നല്ല വടിവൊത്ത റൈസും കിടുക്കൻ മസാലയും... മീനൂസ് ബിരിയാണി മുത്താണ്; വിഡിയോ കാണാം
Mail This Article
ചോറ്റാനിക്കര വഴി കോട്ടയത്തേക്ക് വിട്ടപ്പോളാണ് പെട്ടന്ന് നല്ല ഉഗ്രൻ ബിരിയാണിയുടെ മണം മൂക്കു തുളച്ചു കയറിയത്! നോക്കുമ്പോ ബിരിയാണി റെഡി ബോർഡ് തൂങ്ങിയാടുന്നു. തൊട്ടടുത്തു ഊണു റെഡി ബോർഡും. പിന്നെ ഒന്നും നോക്കിയില്ല, അമ്പാടിമലയിലെ മീനൂസ് ഹോട്ടലിനു മുന്നിൽ വണ്ടി സഡൻ ബ്രേക്ക്.
ഒരു ചെറിയ കടയാണ്, ബിരിയാണിയുടെ നല്ല അസല്‍ മണം ഒഴുകിയെത്തുന്നു. വിശന്നു കരിഞ്ഞ കൊടലിന്റെ മണം അതിലും ഹൈലെവലിൽ! ഓരോ പ്ലേറ്റ് കോയി ബിരിയാണീം ബീഫ് ബിരിയാണീം ഓർഡർ ചെയ്തു. ഒട്ടും വൈകാതെ ചൂടോടെ വന്നില്ലേ നല്ല ചൂടു പാറണ ബിരിയാണി! നല്ല വടിവൊത്ത റൈസും കിടുക്കൻ മസാലയും. തൊട്ടു കൂട്ടാൻ നല്ല കിടുക്കാച്ചി പുളിയുള്ള നാരങ്ങാ അച്ചാറും സവാളയിട്ട സള്ളാസും.
ചിക്കൻ ബിരിയാണി നല്ല ഉഷാറ് പീസുകളാണെങ്കില്‍, ബീഫ് ബിരിയാണിയിൽ ബീഫിന്റെ ആറാട്ടാണ്! ആ ചാറും ഇച്ചിരി ചിക്കനും ആ മുട്ടേടേ ഓരോ പീസും പിന്നെ ഇച്ചിരി സള്ളാസും കൂടി കൂട്ടി ഒരു പിടിയങ്ങാ പിടിച്ചിട്ടുണ്ടല്ലോ.. ആ അപ്പറത്തെ തട്ടിലിരിക്കണ അച്ചാറിലേക്ക് ഒരു രണ്ടു വെരൽ കമത്തി നാക്കിലോട്ടൊന്നു തൊട്ടു കൂട്ടിയോലൊണ്ടല്ലോ.... ന്റെ സാറേ പിന്നെ ചുറ്റുള്ളതൊന്നും മ്മക്ക് കാണാൻ കയ്യൂല്ല! ശ്ശ്... നല്ല എരി..!
കാശു കൊടുക്കാൻ നോക്കീപ്പോളല്ലേ.. വെറും 210 രൂപ.. ബില്ലൊന്നും മാറില്ലല്ലോ ചേട്ടാ.. അതു ബില്ല് മാറീതല്ല... മീനൂസിൽ ചിക്കൻ ബിരിയാണിക്ക 110 രൂപയും ബീഫ് ബിരിയാണിക്ക് 100 രൂപയുമാണ് റേറ്റ്! ചോറ്റാനിക്കര വഴി മുളന്തുരുത്തിക്കും കോട്ടയത്തിനും പോകുന്നവർക്ക് ഈ രുചി പരീക്ഷിക്കാം.
English Summary : Good place to have good food, Located at the ambadimala junction.