധിച്ച വിവാദങ്ങൾക്ക് റെഡ്ഡി ഒറ്റവാക്കിൽ നൽകുന്ന മറുപടിയിതാണ്. ‘‘ എനിക്ക് വിമർശനം വളരെയിഷ്ടമാണ്. ഇഡ്ഡലിയുടെ നിറത്തെയാണ് പലരും വിമർശിക്കുന്നത്. അത് രുചിച്ചു നോക്കാത്തവരാണ് കണ്ണുമടച്ച് വിമർശിക്കുന്നത്. ചിരട്ട, ഓറഞ്ച് തൊലി, ബീറ്റ്റൂട്ട് ഇവയൊക്കെ വറുത്തെടുത്താണ് കറുത്ത ഇഡ്ഡലിക്കുള്ള മാവ് തയാറാക്കുന്നത്. ഇതിലുള്ളത് കഴിക്കാൻ സാധിക്കുന്ന കരിയാണ്. എന്റെ കുഞ്ഞുങ്ങൾക്ക് കഴിക്കാൻ പറ്റാത്തതൊന്നും ഞാൻ പാകം ചെയ്ത് ഉപഭോക്താക്കൾക്ക് വിളമ്പില്ല’’. 

 

വിമർശനങ്ങളാണെന്റെ പ്രചോദനം

 

‘‘വിമർശനങ്ങളോടു ദേഷ്യമില്ല. എന്റെ ഇഡ്ഡലിയെക്കുറിച്ചു വന്ന വാർത്ത വായിക്കാനിടയായപ്പോൾ പലരും അതിന്റെ നിറത്തെ വിമർശിച്ചു. വിമർശകരിലൊരാൾ ചോദിച്ചത് എങ്കിൽപിന്നെ മഴവിൽ നിറത്തിലുള്ള ഇഡ്ഡലി ഉണ്ടാക്കിക്കൂടേയെന്നാണ്. ആ വിമർശനത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് മഴവിൽ ഇഡ്ഡലി തയാറാക്കാനുള്ള ഒരുക്കത്തിലാണ് ഞാനിപ്പോൾ’’ – റെഡ്ഡി പറയുന്നു.

 

വിഷവിമുക്ത ഇഡ്ഡലിയെന്നു ഞാൻ എവിടെയും പറഞ്ഞിട്ടില്ല

 

‘‘ഡീടോക്സ് ഇഡ്ഡലി എന്ന വാക്ക് ഞാൻ എങ്ങും ഉപയോഗിച്ചിട്ടില്ല. ഇഡ്ഡലിക്കടയിലെത്തിയ ചില വ്ലോഗർമാരാണ് ആ വാക്കുപയോഗിച്ചത്. അതോടെയാണ് കറുത്ത ഇഡ്ഡലിയുടെ വാർത്ത വൈറലായതും പിന്നാലെ വിവാദമായതും. മില്ലറ്റ് ഇഡ്ഡലിയാണ് കടയിൽ തയാറാക്കുന്നത്. പക്ഷേ കറുത്ത ഇഡ്ഡലി ഗർഭിണികൾ കഴിക്കാൻ പാടില്ല എന്നു പറഞ്ഞത് അതിൽ കരി ചേരുന്നതുകൊണ്ടാണ്. ആ കരി കഴിക്കാൻ പറ്റുന്നതാണ്. പക്ഷേ അത് കഴിച്ച് ഗർഭിണികൾക്ക് ഏതെങ്കിലും രീതിയിലുള്ള അസ്വസ്ഥത തോന്നാതിരിക്കാനാണ് കറുത്ത ഇഡ്ഡലി ഗർഭിണികൾ കഴിക്കരുതെന്നു പറഞ്ഞത്. ഡീടോക്സ് ഇഡ്ഡലി എന്ന വാക്കും ഗർഭിണികൾ കഴിക്കാൻ പാടില്ല എന്ന മുന്നറിയിപ്പും ഹൈലറ്റ് ചെയ്ത് വാർത്ത പരന്നപ്പോൾ അത് വിവാദമായി മാറി.’’

 

കറുത്ത ഇഡ്ഡലി പിറന്നത് അവന്റെ വാക്കുകളിലൂടെ

 

‘‘മില്ലറ്റ് ഇഡ്ഡലിയുമായി പരീക്ഷണം തുടങ്ങിയ സമയത്ത് എന്റെ സുഹൃത്ത് പങ്കുവച്ച ആശയത്തിൽ നിന്നാണ് കറുത്ത ഇഡ്ഡലിയുടെ പിറവി. ‘എന്തുകൊണ്ടാണ് എല്ലാവരും വെളുത്ത ഇഡ്ഡലിയും കാരറ്റ് ചേർത്ത കളർ ഇഡ്ഡലിയും മാത്രം വിളമ്പുന്നത്. നിനക്ക് കറുത്ത ഇഡ്‌ഡലി പോലെ യുണീക്ക് ആയി എന്തെങ്കിലും ചെയ്തൂടെ?’. അവനിതു പറഞ്ഞു തീർന്നതും എന്റെ മനസ്സിൽ തോന്നിയ ആദ്യവാക്ക് അസാധ്യം എന്നാണ്. പക്ഷേ അപ്പോഴും അവന്റെ വാക്കുകൾ എന്റെ ഉള്ളിലുണ്ടായിരുന്നു. അങ്ങനെയാണ് കറുത്ത ഇഡ്ഡലി ഉണ്ടായത്.’’

 

ഇഡ്ഡലിയിലെ ആദ്യ പരീക്ഷണം കണവമുട്ടകൊണ്ട്, പിന്നെയതുപേക്ഷിച്ചു

 

പരീക്ഷണങ്ങളുടെ ആദ്യ ഘട്ടത്തിൽ ഇഡ്ഡലിയുണ്ടാക്കാനായി കണവമുട്ട ഉപയോഗിച്ചിരുന്നെന്നും അധികം വൈകാതെ ആ ശ്രമമുപേക്ഷിച്ചെന്നും റെഡ്ഡി പറയുന്നു. തന്റെ ഉപഭോക്താക്കളിൽ ഭൂരിപക്ഷവും സസ്യഭുക്കുകളായിരുന്നതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് റെഡ്ഡിയുടെ വിശദീകരണം. കഴിക്കാൻ സാധിക്കുന്ന തരത്തിലുള്ള കറുപ്പ് നിറമുണ്ടാക്കാനുള്ള കൂട്ടുകൾ കണ്ടെത്താൻ പരമ്പരാഗത മാർഗത്തെയാണ് താൻ കൂട്ടുപിടിച്ചതെന്നും ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ റെഡ്ഡി പറയുന്നു.

 

കറുത്ത ഇഡ്ഡലിയുടെ കൂട്ടൊരുക്കുന്നതിങ്ങനെ

 

ചിരട്ട, ഓറഞ്ച് തൊലി, ബീറ്റ്റൂട്ട് ജ്യൂസ്, ബീറ്റ്റൂട്ട് പൾപ് തുടങ്ങിയവ ഉപയോഗിച്ചാണ് കറുത്ത ഇഡ്ഡലിക്കുള്ള മാവ് തയാറാക്കുന്നത്. ഏറെ ശ്രമകരമായ, ധാരാളം സമയമെടുക്കുന്ന പ്രക്രിയയാണത്. ആദ്യം ചേരുവകളെല്ലാം നന്നായി ഉണക്കിയെടുക്കണം. അവ കരിച്ചെടുക്കുകയല്ല, ഒന്നരയിഞ്ച് തവയിലിട്ട് എണ്ണയൊഴിക്കാതെ വറുത്തെടുക്കുകയാണ് ചെയ്യുന്നത്. ഇതിൽ ഉപയോഗിക്കുന്ന ചേരുവകളെല്ലാം പ്രകൃതിദത്തമാണ്. ഒരു തരത്തിലുള്ള രാസവസ്തുക്കളും ഉപയോഗിക്കുന്നില്ല. അങ്ങനെയാണ് കറുത്ത പൊടി തയാറാക്കിയെടുക്കുന്നത്. ശേഷം അത് റവയിൽ മിക്സ് ചെയ്താണ് ഇഡ്ഡലി തയാറാക്കുന്നത്.

 

ഫുഡ്‌വ്ലോഗർമാരായ വിവേകിന്റെയും ആയിഷയുടെയും സമൂഹമാധ്യമപേജിൽ പങ്കുവയ്ക്കപ്പെട്ട വിഡിയോയിലൂടെയാണ് ബ്ലാക്ക് ഇഡ്ഡലി വൈറലായത്. കരികൊണ്ട് തയാറാക്കുന്നതിനാലാണ് വ്ലോഗേഴ്സ് അതിനെ ഡീടോക്സ് ഇഡ്ഡലി എന്ന പേരിൽ പ്രചരിപ്പിച്ചത്. ഭക്ഷണ പ്രേമികളിൽ പലർക്കും ബ്ലാക്ക് ഇഡ്ഡലി അത്ര ബോധിച്ച മട്ടില്ല. ‘വെളുത്ത ഇഡ്ഡലിക്ക് എന്താ കുഴപ്പം?’, ‘സഹോദരാ ഇഡ്ഡലിയെ ഇങ്ങനെ നാണം കെടുത്തല്ലേ’ തുടങ്ങിയ കമന്റുകളിലൂടെയാണ് അത്തരക്കാർ തങ്ങളുടെ ധാർമിക രോഷം പ്രകടിപ്പിച്ചത്. വിമർശനങ്ങളിൽ നിന്നുപോലും  പുതുരുചി കണ്ടെത്തുന്ന ഹരത്തിൽ കുമാർ റെഡ്ഡിയും ഉത്സാഹത്തോടെ മുന്നോട്ടു തന്നെ.

 

Content Summary : Truth Behind Viral And Controversial Detox Black Idli Sells By Nagpur Eatery 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com