ഓണം ഡെസേർട്ട് ചാലഞ്ച് : വിജയികളുടെ രുചിക്കൂട്ട്, വിഡിയോ കാണാം
Mail This Article
രുചിഭേദങ്ങളുടെ പെരുമഴയായി മനോരമ ഓൺലൈൻ ഡാർക്ക് ഫാന്റസി ഡെസേർട്ട് ചാലഞ്ച്. പുതുമയുള്ള പലതരം രുചിക്കൂട്ടുകളാണ് രണ്ടു മണിക്കൂർ പാചകസമയത്തിനുള്ളിൽ രൂപം കൊണ്ടത്. ഡാർക്ക് ഫാന്റസി ചേർത്ത ഒരു ഡെസേർട്ട് എന്ന മത്സരത്തിൽ പിറന്നു വീണത് പായസം, കേക്ക്, പുഡ്ഡിങ്, സൂഫ്ലേ, അടപ്രഥമൻ, ഇലയട...രുചിഭേദങ്ങൾ. ആരോഗ്യത്തെക്കുറിച്ചു ചിന്തയുണ്ടെങ്കിലും നല്ല ഭക്ഷണം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മലയാളികളെന്നു ഹൈബി ഈഡൻ എംപി സമാപന സമ്മേളനത്തിൽ പറഞ്ഞു.
ഓണാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച മൽസരത്തിൽ വിവിധ ജില്ലകളിൽ നിന്നെത്തിയ 20 ഫൈനലിസ്റ്റുകളെ പിന്നിലാക്കി മില്ലറ്റ് ‘ഡി’ ഫാന്റസി അടപ്രഥമൻ ഒരുക്കിയ രാജീഷ് ഒന്നാം സ്ഥാനം നേടിയത്.
സമ്മാനദാനച്ചടങ്ങ് ഹൈബി ഇൗഡൻ എംപി, െഎടിസി ബ്രാഞ്ച് മാനേജർ ബിജിത്ത്, മനോരമ ഓൺലൈൻ മാർക്കറ്റിങ് സീനിയർ ജനറൽ മാനേജർ ബോബി പോൾ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ഡാർക്ക് ഫാന്റസി കുക്കീസ് അവിൽ ഉണ്ട ഒരുക്കി ബെംഗളൂരു സ്വദേശി ലീന ലാൽസൺ രണ്ടാം സ്ഥാനം നേടി.
ഡാർക്ക് ഫാൻറസി കുക്കീസ് സൂഫ്ളേ ഒരുക്കി കോഴിക്കോട് സ്വദേശി ഹസീന മൂന്നാം സ്ഥാനത്തെത്തി. ഡാർക് ഫാന്റസി ചോക്ലേറ്റ് ചീസ് കേക്ക് ഒരുക്കിയ കോഴിക്കോട് സ്വദേശി അനീഷ മഹ്റൂഫ് പ്രത്യേക ജൂറി (പരാമർശം) സമ്മാനത്തിന് അർഹയായി.
വ്യത്യസ്തമായ രുചിക്കൂട്ടുകൾ അവതരിപ്പിക്കാൻ മനോരമ ഓൺലൈനിലൂടെ നടത്തിയ മൽസരത്തിൽ മൂവായിരത്തിലേറെ പാചകക്കുറിപ്പുകളാണു ലഭിച്ചത്.
ഇതിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടവരാണു കൊച്ചിയിലെ റാഡിസൻ ബ്ലൂ ഹോട്ടലിൽ നടന്ന അവസാനഘട്ട മൽസരത്തിൽ പങ്കെടുത്തത്. പാചക വിദഗ്ധ ഡോ. ലക്ഷ്മി നായർ, അനിത െഎസ്ക്ക്, ദേ പുട്ട് കോർപ്പറേറ്റ് ഷെഫ് സിനോയി ജോൺ എന്നിവരായിരുന്നു വിധികർത്താക്കൾ.
വിജയികളുടെ രുചിക്കൂട്ടുകൾ
മില്ലറ്റ് ‘ഡി’ ഫാന്റസി അടപ്രഥമൻ – രാജീഷ് പി. ആർ (ഒന്നാം സമ്മാനം നേടിയ പാചകക്കുറിപ്പ്)
ചേരുവകൾ
1. ചാമ, വരക്, യവം, ബജ്റ, പഞ്ഞപ്പുല്ല്, ചോളം, തിന എന്നിവ 2 ടേബിൾ സ്പൂൺ വീതം 6 മണിക്കൂർ കുതിർത്ത ശേഷം പൊടിയാക്കിയെടുത്തത്.
2. ഡാർക്ക് ഫാന്റസി – 10 കഷ്ണം
3. കദളിപ്പഴം – 3 എണ്ണം
4. ശർക്കര – 300 ഗ്രാം (ഉരുക്കിയത്)
5. നെയ്യ് – 100 ഗ്രാം
6. തേങ്ങാപ്പാൽ – 4 തേങ്ങായുടേത് രാം (ഒന്നാംപാൽ – 400 ml, രണ്ടാം പാൽ – 1.5 ലിറ്റർ)
7. ഏലയ്ക്കാ പൊടിച്ചത് – 1/2 ടീസ്പൂൺ
8. ചുക്കു പൊടി – 1/2 ടീസ്പൂൺം
9. കിസ്മസ് – 25 ഗ്രാം
10. കശുവണ്ടി – 50 ഗ്രാം
11. വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
- മില്ലറ്റുകൾ നന്നായി പൊടിച്ചത് അല്‍പം തേങ്ങാപ്പാലും 50 ഗ്രാം നെയ്യും 2 കദളിപ്പഴവും ആറ് കഷ്ണം ഡാർക്ക് ഫാന്റസി നന്നായി ഉടച്ചതും ചേർത്ത് അട വീശാൻ പരുവത്തിലാക്കി തിളയ്ക്കുന്ന വെള്ളത്തിലേക്കു വാട്ടിയ വാഴയിലയിൽ വീശി എടുത്ത് കെട്ടി വേവിച്ചെടുക്കുക.
- അട നന്നായി തണുപ്പിച്ച ശേഷം 2 ടീസ്പൂൺ നെയ്യ് ഒരു ഉരുളിയിൽ ഒഴിച്ച ശേഷം അടയിട്ട് വെള്ളം വറ്റിക്കുക.
- അതിലേക്കു ഒരു നൂൽ പരുവത്തിൽ ഉരുക്കിയ ശർക്കര ചേർത്ത് അട നല്ലവണ്ണം വിളയിച്ചെടുക്കുക.
- ഈ അവസരത്തിൽ ഒരു കദളിപ്പഴം, 4 ഡാർക്ക് ഫാന്റസി എന്നിവ ചേർത്ത് അരച്ചത് ചേർത്ത് കൊടുക്കാവുന്നതാണ്.
- നന്നായി ഇളക്കിയ ശേഷം അതിലേക്കു രണ്ടാം പാൽ ചേർത്ത് വറ്റിക്കുക.
- തുടർന്ന് ഒന്നാം പാലും ഏലയ്ക്ക, ചുക്ക് പൊടിക്കൂട്ടും ചേർത്തിളക്കി വാങ്ങുക.
- അതിലേക്കു നെയ്യിൽ വറുത്ത കിസ്മിസ്, അണ്ടിപ്പരിപ്പ് എന്നിവ ചേർത്തിളക്കി ചെറുചൂടോടെ ഉപയോഗിക്കാം.
ഡാർക്ക് ഫാന്റസി കുക്കീസ് അവിൽ ഉണ്ട – ലീന ലാൽസൺ (രണ്ടാം സമ്മാനം നേടിയ പാചകക്കുറിപ്പ്)
ചേരുവകൾ
- ഡാർക്ക് ഫാന്റസി കുക്കീസ് - 8 എണ്ണം
- ചുവന്ന അവിൽ - 1.5 കപ്പ്
- ശർക്കര - 1/4 കപ്പ്
- ഉണക്ക തേങ്ങാപ്പൊടി - 1/2 കപ്പ്
- ഏലക്ക പൊടി - 1 ടീസ്പൂൺ
- അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി - 1/4 കപ്പ്
- നെയ്യ് - 2 ടീസ്പൂൺ
- പാൽ - 2-3 ടീസ്പൂൺ
തയാറാക്കുന്ന വിധം
- 2 ടീസ്പൂൺ നെയ്യ് ചൂടായിവരുമ്പോൾ അതിലേക്ക് അണ്ടിപ്പരിപ്പ് ചേർത്തു കൊടുക്കുക. 1 മിനിറ്റിനു ശേഷം ഉണക്ക മുന്തിരിയും ചേർത്തു വറുത്തെടുക്കാം. മിക്സിയുടെ ചെറിയ ജാറിലേക്ക് ഒന്നര കപ്പ് അവിൽ ഇടുക. നല്ല പൊടി ആയിട്ട് പൊടിച്ചെടുക്കുക. വീണ്ടും മിക്സിയുടെ ജാറിൽ 6 ഡാർക്ക് ഫാന്റസി കുക്കീസ് പൊട്ടിച്ചിട്ട്, 2 ടീസ്പൂൺ പാൽ ഒഴിച്ചു കൊടുക്കുക. നന്നായിട്ടൊന്ന് അരച്ചെടുത്ത് മാറ്റിവയ്ക്കുക.
- ഒരു മിക്സിങ് ബൗളിലേക്ക് പൊടിച്ചുവച്ച അവിൽ, ഡാർക്ക് ഫാന്റസി മിക്സ് ഇടുക. നന്നായിട്ട് ഇളക്കി കൊടുക്കുക. ഇതിലേക്ക് ഉണക്ക തേങ്ങാപ്പൊടി, ശർക്കര പൊടി, ഏലക്കാ പൊടി എന്നിവ ഇട്ടുകൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കാം. നെയ്യിൽ റോസ്റ്റ് ചെയ്ത അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ഇതിലേക്കു ചേർത്തു യോജിപ്പിക്കാം. ലേശം മിക്സ് കൈയിൽ എടുത്ത് അത് ഉരുട്ടി എടുക്കാം. നന്നായിട്ട് അമർത്തി കൊടുക്കുക.
- ഇത് ഡെസിക്കേറ്റഡ് കോക്കനട്ട് പൊടിയിൽ മുക്കിയെടുക്കാം. രണ്ട് തരത്തിൽ അവിൽ ഉണ്ട കഴിക്കാം. എല്ലാം തയാറാക്കിയ ശേഷം അരമണിക്കൂർ ഫ്രിജിൽ വയ്ക്കാം നല്ല ടേസ്റ്റിയാണ്. ക്രഞ്ചിയായിട്ട് കഴിക്കാൻ താൽപര്യമുള്ളവർക്ക് 2 ഡാർക്ക് ഫാന്റസി കുക്കീസ് പൊടിച്ചിട്ട് ഉണ്ട ആക്കുന്നതിനു തൊട്ടു മുൻപ് ചേർത്തു കൊടുക്കാം.
ഡാർക്ക് ഫാൻറസി കുക്കീസ് സൂഫ്ളേ – ഹസീന (മൂന്നാം സമ്മാനം നേടിയ പാചകക്കുറിപ്പ്)
ചേരുവകൾ
- പാൽ - 2 കപ്പ്
- ഡാർക്ക് ഫാൻറസി കുക്കീസ് - 3 പാക്കറ്റ്
- കണ്ടൻസ്ഡ് മിൽക്ക് - 3/4 കപ്പ് + 1 ടേബിൾസ്പൂൺ
- കൂവപ്പൊടി - 1 ടേബിൾസ്പൂൺ
- വെള്ളം ചേർക്കാത്ത പച്ച തേങ്ങയുടെ പാൽ - 1 കപ്പ്
- ഇളനീർ വെള്ളം - 1.5 കപ്പ്
- പഞ്ചസാര - 2+2 ടേബിൾസ്പൂൺ
- ഇളനീർ കാമ്പ് - 2 കപ്പ്
- ബ്ലാക്ക് കസ്കസ് - 2 ടേബിൾസ്പൂൺ
- കാഷ്യു നട്ട് - 50 ഗ്രാം + 10 എണ്ണം
- കറുത്ത ഉണക്കമുന്തിരി - 25 ഗ്രാം
- ഫിഗ് (ഡ്രൈ അത്തി ) - 10 എണ്ണം
- മത്തൻകുരു - 25 ഗ്രാം
- ചൈനാഗ്രാസ് - 4 ഗ്രാംരാം
- ഉപ്പില്ലാത്ത ബട്ടർ - 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
സ്റ്റെപ്പ് 1
ഇളനീർ വെള്ളത്തിൽ കുതിർത്ത ചൈനഗ്രാസ് ഉരുക്കി എടുക്കുക. ഇതിലേക്ക് 2 ടേബിൾ സ്പൂൺ പഞ്ചസാരയും അഞ്ച് ഡാർക്ക് ഫാൻറസി കുക്കീസ് പൊടിച്ചതും ചേർത്ത് യോജിപ്പിച്ച് ഒരു പരന്ന പാത്രത്തിൽ തണുക്കാൻ വേണ്ടി ഒഴിച്ചു വയ്ക്കുക.
സ്റ്റെപ്പ് 2
പാലും കണ്ടൻസ്ഡ് മിൽക്കും ചെറുതീയിൽ തിളപ്പിക്കുക. ഇതിലേക്കു 2 ടേബിൾസ്പൂൺ പഞ്ചസാര ചേർത്തിളക്കുക. കൂവപ്പൊടി അൽപം പാലിൽ കലക്കി പാൽ തിളപ്പിക്കുക. ഇതിലേക്കു കൈകൊണ്ട് നന്നായി പൊടിച്ചെടുത്ത 8 ഡാർക്ക് ഫാൻറസി കുക്കീസ് നന്നായി യോജിപ്പിച്ച് ഇളക്കിവയ്ക്കുക. പിന്നീട് പാൽകൂട്ടിലേക്കു വെള്ളം ചേർക്കാതെ പിഴിഞ്ഞു വച്ച തേങ്ങാപ്പാൽ യോജിപ്പിക്കുക.
സ്റ്റെപ്പ് 3 ചൂടാറിയശേഷം
ഇളനീർ കാമ്പ് ചെറുതായി ഗ്രൈൻഡ് ചെയ്തു കൂട്ടിലേക്ക് ഒഴിച്ച് യോജിപ്പിച്ചു വയ്ക്കുക
സ്റ്റെപ്പ് 4
ഒരു ഫ്രൈയിങ് പാനിൽ 10 അണ്ടിപ്പരിപ്പും മത്തൻകുരുവും റോസ്റ്റ് ചെയ്തു തരുതരുപ്പായി പൊടിച്ചു വയ്ക്കുക. ഒരു സ്പൂൺ ബട്ടർ ചൂടാകുമ്പോൾ ചെറുതായി അരിഞ്ഞ അത്തിപ്പഴം (ഡ്രൈ ഫിഗ് ) വഴറ്റുക. ഇതിലേക്കു പൊടിച്ചുവച്ച നട്സ് കൂട്ട് മിക്സാക്കി,1 ടേബിൾസ്പൂൺ കണ്ടൻസ്ഡ് മിൽക്കും ചേർത്തു യോജിപ്പിക്കുക. ബാക്കിയുള്ള ഡാർക്ക് ഫാൻറസി കുക്കീസ് പൊടിച്ച് മിക്സ് ആക്കുക ചൂടാറുന്നതിനു മുമ്പ് ചെറിയ ബോൾസ് ആക്കി വെക്കുക.
സ്റ്റെപ്പ് 5
കാഷ്യൂ നട്സ് റോസ്റ്റ് ചെയ്തു വെക്കുക. ഇളനീർ വെള്ളം സെറ്റ് ആവാൻ വെച്ചത് ചെറിയ പീസുകൾ ആക്കി മുറിച്ചു വെക്കുക .ബ്ലാക്ക് കസ്കസും ബ്ലാക്ക് ഉണക്കമുന്തിരിയും വാഷ് ചെയ്തു വെക്കുക. എല്ലാം ഓരോന്നായി സ്പെഷ്യൽ ഡാർക്ക് ഫാൻറസി സൂഫ്ളേ കൂട്ടിൽ മിക്സ് ആക്കുക. ഈ കൂട്ട് തണുപ്പിച്ചും അല്ലാതെയും സെർവ് ചെയ്യാം. വിളമ്പുന്ന സമയത്ത് സ്പെഷ്യൽ ഡാർക്ക് ഫാൻറസി കുക്കീസ് ബോൾസ് ചേർത്ത് വിളമ്പുക. സ്വാദിഷ്ടമായ ഡാർക്ക് ഫാൻറസി വിഭവം റെഡി.
Content Summary : Manoramaonline Dark fantasy onam desserts challenge Grand Finale at Kochi.