കൊറിയൻ സീരീസുകളിൽ കഴിക്കാനെന്തുണ്ട്? കിംചി, ബിബിംബാംപ്, തക്ക്ബോക്കി...
Mail This Article
കൊറിയൻ ഡ്രാമാ സീരീസുകളായ കെ–ഡ്രാമയും പോപ് സംഗീതമായ കെ–പോപ്പും പുതുതലമുറയുടെ തലയ്ക്കു പിടിക്കുമ്പോൾ സീരീസുകളിലൂടെ പരിചയപ്പെടുന്ന കൊറിയൻ ഭക്ഷണങ്ങൾക്കും ആരാധകരേറെ. കൊറിയൻ ഭക്ഷണവും കഴിക്കുന്ന രീതിയുമെല്ലാം ഇങ്ങു കേരളത്തിലും ചർച്ചാവിഷയമാണ്. കൊറിയൻ ഊൺമേശയെന്നാൽ അതുവലിയ മുറി നിറയുന്ന മേശയല്ല. മറിച്ച്, ടീപോ എന്നു നമ്മൾ വിളിക്കുന്ന പൊക്കം കുറഞ്ഞ ചെറിയ മേശ. അതിനുചുറ്റും കൊരണ്ടി പോലുള്ള ഇരിപ്പിടത്തിലിരുന്നാണു കഴിക്കൽ. ബൗളുകളിൽ നിന്നു ചോപ് സ്റ്റിക്കിന്റെ സഹായത്തോടെ വളരെ വേഗത്തിലാണിത്. പച്ചക്കറികളും ഇറച്ചിയും മീനുമെല്ലാം പ്രിയ വിഭവങ്ങൾ. ഒട്ടേറെ സൈഡ് ഡിഷുകൾ ചെറു ബൗളുകളിലായി എടുത്തു ചോറിനൊപ്പം കഴിക്കും. കുറച്ചു ചോറ്, ഒരുപാട് സൈഡ് ഡിഷുകളെന്നതാണു രീതി.
സൈഡ് ഡിഷുകൾ
ഉള്ളി, സാലഡ് വെള്ളരി, ഉള്ളിത്തണ്ട്, കാരറ്റ്, ചീര തുടങ്ങിയവയൊക്കെ വെവ്വേറെ സൈഡ് ഡിഷാക്കും. സോയാ സോസും ഉപ്പും പഞ്ചസാരയും വെളുത്തുള്ളിയും എള്ളെണ്ണയും വെളുത്ത എള്ളുമൊക്കെ ചേർത്ത് ഒരു പേസ്റ്റ് ഉണ്ടാക്കി അതിൽ പച്ചക്കറികൾ അരിഞ്ഞിട്ടു വയ്ക്കും. ചിലതു ചെറുതായി വേവിച്ചും ചിലതു വേവിക്കാതെയും ഉപയോഗിക്കും. ഇവ കുറച്ചു ദിവസം ഫ്രിജിൽ വച്ചു രുചിപിടിച്ചു കഴിയുമ്പോഴാണു കഴിക്കുക.
കിംചി
കൊറിയൻ വീടുകളിലെ ഒഴിച്ചുകൂടാനാകാത്ത സൈഡ് ഡിഷുകളിൽ ഒന്നാണു കിംചി. പുളിപ്പിച്ചെടുത്ത പച്ചക്കറിയാണിത്. കാബേജ്, റാഡിഷ് കാരറ്റ്, ഉള്ളിത്തണ്ട്, പെപ്പർ ഫ്ലേക്സ്, വെളുത്തുള്ളി, ഇഞ്ചി എന്നിവയും മസാലപ്പൊടികളും സോസുകളും ചേർത്തുണ്ടാക്കുന്ന ഇവ കൊറിയയുടെ പരമ്പരാഗത ഭക്ഷണത്തിലെ പ്രധാനിയാണ്. ഗോച്ചുചങ് എന്ന കൊറിയൻ റെഡ് ചില്ലി പേസ്റ്റാണ് കിംചി ഉണ്ടാക്കാനായി പ്രധാനമായും ഉപയോഗിക്കുന്നത്. ഉപ്പും എരിവും പുളിയുമൊക്കെ ചേർന്നു വ്യത്യസ്ത രുചിയുള്ള ഇത് കറി പോലെയും പ്രധാന ഭക്ഷണമായും മറ്റു ഭക്ഷണമുണ്ടാക്കുമ്പോൾ ഒരു ചേരുവയായുമൊക്കെ ഉപയോഗിക്കാറുണ്ട്.
ബിബിംബാംപ്
കൊറിയൻ ഭക്ഷണത്തിൽ ഏറ്റവും മികച്ചതെന്നു മറ്റു രാജ്യക്കാർ പറയുന്നത് ബിബിംബാംപിനെയാണ്. ചോറ്, എണ്ണയിൽ ചെറുതായി വഴറ്റിയ വിവിധ പച്ചക്കറികൾ, ബീഫ്, പൊരിച്ചെടുത്ത ഒരു മുട്ട, റെഡ് ചില്ലി പെപ്പർ പേസ്റ്റ് എന്നിവ ചേർന്നതാണിത്. കേരളത്തിൽ ചട്ടിച്ചോറു വിളമ്പുന്ന പോലെ ഒരു ബൗളിലാണു വിളമ്പുക. കിംചി ചേർത്താണു പലപ്പോഴും ഇവ കഴിക്കാറ്. തയാറാക്കാനും എളുപ്പമാണ്.
ബുൾഗോഗി
മാരിനേറ്റ് ചെയ്തു ബാർബിക്യു ചെയ്‌തെടുക്കുന്ന ഇറച്ചി വിഭവമാണ് ബുൾഗോഗി. വെളുത്തുള്ളിയും സവാളയും ചേർത്തു ഗ്രിൽ ചെയ്തെടുക്കുന്ന ഇതു ലെറ്റ്യൂസ് ഇലയിൽ പൊതിഞ്ഞു തയാറാക്കും. സംജങ് എന്നറിയപ്പെടുന്ന് സ്‌പൈസി പേസ്റ്റ് ചേർത്താണു കഴിക്കുക. ബീഫ്, പോർക്ക്, ചിക്കൻ എന്നിവയിലൊക്കെ ബുൾഗോഗി തയാറാക്കും. സോയാ സോസ്, പഞ്ചസാര, വെളുത്തുള്ളി, കുരുമുളക്, എള്ളെണ്ണ എന്നിവ ചേർത്ത മിശ്രിതത്തിലാണ് മാരിനേറ്റു ചെയ്യുന്നത്.
തക്ക്ബോക്കി
അരിപ്പൊടി കുഴച്ച് ആവിയിൽ വേവിച്ചു പരത്തി വിവിധ ആകൃതിയിൽ ഉണ്ടാക്കിയെടുക്കുന്ന റൈസ് കേക്ക് ഉപയോഗിച്ചാണു തക്ക്ബോക്കി ഉണ്ടാക്കുന്നത്. നീളത്തിൽ വിരൽ ആകൃതിയിൽ ഉണ്ടാക്കിയ റൈസ് കേക്കിൽ സ്പൈസിയായ സോസുകൾ ചേർത്തുണ്ടാക്കുന്ന ഇതൊരു കൊറിയൻ തെരുവുഭക്ഷണമാണ്. മധുരവും എരിവുമുള്ള ഇതു പലതരത്തിൽ പല ചേരുവകൾ ചേർത്ത് ഉണ്ടാക്കാവുന്നതാണ്.
ഗിംബാപ്
ജപ്പാൻകാരുടെ സുഷി റോൾ പോലെയുള്ള കൊറിയൻ വിഭവമാണ് ഗിംബാപ്. ഗിമ്മും ബാപ്പും ചേർന്ന റോൾ. വേവിച്ചെടുത്ത ചോറിൽ (ബാപ്) എള്ളെണ്ണ ചേർത്തെടുക്കും. ഇതിൽ കിംചി, ബുൾഗോഗി എന്നിവയും ചേർക്കും. പേപ്പറു പോലെയുള്ള ഗിമ്മിൽ അടുക്കുകയും ചുരുട്ടി റോൾ ആക്കുകയും ചെയ്ത ശേഷം ചെറിയ കഷണങ്ങളായി വട്ടത്തിൽ മുറിച്ചെടുക്കും. കഴിക്കാൻ പറ്റുന്ന കടൽച്ചെടികൾ ഉണക്കി പേപ്പർ പോലെ പരത്തി എടുക്കുന്നതാണ് ഗിം. ഇതിൽ ചോറ്, ഇറച്ചി, മീൻ എന്നിവയൊക്കെ റോളാക്കി കഴിക്കുന്ന രീതിയുമുണ്ട്.
ഗോപ്ചങ്
പശുവിന്റെയോ പോത്തിന്റെയോ ചെറുകുടൽ (മലയാളികൾ പോട്ടി എന്നു വിളിക്കുന്ന വിഭവം), പന്നിയുടെ കുടൽ എന്നിവ ഉപയോഗിച്ചാണു ഗോപ്ചങ് ഉണ്ടാക്കുന്നത്. ചെറിയ കഷണങ്ങളാക്കി മുറിച്ചു സൂപ്പായും ഗ്രിൽ ചെയ്തും ആവിയിൽ വേവിച്ചുമൊക്കെ ഇവ കഴിക്കും. കൊറിയൻ റസ്റ്ററന്റുകളിൽ മേശയിൽ തന്നെ ലൈവായി ഗ്രിൽ ചെയ്തെടുക്കാനുള്ള സംവിധാനമുണ്ട്. മേശയ്ക്കു ചുറ്റുമിരുന്ന് ഗോപ്ചങ് സ്വയം ഗ്രിൽ ചെയ്തെടുത്തു കഴിക്കാറുണ്ടിവർ.
ജജങ്മ്യോൺ
നൂഡിൽസ് വിഭവമാണ് ജജങ്മ്യോൺ. ബ്ലാക്ക് സോയബീൻ പേസ്റ്റായ ചങ്ജങ്, ചെറുതായി അരിഞ്ഞ പോർക്ക്, പച്ചക്കറികൾ എന്നിവയിട്ടാണ് ഉണ്ടാക്കുന്നത്. ഇരുണ്ട നിറത്തിലുള്ള ഈ നൂഡിൽസിന് അൽപം മധുരവും പുളിയും ചേർന്ന രുചിയാണ്.
സോജു
കൊറിയൻ വാറ്റാണ് സോജു. ഇതു കഴിക്കുന്നതിനും വിളമ്പുന്നതിനും പ്രത്യേക രീതികളുണ്ട്. കൂട്ടത്തിലെ മുതിർന്ന ആൾ സോജു ഒഴിച്ചു കയ്യിലെടുത്തു കൂടെയുള്ളവർക്കു നൽകും. രണ്ടും കയ്യും നീട്ടി വേണം വാങ്ങാൻ. കണ്ണിൽ നോക്കാതെ തല ഇരുവശവും ഇളക്കി ഒറ്റ ഇറക്കിനു കഴിക്കണം. ചെറിയ ഷോട്ട് ഗ്ലാസുകളിൽ വെള്ളം ചേർക്കാതെയാണു ഒഴിക്കുക. കൊറിയയിൽ മാത്രമല്ല, ജപ്പാനിലും ചൈനയിലും പ്രചാരത്തിലുള്ള സോജുവിന് നിറമില്ല. അൽപം മധുരമുണ്ട്.
English Summary : Food plays a major role in Korean culture and is strongly present in Korean Drama.