നെയ്യ് ദിവസേന ശീലമാക്കിയാൽ ചീത്ത കൊളസ്ട്രോൾ കൂടുമോ?
Mail This Article
പശുവിൻ നെയ്ക്ക് ഔഷധഗുണങ്ങൾ ഏറെയാണ്. ഒരേ സമയം ആഹാരവും ഔഷധവുമാണിത്. ശരീരത്തിനു പശുവിൻ പാലും മനസ്സിനു നെയ്യും ഉത്തമ സമീകൃതാഹാരമാണെന്നു പറയാം. അതിനാൽ തന്നെ ആയുർവേദത്തിൽ തലച്ചോർ സംബന്ധമായ രോഗങ്ങൾക്കും മാനസികരോഗങ്ങൾക്കുമുള്ള ചികിത്സയിൽ നെയ്ക്കു വളരെ പ്രാധാന്യമുണ്ട്.
ദിവസേന ചെറിയ അളവിലെങ്കിലും നല്ല പശുവിൻ നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആയുർവേദ സിദ്ധാന്തം. കുട്ടികളിലും പ്രായമേറിയവരിലും ഇത് ഒട്ടും ഒഴിവാക്കാനാകില്ല. തലച്ചോറിന്റെ പ്രവർത്തനങ്ങൾക്ക് ഊർജം നൽകാൻ അന്നജങ്ങൾ മതിയാകും. എന്നാൽ, മസ്തിഷ്ക കോശങ്ങളുടെ പോഷണത്തിനു നെയ്യ് അത്യന്താപേക്ഷിതമാണ്. നെയ്യിലടങ്ങിയിട്ടുള്ള പോഷകഘടകങ്ങളെല്ലാം മസ്തിഷ്കത്തിലെ വിവിധ രാസപ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്. മനുഷ്യ ശരീരത്തിന് ഏറ്റവും യോജിച്ച കൊഴുപ്പ് പശുവിൻ നെയ്യ് തന്നെയാണ്. നെയ്യ് ദിവസേന ശീലമാക്കിയാൽ ചീത്ത കൊളസ്ട്രോൾ കൂടുകയില്ലേ എന്നു സംശയം ഉണ്ടാകാം. വേണ്ട രീതിയിൽ വ്യായാമം ചെയ്യുന്നവരിൽ, മിതമായ രീതിയിൽ ആഹാരരൂപേണയും ഔഷധമായും നെയ്യ് ഉപയോഗിക്കുന്നത് കൊളസ്ട്രോൾ ലെവലിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നില്ലാ എന്ന് പഠനങ്ങൾ മൂലം തെളിയിക്കപ്പെട്ടിട്ടുണ്ട്. കൊഴുപ്പിൽ അലിഞ്ഞു ചേരുന്ന ഔഷധങ്ങൾ മാത്രമേ മസ്തിഷ്കത്തിലേക്കു പ്രവേശിക്കുകയുള്ളൂ എന്നതിനാൽ ഉന്മാദം, അപസ്മാരം, വിവിധ തരത്തിലുള്ള മറവി രോഗങ്ങൾ, മോട്ടോർ ന്യൂറോൺ ഡിസീസസ്, പാർക്കിൻസൺസ് രോഗം തുടങ്ങിയവയിൽ അതതു രോഗശമനങ്ങളായ ഔഷധങ്ങളെക്കൊണ്ട് സംസ്കരിച്ച നെയ്യ് ചികിത്സാർഥം ഉപയോഗപ്പെടുത്തുന്നത് വളരെ ഫലപ്രദമാണ്. നേത്രരോഗങ്ങൾക്ക്, ത്രിഫല ചേർത്തു കാച്ചിയ നെയ്യും രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ ഇന്ദുകാന്താഘൃതവും ത്വക്ക് രോഗങ്ങൾക്ക് തിക്തകഘൃതവും ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്. ത്വക്കിന്റെ ചുട്ടുനീറ്റൽ മാറ്റാൻ ശതധൗതഘൃതം പുറമേ പുരട്ടാവുന്നതാണ്. തീപ്പൊള്ളലിന് ഇത് നല്ല ഔഷധമാണ്.
മസ്തിഷ്ക പോഷണത്തിന് ആവശ്യമായ നെയ്യുടെ അഭാവം മൂലം ഭാവിയിൽ മസ്തിഷ്കാവയവ രോഗങ്ങൾക്ക് ഇടയാക്കാം. രോഗപ്രതിരോധത്തിനും പശുവിൻ നെയ്യ് ആവശ്യമാണെന്നർഥം.
English Summary : Is it unhealthy to include ghee in the daily diet of people with cholesterol?