എല്ലുമുറിയെ പണിയെടുത്താലും ഒരു ക്ഷീണവുമില്ല; രാവിലെ ഇതൊരു പിടിപിടിച്ചാൽ ‘പറന്നുനിൽക്കും’
Mail This Article
ഇടുക്കിയുടെ രുചിവഴികളിലൂടെ യാത്ര ചെയ്താൽ ആദ്യം നാവിൻ തുമ്പിലേക്ക് എത്തുന്നതു പഴയ കുടിയേറ്റ കാലത്തിന്റെ എരിവും പുളിയുമൊക്കെയാവും. കാടിനോട് ഇണങ്ങിയും പിണങ്ങിയും ജീവിതം കെട്ടിപ്പടുത്ത ഇടുക്കിക്കാരുടെ രുചിക്കൂട്ടുകളിൽ എരിവും പുളിയും ഇത്തിരി കൂടിയില്ലെങ്കിലേ അതിശയമുള്ളൂ!. ഇടുക്കിക്കാരുടെ ഭക്ഷണ മേശകളെ അലങ്കരിക്കുന്ന മാംസ വിഭവങ്ങളിൽ ‘ബീഫ്’ തന്നെയാണ് മുൻപൻ. ‘എല്ലും കപ്പേം’ (കപ്പ ബിരിയാണി, ഏഷ്യാഡ്), എല്ലുകറി, ഇടിയിറച്ചി എന്നിവ തനത് വിഭവങ്ങളാണ്. നാടൻകോഴിയും പന്നിയും മുയലുമെല്ലാം ഇഷ്ടവിഭവങ്ങളുടെ പട്ടികയിലുണ്ട്. മീൻ വിഭവങ്ങളുടെ കാര്യത്തിൽ കുടംപുളിയിട്ടു വറ്റിച്ച നല്ല ആറ്റുമീൻ കറിയാണ് പ്രത്യേകത. ചെണ്ടൻ കപ്പേം, കപ്പ പുഴുങ്ങിയതുമാണ് കറിക്കൂട്ടുകൾക്ക് പ്രത്യേക കോംബിനേഷൻ.
വിളവെടുപ്പു സീസണുകളിൽ കറികളൊന്നും ഇല്ലാതെ ആവോളം ആസ്വദിക്കാവുന്ന കൂട്ടുപുഴുക്കിന്റെ രഹസ്യവും ഇടുക്കിക്കാരനു സ്വന്തം. കപ്പയും കാച്ചിലും ചേമ്പും, കടലയും പയറുമെല്ലാം ചേർത്ത് വേവിച്ച ശേഷം തേങ്ങയും കാന്താരിയും പേരിന് അൽപം പെരുംജീരകവും അരച്ച് ചേർത്ത് വാങ്ങിയാൽ സമ്പുഷ്ട ഭക്ഷണമായി.
പഴങ്കഞ്ഞി, തൈര്, കാന്താരി..എന്താ കോംബിനേഷൻ?
രാവിലെ തൂമ്പയും എടുത്ത് പറമ്പിലേക്ക് ഇറങ്ങുന്നതിനു മുൻപ് പഴങ്കഞ്ഞിയിൽ തൈര് ഒഴിച്ച് കാന്താരി മുളകും ഉള്ളിയും ഞെരടിയിട്ട് ഒരു പിടിപിടിക്കും ഇടുക്കിക്കാർ. ഇതാണ് ആരോഗ്യത്തിന്റെ രഹസ്യമെന്നു കാർന്നോൻമാർ. പറമ്പിൽ എല്ലുമുറിയെ പണിയെടുത്താലും ഒരു ക്ഷീണവും അറിയില്ലത്രേ!. വൈകിട്ട് കട്ടൻ കാപ്പിയുടെ കൂടെ ചെണ്ടമുറിയൻ കപ്പേം കാന്താരിച്ചമ്മന്തിയും ഉണ്ടേൽ ഉഷാർ. തൊടിയിൽ നിന്നു അപ്പോൾതന്നെ പറിച്ചെടുക്കുന്ന കാന്താരിമുളക്, അരകല്ലേൽ ഒരു നുള്ള് കല്ലുപ്പും ഒന്നോ രണ്ടോ ഉള്ളിയും ചേർത്ത് അരച്ചെടുക്കും. എരിവ് കുറയ്ക്കണമെന്ന് തോന്നിയാൽ അൽപം വെളിച്ചെണ്ണ ചേർക്കും. ഇതും തൊട്ടുകൂട്ടി ചെണ്ടമുറിയൻ കപ്പ ഒരു കലം വരെ ഒറ്റയിരുപ്പിൽ തീർക്കാറുണ്ടായിരുന്നെന്നു പഴയ കാർന്നോൻമാർ ഇപ്പോഴും വീമ്പ് പറയാറുണ്ട്.
ചക്കപ്പുഴുക്ക് മുതൽ ചക്കക്കുരു വറുത്തതു വരെ
ചക്കക്കാലമായാൽ, ചക്കകൊണ്ടുള്ള വിഭവങ്ങൾ ഇല്ലാത്ത വീടുകൾ ഇല്ലെന്നുതന്നെ പറയാം. രാവിലെ പഴങ്കഞ്ഞിയിൽ ചക്കക്കുരു മാങ്ങാ കൂട്ടുകറി ചേർത്ത് ഇളക്കി കഴിക്കും. പിന്നെ, 10 മണി കഴിഞ്ഞാൽ ചക്കുപ്പുഴുക്കും കാന്താരിച്ചമ്മന്തിയും, ഉച്ചയ്ക്കു ചോറിന്റെ കൂടെയും ചക്കക്കുരു കറി നിർബന്ധം. അടമഴയുള്ള സമയങ്ങളിൽ പണിയൊന്നുമില്ലാതെ വീട്ടിലിരിക്കുന്ന നേരത്ത്, ഉണക്കി വച്ചിരിക്കുന്ന ചക്കക്കുരു കടല പോലെ ചട്ടിയിലിട്ട് വറുത്തെടുത്ത് തൊലികളഞ്ഞ് ചെറുകടിയായി കഴിക്കുമായിരുന്നു. വറുത്തെടുത്ത ചക്കക്കുരു അൽപം ശർക്കരയും തേങ്ങയും ചേർത്ത് ഉരലിലിട്ട് ഇടിച്ച് പൊടിച്ചെടുക്കുന്ന പതിവുമുണ്ടായിരുന്നു. എന്തു സ്വാദായിരുന്നെന്നോ ?. പുതിയ തലമുറയിലെ ഭക്ഷണ ശീലങ്ങൾക്ക് മാറ്റം വന്നെങ്കിലും പഴയ കാർന്നോന്മാരൊക്കെ ഉള്ള വീടുകളിൽ ഇപ്പോഴും ഈ ശീലം തുടരുന്നുണ്ട്.
ഒരു ‘പിടി’ പിടിച്ചാലുണ്ടല്ലോ ?!
പിടിയും നാടൻ കോഴിക്കറിയും ചേർത്തൊരു പിടിപിടിച്ചാലുണ്ടല്ലോ? ഇപ്പോഴും ആ രുചിക്കൂട്ട് ഇടുക്കിക്കാരുടെ പ്രിയ വിഭവങ്ങളിലുണ്ട്.
പച്ചരി പൊടിച്ച് വറുത്തെടുക്കും. ഇതിന്റെ കൂടെ ആവശ്യത്തിനു തേങ്ങയും ജീരകവും ചതച്ച് ചേർത്ത് പാകത്തിനു ചൂടു വെള്ളം ഒഴിച്ച് കുഴച്ചെടുക്കും. ഇതു ഉരുളകളാക്കി വയ്ക്കും. പിന്നെ, വെള്ളം തിളയ്ക്കുമ്പോൾ പാകത്തിന് ഉപ്പും ലേശം അരിപ്പൊടിയും ചേർക്കും.
ഇതിലേക്കു ഉരുളകൾ ഇടും. പിന്നെ കലം മൂടി വയ്ക്കും. വെട്ടിത്തിളയ്ക്കുമ്പോൾ മൂടി തുറന്ന് ഒരു തണ്ട് കറിവേപ്പില കൂടി ഇട്ടാൽ റെഡി. വാങ്ങിയെടുത്ത് ചൂടോടെ വാഴയിലയിൽ വിളമ്പാം. പിടിയ്ക്കൊപ്പം നാടൻ കോഴിക്കറിയാണ് പതിവ്.
English Summary : Idukki Special Food.