ഇടിച്ചക്കയ്ക്കു പ്രിയമേറുന്നു; വിഷമേൽക്കാത്ത ജൈവഫലം
Mail This Article
നാട്ടിലും വിദേശത്തും ഇടിച്ചക്കയ്ക്കു പ്രിയമേറുന്നു. ഖത്തറിലും യുഎഇയിലും മറ്റും കിലോയ്ക്കു 200 രൂപ വരെ വിലയുണ്ട്. നാൽപ്പതിനും അൻപതിനും ഇടയിലാണ് നാട്ടിലെ വില.
മഞ്ഞുവീഴ്ച അധിക നാൾ നീണ്ടതിനാൽ ഇത്തവണ ഏറെ വൈകിയും പ്ലാവ് കായ്ക്കുന്നുണ്ട്. മൂപ്പേറിയ ചക്കകൾ വിൽക്കാനാണ് ആളുകൾ നേരത്തേ താൽപര്യം കാണിച്ചിരുന്നത്. എന്നാൽ, ആവശ്യക്കാർ വർധിച്ചതോടെ ഇടിച്ചക്ക ആകുമ്പോഴേക്കും വിൽക്കാനൊരുങ്ങുകയാണ്. ഇവ വാങ്ങി വിദേശത്തേക്കു കയറ്റി അയയ്ക്കാനായി ഇടനിലക്കാരുമുണ്ട്. പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ നിന്നായി ടൺക്കണക്കിന് ഇടിച്ചക്കയാണ് കയറ്റിപ്പോയത്.
ഇടിച്ചക്ക പോഷക സമൃദ്ധം
സസ്യാഹാരികളുടെ മാംസം എന്നറിയപ്പെടുന്ന, വിഷമേൽക്കാത്ത ജൈവഫലമാണ് ഇടിച്ചക്ക. ഊർജം, അന്നജം, ഭക്ഷ്യനാരുകൾ, മാംസ്യം, ബീറ്റ, കരോട്ടിൻ, വിറ്റാമിൻ ബി, കാത്സ്യം, ഇരുമ്പ് തുടങ്ങിയവ വിവിധ അളവിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധ ശേഷി വർധിപ്പിക്കാൻ കഴിയുന്ന ആന്റി ഓക്സിഡന്റുകളും ഇവയിലുണ്ട്. പ്രമേഹ രോഗികളും കൊളസ്ട്രോൾ കൂടിയവരും ഇതു കഴിക്കുന്നത് ഏറെ ഗുണകരമാണ്. കുടൽ ശുദ്ധീകരിക്കാനും ഉത്തമമാണ്. കാൻസർ പോലുള്ള മാരക രോഗങ്ങളെ തടഞ്ഞുനിർത്താനും കഴിയുന്നു.
ഇടിച്ചക്കയിൽ നിന്നു തോരൻ, തൈരുകറി, അച്ചാർ, ചമ്മന്തി, കട്ലറ്റ് തുടങ്ങിയ ഒട്ടേറെ ഭക്ഷ്യവിഭവങ്ങളും തയാറാക്കാം.
English Summary : Jack fruit is one of the seasonal products in Kerala and it is available in different varieties.