തണ്ണിമത്തൻ ഫ്രിജിൽ വച്ച് തണുപ്പിച്ച് കഴിക്കുന്നവർ ശ്രദ്ധിക്കുക...
Mail This Article
വേനൽക്കാലത്തെ എറ്റവും മികച്ച ഭക്ഷണമായി തണ്ണിമത്തൻ നമുക്കു സുപരിചിതമാണ്. തടി കുറയ്ക്കാൻ തണ്ണിമത്തൻ മാത്രം കഴിച്ചാൽ മതി എന്നൊരു ശീലവും വ്യാപകമായിട്ടുണ്ട്. ഫ്രിജിൽ വച്ച് തണുപ്പിച്ച് കഴിക്കുന്നവരാണു കൂടുതലും. തണുപ്പിക്കുമ്പോൾ പോഷകഗുണങ്ങൾ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണെന്നു പഠനങ്ങൾ പറയുന്നു. തണുപ്പിക്കാത്ത തണ്ണിമത്തനിൽ പോഷകങ്ങൾ കൂടുതൽ കണ്ടെത്തിയെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾചറിന്റെ പഠനം.
കൊഴുപ്പ് തീരെയില്ലാത്തതിനാൽ ആർക്കും കഴിക്കാവുന്നതാണ് തണ്ണിമത്തൻ. പ്രമേഹരോഗികൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ കഴിക്കാവൂ എന്നു മാത്രം. തണ്ണിമത്തനിൽ കൊളസ്ട്രോളിനുപുറമേ സോഡിയവും തീരെയില്ല. ഏകദേശം രണ്ടുകപ്പ് (280 ഗ്രാം) തണ്ണിമത്തനിൽ 270 മില്ലീഗ്രാം പൊട്ടാസ്യം (എട്ടു ശതമാനം ), 21 ഗ്രാം കാർബോ ഹൈഡ്രേറ്റ്,ഒരു ഗ്രാം പ്രോട്ടീൻ എന്നിങ്ങനെയാണ് അളവുകൾ. വൈറ്റമിൻ എ, സി എന്നിവയ്ക്കു പുറമേ ആന്റിബോഡി ഉൽപാദിപ്പിക്കുന്ന വൈറ്റമിൻ ബി6 ഇഷ്ടംപോലെ ഉണ്ട്. ചുവന്ന രക്താണുക്കളുടെ നിർമാണത്തിനും നാഡീവ്യവസ്ഥയുടെ പോഷണത്തിനും ഉത്തമം. കഴിച്ചാൽ കണ്ണിൽച്ചോരയില്ലാത്തവൻ എന്ന് ആരും പറയില്ല, ഉറപ്പ്
എന്നാൽ പിന്നെ തണ്ണിമത്തൻ കൊണ്ട് 4 വ്യത്യസ്ത രുചികൾ തണുപ്പിക്കാതെയും തണുപ്പിച്ചും!
1. വാട്ടർമെലൺ പ്ലം പഞ്ച്
ചേരുവകൾ:
- ബദാം - 5 എണ്ണം
- ഉണങ്ങിയ പുതിനയില - കുറച്ച്
- തണ്ണീർമത്തങ്ങ - 4 വലിയ കഷണങ്ങൾ (കുരു നീക്കിയത്)
- പഴുത്ത പ്ലം - 8 എണ്ണം
- കട്ടൻചായ - കാൽകപ്പ്
- നാരങ്ങാനീര് - 1 ടീസ്‌പൂ.
- ഉപ്പ്- അര ടീസ്‌പൂ.
- പഞ്ചസാര പൊടിച്ചത് - 1 ടേ. സ്‌പൂ.
തയാറാക്കുന്ന വിധം
ബദാം ഗ്രേറ്റ് ചെയ്യുക. പുതിനയില ഉണക്കിയത് കപ്പിൽ വച്ച് പൊടിച്ചു വയ്‌ക്കുക. ബാക്കി ചേരുവകൾ ഒരു ബ്ലെൻഡറിലാക്കി നന്നായടിച്ച് ഗ്ലാസുകളിലേക്കു പകരുക. ബദാമും പുതിനയിലയും മീതെ വിതറുക.
2. മിക്‌സഡ് ജ്യൂസ്
ചേരുവകൾ:
- തണ്ണീർമത്തങ്ങ നീര് - അര കപ്പ്
- കൈതച്ചക്ക നീര് - അര കപ്പ്
- മാമ്പഴച്ചാറ് - അര കപ്പ്
- മാമ്പഴ കഷണങ്ങൾ - അര കപ്പ്
- മാതളനാരങ്ങാനീര്-അര കപ്പ്
- നാരങ്ങാനീര് - 1 ടീസ്‌പൂ.
- ലെറ്റ്യൂസില - 2 എണ്ണം
- ഐസ് കട്ടകൽ - കുറച്ച്
തയാറാക്കുന്ന വിധം
ഗ്ലാസിൽ ഐസ് കട്ടകളിട്ട് മാമ്പഴക്കഷണങ്ങൾ ഇടുക. മറ്റു ചേരുവകൾ തണുപ്പിച്ച് ചേർത്ത് വിളമ്പാം.
3. ടുമാറ്റൊ - വാട്ടർമെലൺ സാലഡ്
ചേരുവകൾ:
- മുക്കാലിഞ്ച് വലിപ്പമുള്ള വാട്ടർമെലൺ ക്യൂബുകൾ - 5 കപ്പ്
- പഴുത്ത തക്കാളി - 2 കപ്പ് (മുക്കാലിഞ്ച് ക്യൂബുകൾ)
- വിനാഗിരി - അര കപ്പ്
- ഒലിവെണ്ണ (എക്‌സ്‌ട്ര വിർജിൻ) - കാൽ കപ്പ്
- കുരുമുളകുപൊടി - അര ടീസ്‌പൂ.
- ഉപ്പ് - അര ടീസ്‌പൂ.
- പഞ്ചസാര - 3 ടീസ്‌പൂ.
- ഉള്ളി - ഒന്ന് കനംകുറച്ചരിഞ്ഞത്
തയാറാക്കുന്ന വിധം
ഒരു വലിയ ബൗളിൽ വാട്ടർമെലണും തക്കാളിയും എടുക്കുക. ഉപ്പും പഞ്ചസാരയും ചേർത്ത് നന്നായിളക്കിപ്പിടിപ്പിക്കുക. 15 മിനിറ്റ് ഇങ്ങനെ വയ്‌ക്കുക. ഉള്ളി, വിനാഗിരി, ഒലിവെണ്ണ എന്നിവ ചേർക്കുക. അടച്ച് രണ്ടു മണിക്കൂർ തണുപ്പിക്കുക. ഫ്രിജിൽ വച്ച് കുരുമുളകുപൊടി വിതറി വിളമ്പുക.
4. വാട്ടർമെലൺ കുൽഫി
ചേരുവകൾ
- വാട്ടർമെലൺ ക്യൂബുകൾ - 6 കപ്പ്
- നാരങ്ങാനീര് - 1 ടേ. സ്‌പൂ.
- നാരങ്ങാ തൊലി ഗ്രേറ്റ് ചെയ്‌തത് - 1 ടേ. സ്‌പൂ.
- കുൽഫി മോൾഡുകൾ - 10 - 15 എണ്ണം
തയാറാക്കുന്ന വിധം
വാട്ടർമെലൺ ഒരു മിക്‌സിയിൽ നന്നായടിച്ച് എടുക്കുക. അല്ലെങ്കിൽ ജ്യൂസറിലാക്കി നീരെടുക്കുക. നാരങ്ങാനീരും തൊലി ഗ്രേറ്റ് ചെയ്‌തതും ചേർക്കുക. ഇത് ഒരു ബൗളിലേക്ക് അരിച്ചൊഴിക്കുക. ഇനിയിത് കുൽഫി മോൾഡുകളിലേക്ക് പകർന്ന് ഫ്രീസ് ചെയ്‌തെടുക്കുക. (കുൽഫി മോൾഡുകളിൽ സ്‌റ്റിക്കും കാണും. കട്ടിയായ ശേഷം മോൾഡിൽ നിന്നും വേർപെടുത്തി സ്‌റ്റിക്കിൽ പിടിച്ച് കഴിക്കാവുന്നതാണ്.)
English Summary : Watermelons storing in refrigerator might take away the goodness from the fruit.