തണുപ്പു കാലത്തു വിശപ്പു കൂടും; കാരണം ഇതാണ്...
Mail This Article
മഴയും തണുപ്പും... ആരോഗ്യ, ഭക്ഷണകാര്യങ്ങളിൽ ഏറെ ശ്രദ്ധ വേണ്ട സമയം. പല രോഗങ്ങളും വേഗത്തിൽ പിടിപെടാനുള്ള സാധ്യതയുമുണ്ട്. ശ്വാസകോശ സംബന്ധമായ രോഗങ്ങളടക്കം, ദീർഘകാലമായി അസുഖബാധിതരായി കഴിയുന്നവർക്ക് അത് അധികരിക്കാൻ സാധ്യതയുള്ള കാലമാണ്. രോഗം നിയന്ത്രിക്കാനും പ്രയാസപ്പെടും ഈ സീസണിൽ.
തണുപ്പു കാലത്തു വിശപ്പു കൂടുന്നുവെന്നു പലപ്പോഴും പറയാറുണ്ട്. ഇതിനെന്താണു കാരണം? തണുപ്പിനെ പ്രതിരോധിക്കാനായി ഊഷ്‌മാവ് വർധിപ്പിക്കാനുള്ള ശ്രമം ശരീരം സ്വയം നടത്തും. ഇതോടെ ദഹനം കൂടും. ഇതാണു വിശപ്പ് കൂടുതലായി തോന്നാൻ കാരണം. ശരീരത്തിലെ ചൂടു വർധിപ്പിക്കാനായി നമ്മൾ ചെയ്യുന്ന കാര്യങ്ങളും വിശപ്പു കൂട്ടാനിടയാക്കും. പലപ്പോഴും നമ്മുടെ ഭക്ഷണക്രമത്തിൽ നിന്നു മാറ്റിനിർത്തുന്ന ഭക്ഷണപദാർഥങ്ങൾ (വിവിധ കാരണങ്ങളാൽ) തണുപ്പു കാലത്തെ മെനുവിൽ ഉൾപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണ്.
∙ എന്താവണം മെനു?
തണുപ്പുകാലത്തെ ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്താം? നിങ്ങളുടെ ശരീരത്തിനു നല്ലതെന്നു തോന്നുന്ന എന്തും തണുപ്പുകാലത്തു കഴിക്കാം. എങ്കിലും ശൈത്യകാല മെനുവിൽ നിർബന്ധമായും ഉൾപ്പെടുത്താവുന്ന രണ്ടു കാര്യങ്ങളാണ്: ഉണക്കപ്പഴങ്ങളും സൂപ്പും.
ഇതോടൊപ്പം, മധുരപലഹാരങ്ങൾ, പാൽ, ഉഴുന്നുപയോഗിച്ചുള്ള ആഹാരപദാർഥങ്ങൾ, എണ്ണ, നെയ്യ് എന്നിവ കൂട്ടിയുണ്ടാക്കുന്ന വിഭവങ്ങൾ. പക്ഷേ, ഏതെങ്കിലും തരത്തിലുള്ള ചികിത്സയിലിരിക്കുന്നവർ ഇത്തരം ഭക്ഷണ പദാർഥങ്ങൾ പഥ്യം തെറ്റാതെ സൂക്ഷിക്കുക. ഉദാഹരണത്തിന് ചില രോഗമുള്ളവർക്ക് എണ്ണ, നെയ്യ് എന്നിവ കഴിക്കുന്നതു ഗുണത്തേക്കാൾ ദോഷം ചെയ്യും.
ഭക്ഷണം അമിതമായി കഴിക്കുന്നത് ഒരിക്കലും നല്ലതല്ല. ഇതിന്റെ കൂടെ ധാരാളം വെള്ളവും കുടിക്കണം.
ശരീരത്തിലെ ജലാംശം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഉൾക്കൊള്ളിക്കുന്നതു നന്ന്. തിളപ്പിച്ചാറിയ വെള്ളം, കരിക്കിൻവെള്ളം എന്നിവ കുടിക്കാം
പുളിച്ചുതികട്ടൽ, വയർപെരുക്കം, വയറെരിച്ചിൽ, ദഹനക്കുറവ് എന്നിവ കൂടുതലായി ഈ സമയത്തു കാണാറുണ്ട്. കൃത്യമായ സമയത്തു ചൂടുള്ള ആഹാരം കഴിക്കുക.
ജങ്ക് ഫുഡ്, ഐസ്ക്രീം, തണുത്ത പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.
ഗോതമ്പ്, അരി, ഉഴുന്ന്, പാൽ, പാലുൽപന്നങ്ങൾ, മാംസം, ശർക്കര, എള്ളെണ്ണ തുടങ്ങിയവ ആഹാരത്തിലുൾപ്പെടുത്താം.
രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ തേൻ, നെല്ലിക്ക തുടങ്ങിയവ ശീലിക്കാം.
കാരറ്റ്, മുരിങ്ങയില എന്നിവ ധാരാളം ചേർത്ത സൂപ്പ് വെണ്ണ ചേർത്തു കഴിക്കുന്നതു നേത്രസംരക്ഷണത്തിനു നല്ലതാണ്.
English Summary : Foods to be Included in your Diet For a Safe Monsoon.