ADVERTISEMENT

ടോപ്പിങ്ങിൽ ആഡംബരം നിറച്ച നല്ല സ്മോക്കി ഇറ്റാലിയൻ പീത്‌സ. ഓർക്കുമ്പോൾ വായിൽ കപ്പലോടുന്നെങ്കിൽ അങ്ങ് ഇറ്റലി വരെയൊന്നും പോകേണ്ട. മണർകാട് സ്വദേശി ഷെഫ് ഫിലോയെ വിളിക്കുക, കാര്യം പറയുക. ഉടനെത്തും നല്ല ക്രഞ്ചി, മഞ്ചി ‘വിറക്  അവ്‌നി’ൽ പാകം ചെയ്ത, ഇറ്റലിക്കാർ ഉണ്ടാക്കുന്ന അതേ പീത്‌സ. 

കോവിഡ് അനിശ്ചിതത്വത്തിലാക്കിയ ജോലി. ഇനി എന്ത്, എങ്ങനെ എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ജർമനി, ഇറ്റലി തുടങ്ങി ഒട്ടേറെ രാജ്യങ്ങളിൽ  ഷെഫ് ആയിരുന്ന ഫിലോ വർഗീസിന്റെ മനസ്സിൽ  ആശയം പീത്‌സയുടെ രൂപത്തിൽ മിന്നുന്നത്. 

 

നാട്ടുകാർക്കായി ഇറ്റാലിയൻ പീ‌ത്‌സ. അങ്ങനെ 2 കൊല്ലം മുൻപു പിറന്നു, ‘ഫിലോസ് ഡെലിക്കസി’. ഇന്നു തനത് ഇറ്റാലിയൻ പീത്‌സ ഇഷ്ടപ്പെടുന്നവർക്ക് ഷെഫ് ഫിലോയുടെ പീത്‌സ മതി. പൂജ്യത്തിൽ നിന്നു തുടങ്ങി പ്രീമിയം ബ്രാൻഡ് ആയി വളർന്ന ഫിലോസ് ഡെലിക്കസിയുടെ വിജയത്തിനു പിന്നിലെ  പരിശ്രമത്തിന്റെയും അധ്വാനത്തിന്റെയും കഥ പറയുകയാണു ഫിലോ.‌ ഫിലോയ്ക്ക് ഹോട്ടലുകളോ ബ്രാഞ്ചുകളോ ഇല്ല, സകല പരിപാടികളും വീട്ടിൽ വച്ചു തന്നെ. ചീസ് അടക്കം എല്ലാ രുചിക്കൂട്ടുകളും വിദേശത്തു നിന്ന് വരുത്തുന്നത്. 

 

 

ഫിലോയുടെ ടീം

 

കോവിഡിന്റെ വരവോടെ സാമ്പത്തിക ബുദ്ധിമുട്ടിലായ സഹപ്രവർത്തകരെയും വീടിനടുത്തുള്ളവരെയുമാണു ഫിലോ കൂടെക്കൂട്ടിയത്. പിന്നെ സഹോദരി ബ്ലെസിയും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് 5 മുതൽ 10 വരെയാണു ഫിലോസ് ഡെലിക്കസിയുടെ പ്രവർത്തനം. ഒരുദിവസം ശരാശരി  60–65 പീത്‌സ വിൽക്കും.  

 

കസ്റ്റമറാണ് കിങ്

 

കസ്റ്റമറുടെ ഇഷ്ടത്തിനാണ് മുൻതൂക്കം. വിൽപനയിലെ അധിക ലാഭം അളവിലും ടോപ്പിങ്ങിലുമെല്ലാം ചേർത്ത് കസ്റ്റമർക്കു തന്നെ തിരികെ നൽകും. ആവശ്യക്കാർക്കായി കസ്റ്റമൈസ്ഡ് കോണ്ടിനന്റൽ വിഭവങ്ങളും ഒരുക്കാറുണ്ട്. മൂന്നു മാസത്തിലൊരിക്കൽ ജാപ്പനീസ് സുഷിയും തയാറാക്കും.  കസ്റ്റമർക്ക് ചെറിയ പരാതിയുണ്ടായാൽ പോലും പണം തിരികെ കൊടുക്കും. രുചിക്കൂട്ടുകൾക്കൊപ്പം മുന്നിൽ നിൽക്കുന്നത് ആത്മാർഥത.

 

രുചിയുടെ രഹസ്യം

 

വിറക് അവ്നിൽ 400 ഡിഗ്രിയിൽ പാകം ചെയ്ത പീത്‌സയാണു പ്രത്യേകത. ഗ്യാസ്, ഇലക്ട്രിക്  അവ്‌നുകളെ ഒഴിവാക്കി പകരം വിറക് അവ്‌ൻ ആണു വീടിനു പിന്നിലുള്ള സ്ഥലത്തു ഫിലോ ഒരുക്കിയത്.  അവ്‌നു വേണ്ട ചുടുകട്ടയും മറ്റും ജംഷഡ്പുരിൽ നിന്ന് എത്തിച്ചു. ഇറ്റലിയിലെ പോലെ വട്ടത്തിലുള്ള  അവ്‌ൻ ഉണ്ടാക്കി, അതിൽ വലിയ തടിക്കഷണങ്ങൾ ഇട്ടു കത്തിക്കും, ഇതാണ് ഇന്ധനം. ഇതുകാരണം പീത്‌സയ്ക്ക് തനത് ഇറ്റാലിയൻ സ്മോക്കി രുചിയാണ്. 

പോർഷെറ്റ, ബൊലേനിസെ, ദിവോല തുടങ്ങി 18 തരം പീത്‌സകളാണ് ഇവിടെ തയാറാക്കുന്നത്. 

യന്ത്രത്തിനു പകരം കൈകൊണ്ടാണ‌ു മാവ് കുഴയ്ക്കുന്നത്. മാവു പുളിപ്പിക്കുന്നതും സ്വന്തമായി നിർമിച്ച യീസ്റ്റ് ഉപയോഗിച്ച് മാത്രം. ടോപ്പിങ്ങിനും ഗാർനിഷിങ്ങിനും ആവശ്യമായ ചിക്കൻ, മഷ്റൂം, ‌ഒലിവ്, തക്കാളി തുടങ്ങിയ കൂട്ടുകളെല്ലാം പാകം ചെയ്തെടുക്കുന്നതും ഈ അവ്നിലാണ്. 

വിദേശത്തു നിന്ന് എത്തിക്കുന്ന 5 തരം ചീസുകളുടെ കൂട്ടും മൊസറെല്ല ചീസും ചേർത്താണു ടോപ്പിങ്. 

 

English Summary : Italian pizza from chef Philo Varghese.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com