ADVERTISEMENT

ഇന്ന് ദേശീയ മുട്ട ദിനം, കുറഞ്ഞ ചെലവില്‍ ലഭിക്കുന്ന പോഷക സമ്പത്തുള്ള ഭക്ഷ്യവസ്തുവായ മുട്ടയുടെ പ്രചാരണമാണ് ദിനാചരണത്തിന്റെ ലക്ഷ്യം. കൃത്യമായി പാചകം ചെയ്തു കഴിച്ചാൽ മുട്ടയോളം ടേസ്റ്റുള്ള മറ്റൊന്നും ഇല്ലെന്ന് മുട്ടപ്രിയർ പറയും. മുട്ട മനോഹരമായി പാചകം ചെയ്യാനുള്ള വഴികളും മുട്ടയെക്കുറിച്ചുള്ള ചില ആകുലതകളും പങ്കുവയ്ക്കുകയാണ് ഫുഡ് വ്ലോഗർ മൃണാൾ: 

 

മുട്ട വേവിക്കാൻ സമയം നോക്കണം

egg

മുട്ട നമുക്ക് പല രീതിയിൽ കഴിക്കാൻ പറ്റും. പുഴുങ്ങിയ മുട്ട അല്ലെങ്കിൽ ഓംലറ്റ് ഇതാണ് നമ്മൾ മുട്ട കൊണ്ട് ഏറ്റവും കൂടുതൽ ഉണ്ടാക്കുന്നത്. മുട്ടയുടെ ഫുൾ ടേസ്റ്റിൽ നമുക്കത് കിട്ടില്ല. ഈ മുട്ട പാകം ചെയ്യുന്നത് ഒരു സെക്കൻഡ് കൂടുതലായാലും അവന്റെ സ്വഭാവം മാറും. മികച്ച രുചി കിട്ടാൻ 4 – 6 മിനിറ്റ് സമയത്തിനുള്ളിൽ മുട്ട പുഴുങ്ങണമെന്നാണ് വിദഗ്ധർ പറയുന്നത്. മുട്ടവാങ്ങിച്ചു കൊണ്ടുവന്നു നേരെ ഫ്രിജിലേക്കു വയ്ക്കാതെ പൈപ്പു വെള്ളത്തിൽ കഴുകി വെള്ളം തുടച്ച ശേഷം വയ്ക്കാൻ ശ്രദ്ധിക്കണം. അതുപോലെ തന്നെ പാചകം ചെയ്യാൻ എടുക്കും മുൻപും നന്നായി വെള്ളത്തിൽ കഴുകിയ ശേഷം എടുക്കണം. (ഫ്രിജിൽ അല്ലെങ്കിൽ പുറത്തു വച്ചിരിക്കുന്ന മുട്ടകൾ വേകുന്നതിന്റെ കാര്യത്തിൽ 5–6 മിനിറ്റ് സമയം തന്നെ, വ്യത്യാസമില്ല)

 

ഏറ്റവും മനോഹരമായ മുട്ട വിഭവം...

Egg
Image Credit : Pexels

ഏറ്റവും എളുപ്പത്തിൽ മനോഹരമായി തയാറാക്കാൻ പറ്റുന്ന വിഭവമാണ് പോച്ച് എഗ്ഗ്. ബുൾസ് ഐ തയാറാക്കുമ്പോൾ മിക്കപ്പോഴും അത് പൊട്ടിപ്പോകാറുണ്ടല്ലോ. എണ്ണ ഉപയോഗിക്കാതെ അതു പൊട്ടാതെ കിട്ടാനുള്ള വഴിയാണ് പോച്ച് എഗ്ഗ്. ഒരു പാത്രത്തിൽ അൽപം വെള്ളം തിളപ്പിച്ച് അതിലേക്കു കുറച്ച് വിനാഗിരി ഒഴിക്കുക. വിനാഗിരി ഒഴിച്ചാൽ ആ എഗ്ഗിന്റെ സ്ട്രക്ചർ കൃത്യമായി കിട്ടും.  അതിൽ ഒരു സ്പൂൺ കൊണ്ട് ചുറ്റിയിളക്കുക, അതൊരു ചുഴി പോലെ വരും. ആ ചുഴിയിലേക്കു മുട്ട പൊട്ടിച്ച് ഒഴിക്കുക. ഏതാനും െസക്കന്റുകൾ കഴിഞ്ഞാൽ അത് കോരിയെടുത്ത് ഒരു ടിഷ്യു പേപ്പറിന്റെ മുകളില്‍ വച്ച് വെള്ളം പോയിക്കഴിഞ്ഞാൽ കഴിക്കാം, നല്ല ടേസ്റ്റായിരിക്കും. എണ്ണയുടെ പ്രശ്നവുമില്ല. 

 

ഓംലറ്റ്
ചിത്രം : ജോസുകുട്ടി പനയ്ക്കൽ

ചിക്കൻ ബിരിയാണിയിൽ എന്തുകൊണ്ട് മുട്ടയില്ല!

egg-fry
ചിത്രം : ഫഹദ് മുനീർ

ഒരു എസി റസ്റ്ററന്റിൽ ഫുഡ് കോസ്റ്റിന്റെ (അവർ വാങ്ങുന്ന സാധനങ്ങളുടെ വില) മൂന്നിരട്ടി വിലയ്ക്കു വിഭവങ്ങൾ വിൽ‌ക്കുകയാണ് കണക്ക്. ഇതിൽ പാചകം ചെയ്യാനുള്ള െചലവും കൂട്ടിയിട്ടുണ്ടാകും. അങ്ങനെ ഫുഡ് കോസ്റ്റ് വിലയുടെ 40 ശതമാനത്തിൽ നിൽക്കും. ആ കോസ്റ്റ് കൂടിയാൽ കട നടത്തുന്നവർക്ക് ലാഭം കിട്ടില്ല. മുട്ട എട്ടോ പത്തോ രൂപയ്ക്കു കിട്ടിയാൽ അതിന്റെ മൂന്നിരട്ടിയാണ് അവർക്കു കിട്ടേണ്ടത്. സാധാരണ ഒരു എസി റസ്റ്ററന്റിൽ 160 രൂപയാണ് ഒരു ചിക്കൻ ബിരിയാണിക്ക്. അതിലേക്ക് ഒരു പുഴുങ്ങിയ മുട്ട കൂടി ചേർത്താൽ 20–25 രൂപ കൂടുതൽ കൊടുക്കേണ്ടി വരും. ഈ കാരണം കൊണ്ടാണ് മുട്ട പല ബിരിയാണികളിൽനിന്നും അപ്രത്യക്ഷമായത്.

 

mrinaldas-vengilatt
മൃണാൾദാസ്

തട്ടുകടയിലെ ഓംലറ്റ് എവിടെ?

പണ്ട് തട്ടുകടകളിൽ ഉണ്ടായിരുന്ന പ്രധാന രുചിക്കൂട്ടാണ് ചൂടായ എണ്ണയിൽ പൊട്ടിച്ച് ഒഴിച്ച് ഫ്രൈ ചെയ്തെടുക്കുന്ന മുട്ടയും കൂടെ രണ്ടു ബ്രഡും. തട്ടുകടകളിലേക്കു ഭക്ഷണപ്രിയരെ മാടി വിളിക്കുന്ന സുഗന്ധം. പക്ഷേ ഇപ്പോൾ തട്ടുകടകളിൽ പൊറോട്ടയും ബീഫും ചിക്കനുമാണ് താരങ്ങൾ, വിലയും കൂടുതൽ. ബ്രഡിനും ഓംലറ്റിനും കൂടിവന്നാൽ 40–50 രൂപയാകും. പക്ഷേ നമ്മളെല്ലാവരും ഇപ്പോൾ തട്ടുകടയിൽനിന്ന് 150 രൂപ കൊടുത്ത് പൊറോട്ടയും ബീഫും കഴിക്കും. നമ്മുടെ ഭക്ഷണത്തിന്റെ രീതി ഭയങ്കരമായിട്ട് മാറുകയാണ്. മുട്ടക്കറി അല്ലെങ്കിൽ മുട്ട റോസ്റ്റ് സാധാരണ റസ്റ്ററന്റുകളിലെ പ്രധാനിയായിരുന്നു. ഇപ്പോൾ മുട്ടക്കറിയുടെ വിൽപന കുറവാണെന്നാണ് മനസ്സിലാകുന്നത്. റസ്റ്ററന്റുകളിൽ ഏറ്റവും കൂടുതൽ ചെലവുള്ളത് ചിക്കനാണ്. നോൺവെജ് കഴിക്കുന്നവരുടെ കാര്യത്തിൽ, കൂടുതൽ പണം മുടക്കി കുഴപ്പം പിടിച്ച സാധനം ദിവസേന ശരീരത്തിലേക്ക് കയറ്റുന്നു. എന്നുവച്ച് ഫ്രൈഡ് ഓംലറ്റും ബ്രഡും ശരീരത്തിന് നല്ലതാണെന്നല്ല പറയുന്നത്, വരട്ടിയ ബീഫിനേക്കാൾ ഭേദം! നമ്മുടെ പോക്കറ്റിനും ആരോഗ്യത്തിനും മുട്ട തന്നെ നല്ലത്. 

shutterstock_552787522-Kondoruk
Image Credit : Kondoruk/ Shutterstock.

 

ട്രെയിൻ യാത്രയിലെ മുട്ട!

കുറച്ചു നാൾ മുൻപ് തിരുവനന്തപുരത്ത് എംബിബിഎസ് പഠിക്കുന്ന ഒരു പയ്യൻ കോഴിക്കോട്ട് വീട്ടിലേക്കു ട്രെയിനിൽ പോകുകയായിരുന്നു. തൃശൂരെത്തിയപ്പോൾ, പ്ലാറ്റ്ഫോമിൽ റെയിൽവേയുടെ ഐഡി കാർഡ് ഇട്ടിരുന്ന ഒരു വിൽപനക്കാരനിൽനിന്ന് മുട്ട ബിരിയാണി വാങ്ങി. പൊതിയഴിച്ച് മുട്ടയെടുത്തപ്പോൾ ഭയങ്കര ദുർഗന്ധം. കച്ചവടക്കാരന്റെ കയ്യിൽ കുറേ ബിരിയാണികൂടിയുണ്ട്. അതാരെങ്കിലും കുട്ടികൾക്കോ മറ്റോ വാങ്ങിക്കൊടുത്താൽ കുഴപ്പമാവും. പയ്യൻ ടിടിആറിനോട് പരാതി പറഞ്ഞപ്പോൾ ടിടിആർ പറഞ്ഞത് എനിക്കൊന്നും ചെയ്യാൻ പറ്റില്ല എന്നാണ്. പാൻട്രിയിൽ പോയി പറഞ്ഞപ്പോൾ അവർ പറഞ്ഞത് റെയിൽവേയുടെ തന്നെ ആളിന്റെ കയ്യിൽ നിന്നാവും നിങ്ങൾ വാങ്ങിയത്. പക്ഷേ പാൻട്രിയിൽനിന്നു വാങ്ങിയതിനേ ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റൂ എന്നാണ്. പയ്യൻ കോഴിക്കോട്ട് എത്തി സ്റ്റേഷൻ മാസ്റ്റർ അടക്കമുള്ള അധികൃതരോടു പരാതിപ്പെട്ടു. ഒരാളും കൃത്യമായി മറുപടി കൊടുത്തില്ല.

പിന്നീട് റെയിൽവേ പൊലീസിനോട് പറഞ്ഞു. അവർ ഇവനെയും കൂട്ടി ഹെൽപ് ഡെസ്കിൽ പോയി പരാതി എഴുതിക്കൊടുത്തു. വാങ്ങിയ ബിരിയാണിയും കൊടുത്തു. പരാതി കൊടുത്തിട്ട് 45 ദിവസമായി. ഒരാളും തിരിച്ചു വിളിച്ചില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്ഷണം വിൽക്കുന്നത് ഇന്ത്യൻ റെയില്‍വേയാണ്. സർക്കാർ പറയുന്നു മുട്ട കഴിക്കൂ എന്ന്. ഇതേ സർക്കാർ തന്നെ ട്രെയിനിൽ കേടായ മുട്ട വിൽക്കുന്നു.

 

സെന്റുറി എഗ്സ്...

ഏറ്റവും രുചിയുള്ള മുട്ട കഴിച്ചത് ചൈനയിൽ നിന്നാണ്. Century Eggs എന്ന സവിശേഷ വിഭവം, നല്ല ഫ്രഷ് താറാവ് മുട്ടകൾ ഗുണമേന്മ പരിശോധിച്ച ശേഷം മണ്ണിൽ പൊതിഞ്ഞ് മൂന്നു മാസം സൂക്ഷിച്ച് തയാറാക്കിയ ക്ലാസിക് വിഭവം. കേൾക്കുമ്പോൾ വളരെ എളുപ്പമായി തോന്നും. പക്ഷേ തയാറാക്കുന്ന രീതി നോക്കിയാൽ അത്ര എളുപ്പമല്ല എന്നു മനസ്സിലാകും. കറുവാപ്പട്ട, ഇഞ്ചി, തേയിലപ്പൊടി, തക്കോലം, ഓറഞ്ചുതൊലി ഉണക്കിയത്, സെഷ്വാൻ പെപ്പർകോൺസ്, ഉപ്പ്, കുമ്മായം തുടങ്ങിയ ചേരുവകൾ ചേർത്താണ് മുട്ട പൊതിയാനുള്ള മണ്ണ് കുഴച്ചു തയാറാക്കുന്നത്. ഓരോ മുട്ടയും സുഗന്ധദ്രവ്യങ്ങൾ ചേർത്ത മൺകൂട്ട് തേച്ചു പിടിപ്പിച്ച് നെല്ലിൽ പൊതിഞ്ഞു സൂക്ഷിക്കും. രണ്ടു മുതൽ മൂന്നു മാസം വരെ ഇങ്ങനെ സൂക്ഷിച്ച ശേഷം ഉപയോഗിക്കാം. പാകം ചെയ്യേണ്ട ആവശ്യമില്ല. 

 

English Summary : Eggs are easily seasoned and pair well with vegetables to increase the nutritional value of a meal.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com