കൊതിപ്പിക്കും രുചി, തിരുപ്പതി ലഡ്ഡുവിന്റെ അതേ സ്വാദ്
Mail This Article
×
തിരുപ്പതി ക്ഷേത്രം പോലെ തന്നെ പ്രശസ്തമാണ് അവിടുത്തെ ലഡ്ഡു. രുചി കൊണ്ടും വലുപ്പം കൊണ്ടും ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു ലഡ്ഡു. തിരുപ്പതി ലഡു എന്ന പേരില്‍ ലഭിക്കുന്ന ഈ പ്രസാദത്തിന്റെ യഥാര്‍ത്ഥ പേര് ശ്രീവരി ലഡു എന്നാണ്. 175 ഗ്രാം മുതൽ 700 ഗ്രാം വരെ വലുപ്പത്തിൽ ഉള്ള ലഡ്ഡു തിരുപ്പതിയിൽ ലഭ്യമാണ്. തിരുപ്പതി ലഡ്ഡുവിന്റെ അതേ രുചിയുള്ള ലഡ്ഡു നമുക്ക് വീട്ടിലും തയാറാക്കാം.
ചേരുവകൾ
- കടലമാവ് - 2 കപ്പ്
- പാൽ - 2 കപ്പ്
- റിഫൈൻഡ് ഓയിൽ - വറുക്കാൻ ആവശ്യത്തിന്
- പഞ്ചസാര - 2 കപ്പ്
- ഏലക്ക - 6
- വെള്ളം - ഒരു കപ്പ്
- നാരങ്ങാനീര് - ഒരു മുറി നാരങ്ങയുടേത്
- ജാതിക്ക - ഒന്നിന്റെ നാലിലൊന്ന്
- പച്ചക്കർപ്പൂരം - ഒരു നുള്ള്
- നെയ്യ് - 5 ടേബിൾ സ്പൂൺ
- കശുവണ്ടി പരിപ്പ് - അരക്കപ്പ്
- ഉണക്കമുന്തിരി - കാൽ കപ്പ്
- കൽക്കണ്ടം ചതച്ചത് - കാൽ കപ്പ്
തയാറാക്കുന്ന വിധം
- കടലമാവ് ഒരു അരിപ്പയിൽ കൂടി ഇടഞ്ഞെടുക്കുക.
- കടലമാവിലേക്ക് ഒന്നര കപ്പ് പാൽ ഒഴിച്ചു നന്നായി യോജിപ്പിക്കുക. വീണ്ടും അൽപ്പാൽപ്പമായി പാൽ ചേർത്തു ദോശമാവിനേക്കാൾ അയവിലുള്ള മാവ് തയാറാക്കുക.
- തയാറാക്കിയ മാവു വീണ്ടും ഒരു അരിപ്പയിൽ കൂടി അരിച്ചെടുക്കുക.
- ഒരു ചീനച്ചട്ടിയിൽ റിഫൈൻഡ് ഓയിൽ ചൂടാക്കുക.
- ഒരു കണ്ണാപ്പയിലേക്ക് ( സുഷിരങ്ങൾ ഉള്ള തവി) ഓരോ തവി മാവൊഴിച്ച് തുള്ളിതുള്ളിയായി തിളച്ച എണ്ണയിലേക്ക് ഇട്ട് വറത്തു കോരുക.
- 60 മുതൽ 70 സെക്കൻഡ് വരെ മാത്രമേ ബൂന്തി വറുക്കാൻ പാടുള്ളൂ. അതിനുശേഷം കോരി മാറ്റാം. തയാറാക്കിയ മാവ് മുഴുവൻ ഇങ്ങനെ വറുത്തെടുക്കാം.
- തയാറാക്കിയ ബൂന്തിയിൽ നിന്നും മൂന്നിലൊന്നു ഭാഗം ഒരു മിക്സിയിലേക്ക് ഇട്ട് പൊടിച്ചെടുക്കുക.
- ഒരു കപ്പ് പഞ്ചസാര, ഏലക്ക, ജാതിക്ക, പച്ച കർപ്പൂരം ഇവ മിക്സിയിൽ പൊടിച്ചെടുക്കുക (സാധാരണ കത്തിക്കാൻ ഉപയോഗിക്കുന്ന കർപ്പൂരം എടുക്കരുത് കഴിക്കാൻ പറ്റുന്ന രീതിയിലുള്ള കർപ്പൂരം കടകളിലും ഓൺലൈനിലും വാങ്ങാൻ കിട്ടും. അത് മാത്രമേ ഉപയോഗിക്കാവൂ)
- ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ ഒരു കപ്പ് പഞ്ചസാര, പൊടിച്ച പഞ്ചസാര, ഒരു കപ്പ് വെള്ളം, ഒരു മുറി നാരങ്ങയുടെ നീര് ഇവയെല്ലാം കൂടി യോജിപ്പിച്ച് തിളപ്പിക്കുക.
- ഒരു നൂൽ പരുവത്തിലുള്ള പാനി ആവുമ്പോൾ തയാറാക്കിയ ബൂന്തി ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.
- നന്നായി ഇളക്കിയതിനു ശേഷം അടച്ചുവച്ച് 40 മിനിറ്റു മാറ്റി വയ്ക്കുക.
- മൂന്ന് ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറക്കുക.
- 40 മിനിറ്റു കഴിയുമ്പോൾ തയാറാക്കിയ ബൂന്തിയിലേക്കു വറുത്ത കശുവണ്ടി പരിപ്പും ഉണക്കമുന്തിരിയും നെയ്യോടുകൂടി ചേർക്കുക.
- കാൽ കപ്പ് ചതച്ച കൽക്കണ്ടവും രണ്ട് ടേബിൾ സ്പൂൺ നെയ്യും ചേർക്കുക.
- എല്ലാംകൂടി നന്നായി യോജിപ്പിച്ച് വലിയ ഉരുളകളാക്കി ഉരുട്ടി എടുക്കുക.
- രുചികരമായ തിരുപ്പതി ലഡ്ഡു തയാർ.
English Summary : Tirupati style boondi ladoo recipe.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.