ADVERTISEMENT

ഇന്ത്യയുടെ ഏതു കോണില്‍ ചെന്നാലും  നിരവധി ആരാധകരുള്ള ഒരു വിഭവമാണ് ബിരിയാണി. ഹൈദരാബാദിനും ലഖ്നോവിനും  നമ്മുടെ തലശ്ശേരിക്കും കോഴിക്കോടിനുമെല്ലാം  വൈവിധ്യമാര്‍ന്ന ഒരു തനതു ബിരിയാണി രുചി പങ്കുവയ്ക്കാനുമുണ്ടാകും. സ്വാഭാവികമായും ഭക്ഷണപ്രിയരില്‍ പലരും ബിരിയാണിയോടുള്ള തങ്ങളുടെ ഇഷ്ടം ഓണ്‍ലൈന്‍ ഇടങ്ങളിലും വിളമ്പാറുണ്ട്.  

 

യുട്യൂബ് വിഡിയോ, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ പോസ്റ്റുകളായും വാട്സാപ്പ് സ്റ്റാറ്റസുകളായും  ഈ ബിരിയാണി പ്രിയം ഓണ്‍ലൈനില്‍ ചിലപ്പോഴൊക്കെ വൈറലുമാകും. എന്നാല്‍ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്നൊരു ബിരിയാണി ട്വീറ്റ് ഓണ്‍ലൈനില്‍ വൈറലായത് ബിരിയാണിയുടെ രുചിയുടെ പേരില്‍ മാത്രമല്ല  വളരെ വേഗത്തിലുള്ള അതിന്‍റെ ഡെലിവറി കൊണ്ട് കൂടിയാണ്. 

 

ദെബര്‍ഗ്യ ദാസ് എന്ന ഐടിക്കാരനിട്ട ട്വീറ്റാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിച്ചത്. ബംഗലൂരുവിലെ മേഘനയില്‍ നിന്ന് താന്‍ ഓര്‍ഡര്‍ ചെയ്ത ബിരിയാണി  നല്ല ചൂടോടെ എട്ട് മിനിറ്റിനുള്ളില്‍ കൈയില്‍ കിട്ടിയെന്നായിരുന്നു ബിരിയാണിയുടെ ചിത്രങ്ങള്‍ സഹിതം ദാസ് ട്വീറ്റ് ചെയ്തത്. സാന്‍ഫ്രാന്‍സിസ്കോയില്‍ ഒരു ശരാശരി രുചിയുള്ള തണുത്ത സാന്‍ഡ് വിച്ച് കൈയിലെത്താന്‍ 25 ഡോളര്‍ നല്‍കി 55 മിനിറ്റ് കാത്തിരിക്കണമെന്നും ഇന്ത്യയില്‍ വെറും അഞ്ച് ഡോളറിനു കൊതിയൂറുന്ന ബിരിയാണിയ്ക്ക്, എട്ട് മിനിറ്റിൽ‍ ചൂടോടെ എത്തിയെന്നുമായിരുന്നു ട്വീറ്റിന്‍റെ ചുരുക്കം. 

 

മിനിറ്റുകള്‍ക്കുള്ളില്‍ വൈറലായ ട്വീറ്റിനു നാലായിരത്തോളം ലൈക്കുകളും നൂറു കണക്കിന് റീട്വീറ്റുകളും കമന്‍റുകളും ലഭിച്ചു. കനത്ത ട്രാഫിക്കിനു കുപ്രസിദ്ധി നേടിയ ബംഗളൂരുവിൽ ഇത്രയെളുപ്പം ഫുഡ് ഡെലിവറി എത്തിയതിലുള്ള അത്​ഭുതവും പലരും കമന്‍റില്‍ പ്രകടിപ്പിച്ചു. ഇതൊക്കെയെന്ത്, ജര്‍മ്മനിയില്‍ ഓര്‍ഡര്‍ ചെയ്ത് ഒന്നര മണിക്കൂര്‍ തനിക്ക് ഭക്ഷണത്തിനായി കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്ന് മറ്റൊരാളും കുറിച്ചു. എന്നാല്‍ ഭക്ഷണത്തിന്‍റെ രുചിയില്‍ തുടങ്ങിയ ചര്‍ച്ചകള്‍ ഇന്ത്യയിലെ കുറഞ്ഞ വേതനത്തെയും തൊഴിലില്ലായ്മയെയും മോശം തൊഴില്‍ സാഹചര്യങ്ങളെയും സംബന്ധിച്ച ചൂടന്‍ വാഗ്വാദങ്ങളിലേക്കും നീങ്ങി. 

 

ആപ്പിളിനെ ഓറഞ്ചുമായി താരതമ്യം ചെയ്യുന്നത് പോലെയാണ് രണ്ട് തരം തൊഴില്‍ സാഹചര്യങ്ങളുള്ള രണ്ട് രാജ്യങ്ങളെ താരതമ്യപ്പെടുത്തുന്നതെന്ന് ചിലര്‍ കുറിച്ചു. ഒരു നെഞ്ച് വേദന വന്ന് എമര്‍ജന്‍സി ഹെല്‍പ് ലൈന്‍ നമ്പർ  വിളിച്ചാല്‍ ഇത്ര വേഗത്തില്‍ ഇന്ത്യയില്‍ ആശുപത്രിയിലെത്തുമോ എന്നതായിരുന്നു പരിഹാസം നിറഞ്ഞ മറ്റൊരു കമന്‍റ്. ഇത്രയ്ക്ക് നല്ലതാണ് നിങ്ങളുടെ  ഇന്ത്യയെങ്കില്‍ അവിടേക്ക് മടങ്ങിപോകൂ എന്ന തരത്തിലുള്ള വംശീയ കമന്‍റുകളും ചില കോണുകളില്‍ നിന്നെത്തി. ചർച്ചകളിൽ സജീവമായി പങ്കെടുത്ത ദാസ് ചിലതിനെല്ലാം കണക്കുകൾ സഹിതമുള്ള മറുപടിയും നൽകി.    

 

Content Summary : Quick Biryani delivery in Bengaluru viral tweet.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com