ബീയർ ; പത വേണോ വേണ്ടയോ...ഇത്ര നാൾ ചെയ്തതു തെറ്റിപ്പോയോ?
Mail This Article
പതയില്ലാതെ ബീയർ ഒഴിക്കാൻ പോലും അറിയില്ലേ ബ്രോ? ദാ ഞാൻ കാട്ടിത്തരാം എന്നും പറഞ്ഞു ബീയർ ഗ്ലാസിലേക്ക് പകരുമ്പോൾ കണ്ണിൽ തുള്ളിമരുന്നൊഴിക്കുന്ന സൂക്ഷ്മതയാണു ചിലർക്ക്. എന്നാൽ, ഇത്ര നാൾ ചെയ്തതു തെറ്റിപ്പോയെന്നു വിവരം കിട്ടിയിട്ടുണ്ട്. ആ വിവരം ഒന്ന് അറിയിച്ചേക്കാമെന്നു വച്ചു. അല്ലാതെ കുടിക്കാത്തവരെ പോലും കുടിപ്പിക്കാനുള്ള പ്രചോദനമായി കാണരുത് ഈ കൊച്ചു കുറിപ്പ്.
അടിക്കടിയുള്ള ബീയറടി തന്നെ ശരിയല്ല അപ്പോൾ അത് ഒഴിക്കുന്നതും തെറ്റായിട്ടാണെങ്കിലോ... ബീയറിന്റെ കാര്യത്തിൽ പത പത്താനയുടെ ഗുണം ചെയ്യും. ബീയറൊഴിക്കുമ്പോൾ നന്നായി പതച്ചു വേണം ഗ്ലാസിലൊഴിക്കാനെന്ന് പ്രഫഷനൽ ബാർറ്റെൻഡർമാർ പറയുന്നു.
ബീയറിലടങ്ങിയ കാർബൺ ഡൈ ഓക്സൈഡ് പുറത്തു പോകാനാണിത്. പത വരാതെ സൂക്ഷ്മമായി ഗ്ലാസിലൊഴിച്ച ബീയർ വയറ്റിലെത്തുമ്പോൾ ഗ്യാസ് ഒന്നിച്ചു റിലീസ് ആകുകയും അസ്വസ്ഥതയും വൊമിറ്റിങ്ങും ഉണ്ടാക്കുകയും ചെയ്തേക്കാം. ഗ്ലാസിലേക്ക് കുപ്പി കുത്തനെ പിടിച്ച് വേഗത്തിൽ പതപ്പിച്ച് ഒഴിക്കാം, ഉത്തരവാദിത്തത്തോടെ കുടിക്കാം.
പതയെ ഒതുക്കാം
ബീയർ പതപ്പിച്ചാൽ കയ്പുവരും. വേണ്ട, പത കുടിക്കേണ്ട. ബീയർ ഗ്ലാസിലേക്ക് ഒരു ഐസ് ക്യൂബിട്ടാൽ പതയെ ഒതുക്കാം കയ്പും മാറും. കൈവിരൽ ചെറുതായി പതയിൽ മുക്കുകയോ ഒരു സ്പൂൺ പാനീയത്തിലേക്ക് ഇട്ടാലോ മതി. കുറച്ചു സമയം കൊണ്ട് ഗ്ലാസിലെ പത ഒതുങ്ങും. വേണം ശ്രദ്ധ എണ്ണയിൽ വറുത്ത ഭക്ഷണസാധനങ്ങൾ ഒഴിവാക്കണം. പഴങ്ങൾ, കശുവണ്ടി, പയർ മുളപ്പിച്ചത്, കടല എന്നിവ പകരം ഉപയോഗിക്കുക.
നമ്ക്കൊരു തണുത്ത നാരങ്ങാ വെള്ളം കുടിച്ചാലോ ?
ചിലപ്പോഴെങ്കിലും ചെറിയൊരു മണ്ണാറത്തൊടി ജയകൃഷ്ണനായി നമ്മളൊക്കെ മാറാറുണ്ടല്ലേ!! നല്ല ചൂടുള്ള ഉച്ചനേരത്ത് കൂട്ടുകാർക്കൊപ്പം ഒരടിച്ചുപൊളിക്ക് ബീയ൪ അകത്താക്കാൻ വെമ്പൽ തോന്നുന്നുണ്ടോ, ആ ആഗ്രഹത്തെ കടിഞ്ഞാണിട്ടോ.. വേണമെങ്കിൽ തന്നെ ഉച്ചയ്ക്കു വേണ്ട, അൽപം കഴിയട്ടെ വെയിൽ ഒന്നാറിക്കോട്ടെ... അപ്പോൾ നേരത്തേ പറഞ്ഞത് മറക്കേണ്ട, മദ്യം ശരീരത്തിന് ആവശ്യമില്ല, അഥവാ വല്ലപ്പോഴും കഴിച്ചാൽ ഇക്കാര്യങ്ങൾ മറക്കല്ലേ...
മദ്യപാനം ആരോഗ്യത്തിനു ഹാനികരം
English Summary : How to tap beer without carbon dioxide.