എടേലെ ഹോട്ടലിലെ ഉപ്പുമാവും ബീഫും ഉഗ്രൻ രുചി: വിഡിയോ കാണാം
Mail This Article
അഡാർ ഫുഡും ഫുഡ് സ്പോട്ടും കൊണ്ടു സമ്പന്നമായ കോഴിക്കോട് ചെന്നു കാലു കുത്തിയാൽ പിന്നെ നല്ലൊരു ഫുഡ് സ്പോട്ടിൽ കയറി മക്ക് മക്ക് ന്ന് തട്ടാണ്ടൊരു സമാധാനില്ല...അങ്ങനെ തേടി പിടിച്ചു പോയതാണ് എടേലെ ഹോട്ടലിലേക്ക്...കോഴിക്കോട് ബീച്ചിന്റെ അടുത്തുള്ള കുറ്റിച്ചിറ മിഷ്കൽ പള്ളിടെ അടുത്തായിട്ടാണ് എടേലെ ഹോട്ടൽ. അവിടെ സൂചി കുത്താൻ പോലും ഇടയില്ലാത്ത തിരക്ക്.
തട്ടിലിരിക്കണ പഴംപൊരി, ഉപ്പുമാവി, തട്ടിലിട്ടിളക്കണ നല്ല പച്ചമൊളകും കറിവേപ്പിലയും പൊടിച്ചെടുത്ത നല്ല എരിവുള്ള കുരുമുളകും ചേർത്തു കുനു കുനാന്ന് അരിഞ്ഞു ചേർത്ത ബീഫും ചേർത്തുള്ള ബീഫ് കറീം... നല്ല ആവി പാറണ ചൂടു പൊറോട്ടേം കണ്ട് കുറച്ചു നേരം നിന്നപ്പോൾ സീറ്റ് കിട്ടി.
മുന്നിലേക്ക് ബീഫ്, ഉപ്പുമാവ്, പഴംപൊരി, പൊറോട്ട എല്ലാം ഓരോ പ്ലേറ്റ്! ബീഫും ഉപ്പുമാവും ചേർത്ത് കഴിക്കുമ്പോൾ ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. ആദ്യം ആ പ്ലേറ്റിങ്ങോട്ട് അടുത്തേക്കു വച്ച് വട്ടത്തിൽ അരിഞ്ഞെടുത്ത സവാള എടുത്തൊന്നു ഒടച്ചിട്ടിട്ട്, ആ സൈഡിലിരിക്കണ നല്ല ഇറുമ്പിക്കൻ പുളിയുള്ള ചെറുനാരങ്ങ നൈസായിട്ടു അതിന്റെ മുകളിലൂടെ പിഴിഞ്ഞൊഴിച്ചിട്ടു..ഒരു കുഞ്ഞിപ്പിടി ബീഫ് പ്ലേറ്റിലേക്കെടുത്തു പഞ്ഞി പോലെ നനുനനൂന്നിരിക്കണ ഉപ്പുമാവും ഇച്ചിരി എടുത്തിട്ടു ഒരു പിടി പിടിച്ചാലുണ്ടല്ലോ.. എന്നാ ഒരു ടേസ്റ്റാണെന്നോ.
ആ ബീഫിന്റെ എരിക്കു മുകളിലൂടെ നല്ല പഞ്ചസാരയിട്ട ചൂടു കട്ടൻ കൂടിയായാലോ..സംഗതി കളർ. നൂറു രൂപയ്ക്കു നല്ല കിടുക്കാച്ചി ബീഫും 20 രൂപയ്ക്കു അതിലും കിടുക്കാച്ചി ഉപ്പുമാവും പത്തു രൂപേടെ ആ പൊറോട്ടേം തട്ടാനുള്ള തിരക്കിന്റെ ഗുട്ടൻസ് ഇപ്പോളല്ലേ പിടികിട്ട്യേ...
English Summary : Beef anf upma, Food Video from Kozhikode.