ADVERTISEMENT

ആഘോഷങ്ങളുടെ നാടാണ് കൊൽക്കത്ത. വൈവിധ്യങ്ങൾ കൊണ്ട് ഭക്ഷണപ്രിയരുടെ മനസ്സു നിറയ്ക്കുന്ന മാസ്മരികതയും ചരിത്രമുറങ്ങുന്ന ഈ നഗരത്തിനുണ്ട്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽനിന്നു വ്യത്യസ്തമായ ഭക്ഷണ സംസ്കാരവും ഭക്ഷണ രീതിയും പിന്തുടരുന്ന കൊൽക്കത്തയുടെ രുചിക്കൂട്ട് ഒരിക്കൽ അറിഞ്ഞവരാരും പിന്നീടത് മറക്കില്ല. കൊൽക്കത്തയുടെ പെരുമയും രുചിമുകുളങ്ങളെ ത്രസിപ്പിക്കുന്ന വിഭവങ്ങളും തൊട്ടറിഞ്ഞ അനുഭവം പങ്കുവയ്ക്കുകയാണ് ട്രാവൽ വ്ലോഗറായ ബൽറാം മേനോൻ. 

 

മിനി ചൈന ടൗണിലെ ചൈനീസ് രുചികൾ 

kolkatha-food
ബൽറാം മേനോൻ

 

കേരളത്തിലടക്കം ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇന്നു സുലഭമായ ഒട്ടുമിക്ക ചൈനീസ് വിഭവങ്ങളുടെയും രുചികൾ ആദ്യമായി ഇന്ത്യക്കാരെ അറിയിച്ചത് കൊൽക്കത്തയാണെന്ന് നിസംശയം പറയാം. പക്കാ ചൈനീസ് രീതിയിലുള്ള പ്രഭാതഭക്ഷണം വിളമ്പുന്ന തീരേത്തി ബസാറുണ്ട് ഇവിടെ. പുലർച്ചെ അഞ്ചു മണിക്ക് ആരംഭിക്കുന്ന ബസാറിനെ മിനി ചൈനാടൗൺ എന്നു തന്നെ വിശേഷിപ്പിക്കണം. എണ്ണത്തിൽ വളരെ കുറവാണെങ്കിലും കൊൽക്കത്തയിൽ കഴിയുന്ന ചൈനീസ് വംശജർക്കായി ചൈനീസ് വിഭവങ്ങളും ഇന്തോ-ചൈനീസ് വിഭവങ്ങളും ഒരുക്കിയാണ് തിരേത്തി ബസാർ കാത്തിരിക്കുന്നത്. മോമോസ്, വോൺടോൺ, പാൻ നൂഡിൽസ് തുടങ്ങി ഇവിടെനിന്നു സ്പെഷൽ ചൈനീസ് ഭക്ഷണം ആസ്വദിക്കാൻ എത്തുന്നവർ നിരവധിയാണ്. 

 

ഉരുളക്കിഴങ്ങു ചേർത്ത പ്രത്യേക ബിരിയാണി 

 

കൊൽക്കത്തയിൽ എത്തുന്നവർ തീർച്ചയായും സ്വാദറിയേണ്ട വിഭവമാണ് കൊൽക്കത്ത ബിരിയാണി. മട്ടൻ ബിരിയാണി, ചിക്കൻ ബിരിയാണി, പോർക്ക് ബിരിയാണി അങ്ങനെ ഏതുതരം ബിരിയാണിയുമാകട്ടെ അതിലെ കൂട്ടുകളിലും രുചിയിലും കൊൽക്കത്ത ബിരിയാണി വേറിട്ടുതന്നെ നിൽക്കും. വലിയ ഉരുളക്കിഴങ്ങ് അപ്പാടെ ചേർത്ത് ദം ചെയ്യുന്നുവെന്നതാണ് കൊൽക്കത്ത ബിരിയാണിയുടെ പ്രധാന പ്രത്യേകത. കൊൽക്കത്ത ബിരിയാണി നഗരത്തിൽ സുലഭമാണെങ്കിലും ദാദാ ബൗധി എന്ന പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഹോട്ടലാണ് ഏവരുടെയും ഇഷ്ട കേന്ദ്രം. അരനൂറ്റാണ്ടിലധികം പഴക്കമുള്ള ഈ ഹോട്ടലിൽ എപ്പോഴും കൊൽക്കത്ത ബിരിയാണി തേടിയെത്തുന്നവരുടെ നീണ്ട നിരതന്നെ ഉണ്ടാവും. മസാലകളുടെയും എസെൻസുകളുടെയും അതിപ്രസരമില്ലാത്ത ഒരു സ്പെഷൽ ആവാദി സ്റ്റൈൽ ബിരിയാണിയാണ് ഇവിടുത്തേത്. 

 

മറ്റൊരു പ്രധാന ബിരിയാണി കേന്ദ്രമാണ് അർസലാൻ. ദുൽഖർ സൽമാന്റെ ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ എന്ന സിനിമയുടെ ആരാധകർക്ക് ഒരുപക്ഷേ സുപരിചിതമായിരിക്കും ഈ പേര്. സിനിമയിൽ നായകൻ അർസലാൻ ബിരിയാണി കഴിക്കാനെത്തുന്ന രംഗംകണ്ട് കൊതിമൂത്തു ബിരിയാണിയുടെ രുചി അറിയുന്നതിനുവേണ്ടി മാത്രം കൊൽക്കത്തവരെ പോയ സുഹൃത്തുക്കളുണ്ട്. ഇത് ഒട്ടും അതിശയോക്തിയല്ല എന്ന് അർസലാൻ ബിരിയാണി രുചിച്ചറിഞ്ഞവർ നിസ്സംശയം പറയും. അർസലാൻ ബിരിയാണിയുടെ മണം പ്ലേറ്റിനു മുന്നിൽ എത്തുന്നവരുടെ ഹൃദയം ആദ്യം തന്നെ കീഴടക്കും. കൂട്ടുകളിൽ ഒന്നിന്റെപോലും രുചി മുന്നിട്ടു നിൽക്കാതെ കൃത്യമായ രീതിയിൽ പാകം ചെയ്തെടുക്കുന്ന അർസലാൻ ബിരിയാണി കഴിക്കാനായി ഒന്നല്ല അതിലധികം തവണ കൊൽക്കത്തയിൽ എത്തിയാലും നഷ്ടമാവില്ല. 

 

ബംഗാളികൾക്കും പ്രിയം ചോറും മീനും 

 

സംസ്കാരത്തിലും രുചിവൈവിധ്യങ്ങളിലും തികച്ചും വ്യത്യസ്തത പുലർത്തുന്നുണ്ടെങ്കിലും കേരളവും ബംഗാളും തമ്മിൽ ഭക്ഷണരീതിയിൽ ഒരു സാമ്യമുണ്ട്. മലയാളികളെ പോലെ ബംഗാളികളുടെയും പ്രധാന ഭക്ഷണം ചോറും മീനുമാണ്. കേരളത്തിലേതുപോലെതന്നെ വ്യത്യസ്തതരം മീൻവിഭവങ്ങളാണ് ഇവിടെ പാകം ചെയ്യപ്പെടുന്നത്. എന്നാൽ പാചകത്തിന് കടുകെണ്ണയാണ് ഉപയോഗിക്കുന്നതന്ന് മാത്രം. മസാലകളും അധികം ഉപയോഗിക്കാറില്ല.  അതിനാൽ  കൊൽക്കത്തയിലെത്തി ചോറും മീനും ആസ്വദിച്ചു കഴിക്കാം എന്ന് കരുതുന്ന മലയാളികൾക്ക് ചിലപ്പോൾ നിരാശരാകേണ്ടി വന്നേക്കാം. 

 

മധുരങ്ങളുടെ സ്വന്തം കൊൽക്കത്ത

 

മധുര വിഭവങ്ങളുടെ കാര്യത്തിൽ കൊൽക്കത്തയെ തോൽപിക്കാൻ മറ്റൊരു സ്ഥലവും ഇന്ത്യയിൽ തന്നെ ഉണ്ടാവില്ല. വ്യത്യസ്ത മധുര വിഭവങ്ങൾ ഒരുക്കി വയറും മനസ്സും കീഴടക്കുന്ന ചെറുതും വലുതുമായ നിരവധി സ്വീറ്റ് ഷോപ്പുകൾ ഉണ്ട് കൊൽക്കത്തയിൽ. ബൽറാം സ്വീറ്റ് ഷോപ്പ് എന്ന കടയാണ് ഇതിൽ എടുത്തു പറയേണ്ടത്. സുഭാഷ്ചന്ദ്രബോസും അഷുതോഷ് മുഖർജിയുമൊക്കെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരിടമാണ് ഇത്. ചോംചോം, കാലാ ജാമുൻ, റാബ്രി, ചെനാർ ജിലേബി എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര മധുര വിഭവങ്ങളാണ് ഇവിടെയുള്ളത്. 

 

മത്തു പിടിപ്പിക്കുന്ന മധുരം മൂലം കഴിക്കാനാവാത്തവയാണ് ബംഗാളി സ്വീറ്റ്സ് എന്ന് കരുതിയെങ്കിൽ തെറ്റി. മിതമായ മധുരത്തിൽ മറ്റ് ചേരുവകളുടെയെല്ലാം സ്വാദ് കൃത്യമായി നാവിനറിയാവുന്ന പാകത്തിലാണ് ഇവ ഉണ്ടാക്കുന്നത്. 

 

ഇവയ്ക്കെല്ലാം പുറമേ കൊൽക്കത്തയുടെ സ്വന്തം കാഠി റോളും കച്ചോരിയുമടക്കം ഒന്നോ രണ്ടോ യാത്രകൊണ്ട് രുചിച്ചറിയാനാവാത്തത്ര വിഭവങ്ങളാണ് സന്ദർശകർക്കായി ആ നഗരം ഒരുക്കിയിരിക്കുന്നത്. എന്തും ഏതും ആഘോഷമാക്കുന്ന കൊൽക്കത്തക്കാർക്ക് സ്വാദേറിയ ഭക്ഷണവും അങ്ങനെതന്നെ.

 

English Summary : Take a gastronomic tour through the best food joints in Hyderabad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com