ADVERTISEMENT

കുവൈത്തിലെ ലബനീസ് അടുക്കളയിൽ 16 വർഷത്തോളം ജീവിച്ച രണ്ടു പേർ. എത്രയോ പേർക്കു ലബനീസ് രുചി സമ്മാനിച്ച ഇരുവരും തിരിച്ചു നാട്ടിലെത്തിയത്  ആ രുചി വിളമ്പിക്കൊടുക്കാമെന്ന മോഹത്തോടെയാണ്.  ലബനീസ് ഫുഡ് കോർട്ട് എന്ന റസ്റ്ററന്റ് ഉണ്ടായത് അങ്ങനെയാണ്. ആയിരക്കണക്കിനു കൊല്ലങ്ങൾക്കു മുൻപുണ്ടായിരുന്ന ലബനീസ് രുചിയാണ് പിന്നീട് അറബിക് രുചിയായി മാറിയതെന്നു പറയുന്നു.  യഥാർഥ അറബ് ഭക്ഷ്യലോകത്തിന്റെ രുചി.

 

ലബനീസ് ഫുഡ്കോർട്ടിലെത്തിയാൽ ആദ്യം മിക്കവരും ചോദിക്കുന്നതു അറബ് പരമ്പരാഗത വിഭവമായ ഹമ്മൂസാണ്.  ഹമ്മൂസിനൊപ്പം കിട്ടുന്ന പിത്​സ ബ്രഡ് മാത്രമാണ് ഇവിടെയുള്ള ഏക റൊട്ടി.  ചാർക്കോളിൽ ചുട്ടെടുക്കുന്ന ബോൺലസ് ലബനീസിനു പ്രത്യേക രുചിയുണ്ട്. പൂർണമായും ഡ്രൈ അല്ല എന്നതാണ് ഇതിനു രുചി നൽകുന്നത്. വളരെ ലളിതമായ മസാലകൾ ചേർക്കുന്നതിനാൽ ഇതിന് ഏതെങ്കിലും രുചിയുടെ കഠിന സ്വാദില്ല. ചെറിയൊരു ജൂസ് ഉള്ളതുപോലെ തോന്നും. കരിയാതെ കനലിൽ ചുട്ടെടുത്തതിന്റെ നാടൻ രുചിയും ഇതിനുണ്ട്.

 

ഗ്രില്ലാണ് ആരോഗ്യകരമായ ഭക്ഷണത്തിലെ പുതിയ താരം. ഇവിടെ ചിക്കനിലും ബീഫിലുമായി പല രുചികളിലുമുള്ള ഗ്രില്ലുകളുണ്ട്. ചിക്കൻ കബാബ്, മീറ്റ് കബാബ്, ഇറാഖി കബാബ്, മിക്സ് ഗ്രിൽ, മിക്സ് തവൂക്ക്, മീറ്റ് അരയസ് വീത്ത് ചീസ് തുടങ്ങി പല തരത്തിലുള്ള ഗ്രില്ലുകൾ. ഗ്രില്ലുകൾ മാറുന്തോറും രുചിയും മാറുന്നുണ്ട്. എല്ലാ ഗ്രില്ലിനും ഒരേ രുചിയല്ല. ചേരുവകൾ ലളിതം. അതുകൊണ്ടു വെന്ത മാംസത്തിന്റെ രുചി അതുപോലെ കിട്ടും.

 

ചിക്കൻ മജ്ബൂസാണ് റൈസ് ഇനങ്ങളിൽ മുന്നിൽ. ചിക്കൻ ഗ്രിൽ ചെയ്താണ് ഇതിലുപയോഗിക്കുന്നത്. ചിക്കൻ വേവിച്ച വെള്ളത്തിലാണു പിന്നീട് അരി വേവിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ വറ്റിലും ചിക്കന്റെ രുചി കാണും.  അറബിക് ബിരിയാണി, റൈസ് വിത്ത് ഫിഷ് തുടങ്ങിയ വിഭവങ്ങളുമുണ്ട്. ഓർഡർ ചെയ്തു മാത്രമാണു വിഭവം തയാറാക്കുന്നത്.അതുകൊണ്ടുതന്നെ 20 മിനിറ്റെങ്കിലും പല  വിഭവങ്ങൾക്കും കാത്തിരിക്കേണ്ടിവരും.

 

സസ്യാഹാരികൾക്ക് ഇവിടെ രണ്ടു തരം റോളുകൾ കിട്ടും. രണ്ടു പേർക്കു കഴിക്കാവുന്ന വിധത്തിലുള്ള വലിയ റോളുകളാണിത്. നന്നായി കഴിക്കാത്തവർ ഓർഡർ ചെയ്യുമ്പോൾ അളവ് ശ്രദ്ധിക്കണം. ബീഫ്, ചിക്കൻ സ്റ്റീക്,പോഴ്സിനി കൂൺ, ചിക്കൻ എസ്കലോപെ തുടങ്ങിയവയും മെനുവിലുണ്ട്. സാധാരണ കേരള ബിരിയാണി കഴിച്ച് അമിത മസാല ശീലിച്ചവർക്കു ലബനീസ് വേണ്ടത്ര പിടിക്കണമെന്നില്ല. എന്നാൽ ആയിരത്തിലേറെ വർഷം പഴക്കമുള്ളൊരു വിഭവ പരമ്പരയുടെ രുചി അറിയേണ്ടവർക്ക് ഇതു നല്ലതാണ്.16 വർഷം കുവൈത്തിൽ ഷെഫുമാരായിരുന്ന വർഗീസ് പുത്തനും വിജീഷ് ഉപ്പിലിക്കാടുമാണ് ഇതിന്റെ ഉടമകൾ. അവർ തന്നെയാണ് മിക്കപ്പോഴും അടുക്കളയിലും. തൃശൂർ മ്യൂസിയം റോഡിൽ മ്യൂസിയത്തിനു നേരെ എതിർവശത്താണു ലബനീസ് ഫുഡ് കോർട്. 9747928844.

 

Content Summary : Lebanese food stall in thrissur.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com