രുചിബോംബ് പൊട്ടിക്കും ഛോലെ ബട്ടൂരെ...; നഗരജീവിതത്തിന്റെ ഭാഗമാണ്, വികാരമാണ്
Mail This Article
ചോലെ ബട്ടൂരെയെന്നാൽ കേരളത്തിലെ പല റസ്റ്ററന്റുകളിലും കിട്ടുന്നതു പോലെ വലിയ പൂരിയല്ലെന്നു പഠിപ്പിച്ചതു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ്. പ്രത്യേകിച്ചു ഡൽഹിയിലെ ജീവിതം. വലിയ ബട്ടൂരയും മസാല നിറഞ്ഞ, നന്നായി വേവിച്ചെടുത്ത ചോലെയും ഒപ്പം ഉത്തരേന്ത്യൻ അച്ചാറും(നമ്മുടെ ഉപ്പിലിട്ടതിനോടു ചേർന്നു നിൽക്കുന്നത്) പലപ്പോഴും രുചിബോംബ് പൊട്ടിച്ചിട്ടുണ്ട്. വഴിയരികിൽ 20 രൂപയ്ക്കു 2 ബട്ടൂരെയും ചോലെയും വിളമ്പുന്ന ഇടങ്ങൾ മുതൽ നൂറുകളുടെ ഗുണിതങ്ങളിൽ ബട്ടൂരെ വിളമ്പുന്ന ഇടങ്ങൾ വരെ. പക്ഷേ, ഒരുകാര്യമുണ്ട് ചോലെ ബട്ടൂര നഗരജീവിതത്തിന്റെ ഭാഗമാണ്, വികാരമാണ്.
പക്ഷേ, ബട്ടൂരെയും ഡൽഹിക്കാരനല്ല. പഞ്ചാബിയെന്നാണു വയ്പ്പ്. എപ്പോൾ, എങ്ങനെ, എവിടെ നിന്നു തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ലെന്നു മാത്രം. 1950കളിൽ ഡൽഹിയിലെത്തിയെന്നു കരുതപ്പെടുന്നു. പക്ഷേ, നഗരജീവിതത്തിന്റെ രുചിയിഷ്ടങ്ങളോടു വളരെ വേഗത്തിൽ ഏറെ ഇഴകിച്ചേർന്നുവത്. ബട്ടൂരെയിൽ തന്നെ എത്രത്തോളം പരീക്ഷണങ്ങൾ. പനീറും മസാലയും ഇഴചേർത്തു കുഴച്ചെടുത്ത മാവ് നീട്ടിപ്പരത്തി എണ്ണയിൽ കോരിയെടുത്ത ചൂട് ബട്ടൂരെ. വെള്ളക്കടല നന്നായി മസാല ചേർത്തു വേവിച്ചെടുത്ത കറിയിൽ അൽപ്പം പുതിന ചട്നി ഒഴിച്ച് , വേവിച്ചെടുത്ത ഉരുളക്കിഴങ്ങിന്റെ ഒന്നോ രണ്ടോ കഷണവും ചേർത്ത് വിളമ്പുമ്പോൾ വേറിട്ട പല രുചികളുടെ സമ്മേളനമാണു നടക്കുന്നത്. ഇതിനൊപ്പം അച്ചാറിന്റെ രണ്ട് കഷണവും ഉപ്പിലിട്ടതും ചേരുംപടി ചേരുന്നു. അച്ചാറെന്നാൽ സീസൺ അനുസരിച്ചു മാറും. ചിലപ്പോൾ മാങ്ങയാകാം, ചിലപ്പോൾ ക്യാരറ്റ്. അങ്ങനെ.
ഏറ്റവും നല്ല ബട്ടൂരെ എവിടുത്തേതെന്നു തിരക്കിയാൽ ഡൽഹിക്കാർ തമ്മിൽ തർക്കങ്ങൾ രൂപപ്പെടുമെന്നു തീർച്ച. ചിലർ സീതാറാം ദിവാൻ ചന്ദ് എന്നു പറയും. മറ്റു ചിലർ ചാച്ചേ ദി ഹാട്ടിയിലേക്കു വിരൽ ചൂണ്ടും. ചിലർ ക്വാളിറ്റിയിലേക്കും മറ്റു ചിലർ ബാബാ നാഗ്പാൽ കോർണറിലേക്കും കണ്ണെറിയും. ഈ പറച്ചിൽ കേട്ട് ഓരോന്നും തിരക്കി രുചിയറിഞ്ഞാൽ വലഞ്ഞു പോകും. ഇന്നു ഡൽഹിക്കാരുടെ രുചിയിടത്തിൽ പ്രധാന സ്ഥാനത്തുള്ള സീതാറാം ദിവാൻ ചന്ദിനു 1950 മുതലുള്ള ചരിത്രമുണ്ട്. ഡിഎവി സ്കൂളിനു സമീപത്തായി ഒരു ഉന്തുവണ്ടിയിൽ ചോലെ ബട്ടൂരെ വിൽക്കാൻ ദിവാൻ ചന്ദ് തുടങ്ങിയതോടെയാണു കഥയുടെ തുടക്കം. ഓരോ ദിവസം കഴിയുന്തോറും ഇദ്ദേഹത്തിന്റെ ചോലെ ബട്ടൂരെ വളരെ പ്രശസ്തമായി. സമാനതകളില്ലാത്ത രുചിക്കൂട്ട് കൂടുതൽ ആളുകളെ ഇദ്ദേഹത്തിന്റെ ആരാധകരാക്കി.
1990കളിലാണു പട്പട്ഗഞ്ചിനു സമീപത്തെ ഇംപീരിയൽ സിനിമയുടെ സമീപത്തേക്കു ഇദ്ദേഹം കച്ചവടം മാറ്റുന്നത്. ഉന്തുവണ്ടിയിൽ നിന്നു ചെറിയ കാർട്ടിലേക്കും അവിടെ നിന്നു പിന്നീട് റസ്റ്ററന്റിലേക്കുമായി വളർച്ച. ചാണക്യ ഹോട്ടലിനു സമീപം മുറി വാടകയ്ക്കെടുത്ത് റസ്റ്റന്റ് ആരംഭിച്ചവർക്ക് ഇന്നു ചോലെ ബട്ടൂരെ വിൽക്കാൻ വെബ്സൈറ്റ് വരെയുണ്ട്. ഹൃദയം നൽകിയാണു താൻ രുചി നിറച്ചതെന്നാണ് ദിവാൻ ചന്ദ് ഒരിക്കൽ പറഞ്ഞത്. 80 രൂപയ്ക്കു ലഭിക്കുന്ന 2 ബട്ടൂരെ ഉൾപ്പെടുന്ന സെറ്റ് കഴിക്കാൻ ഡൽഹിക്കാർ പതിവായി ഇവിടെയത്തുന്നു. എപ്പോഴും ആളുകൾ നിറഞ്ഞു നിൽക്കുന്ന അവരുടെ മെനുവിൽ ആകെയുള്ളതു 5 വിഭവങ്ങൾ മാത്രം. ബട്ടൂരയും ലസ്സിയും ഉൾപ്പെടെ.
കേരളത്തിൽ ഇത്രയും തികവോടെ ചോലെ ബട്ടൂരെ കിട്ടുന്ന ഇടങ്ങളില്ലല്ലോ എന്നു സങ്കടപ്പെട്ടപ്പോൾ, നിങ്ങളുടെ നാട്ടിലേതു പോലെ രുചികരമായ ദോശ വിളമ്പുന്ന എത്ര ഇടങ്ങൾ ഡൽഹിയിലുണ്ടെന്ന മറുചോദ്യവുമായാണ് ഒരു ഷെഫ് ആശ്വസിപ്പിച്ചത്. പേര് ഒന്നാണെങ്കിലും രുചികൾ പലതാണല്ലോ എന്ന ആശ്വാസം.
ഡൽഹിയിൽ ചോലെ ബട്ടൂരെ രുചിക്കാൻ പറ്റിയ ചില ഇടങ്ങൾ ഇതാ: ക്വാളിറ്റി റസ്റ്റന്റ്, കൊണാട്ട് പ്ലേസ്, ബാബാ നാഗ്പാൽ കോർണർ, ലജ്പത് നഗർ, സീതാറാം ധിവാൻ ചന്ദ് പട്പട്ഗഞ്ച്, നന്ദ് ദി ഹാട്ടി സദർ ബസാർ, ബോഗൽ ചോലെ ബട്ടൂരെ വാലാ ജൻപഥ്, ഗോലെ ഹാട്ടി ചാന്ദ്നി ചൗക്ക്, ഛോട്ടി ഹാട്ടി(വെസ്റ്റ് പട്ടേൽ നഗർ മാർക്കറ്റ്).
English Summary : Chole bhature is a combination of chana masala and bhatura/puri, a fried bread made from maida.