ADVERTISEMENT

രണ്ടു വസ്തുതകൾ ആദ്യമേ പറയാം!

∙ മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ വെജിറ്റേറിയനാണ്. ‘എഗ്സ് കേജ്‍രിവാൾ’ എന്ന വിഭവത്തിനു അദ്ദേഹവുമായി ഒരു ബന്ധവുമില്ല.

∙ ഒരുപക്ഷേ അരവിന്ദ് കേജ്‍രിവാളിനെക്കാൾ അറിയപ്പെടുന്നത് ‘എഗ്സ് കേജ്‍രിവാളാ’കും! ലണ്ടനിലെ റസ്റ്ററന്റ് ശൃംഖലയായ ഡിഷ്യൂമിലും ന്യൂയോർക്കിലെ പാ‌വ്‌വാലയിലും ഏറ്റവും ജനപ്രിയമായ വിഭവങ്ങളിൽ ഒന്നാണിത്. മൻഹാറ്റൻ പാവ്‌വാലയിലെ ‘എഗ്സ് കേജ്‍രിവാൾ’ വേർഷൻ 2016ലെ ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും മികച്ച വിഭവങ്ങളുടെ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്.

ഒക്ടോബർ 14 ലോക മുട്ട ദിനമാണ്.

ഒരു രസികൻ  മുട്ട വിഭവത്തിന് പിന്നിലെ കഥ അറിയാം...

അരവിന്ദ് കേജ്‍രിവാൾ രാഷ്ട്രീയത്തിലിറങ്ങുന്നതിനു മുൻപു തന്നെ ഈ രസികൻ കളത്തിലുണ്ട്. ജനനം മുംബൈയിലാണെന്നാണു കഥ. വില്ലിങ്ഡൺ സ്പോർട്സ് ക്ലബ്ബിലെത്തിയിരുന്ന ദേവി പ്രസാദ് കേജ്‍രിവാളുമായി ചേർന്നാണ് കഥ പ്രചരിക്കുന്നത്. സസ്യ ഭക്ഷണം മാത്രം കഴിക്കുന്നവരാണ് കേജ്‍രിവാൾ കമ്യൂണിറ്റിയിൽപെട്ടവർ. എന്നാൽ ദേവി പ്രസാദ് കേജ്‍രിവാളിന് മുട്ട കഴിക്കാൻ ആഗ്രഹം. വില്ലിങ്ഡൺ ക്ലബ്ബിലെത്തിയ അദ്ദേഹം ചീസ് നിറച്ച ‘എഗ്സ് ഓൺ ടോസ്റ്റ്’ ആവശ്യപ്പെട്ടു. ബ്രഡിനു മുകളിൽ ബുൾസ് ഐയും അതിന് ഇടയിൽ നിറയെ ചീസും മുകളിൽ പച്ചമുളക് അരിഞ്ഞതും വിതറിയെത്തിയ വിഭവം അദ്ദേഹം പതിവായി ആസ്വദിച്ചിരുന്നു. ഇതു കണ്ട പലരും അദ്ദേഹം കഴിക്കുന്നതു പോലെ മുട്ട തയാറാക്കാൻ നിർദേശിച്ചു. കാലക്രമേണ ഈ വിഭവം ‘എഗ്സ് കേജ്‍രിവാൾ’ എന്ന് അറിയപ്പെട്ടെന്നാണ് കഥ.

സംഗതി അതീവ ലളിതമാണ്. ബ്രഡും അതിനു മുകളിൽ പോച്ച്ഡ് അല്ലെങ്കിൽ ഫ്രൈഡ് എഗും നിറയെ ചീസും പച്ചമുളകും ഉൾപ്പെട്ട ക്ലാസിക്ക് വിഭവത്തിനു പല രുചിയിടങ്ങളും പല വേർഷനുകൾ നൽകുന്നു. ഡൽഹിയിൽ ഖാൻ മാർക്കറ്റിലെ ‘സോഡാ ബോട്ടിൽ ഓപ്പണർവാല’ ഉൾപ്പെടെയുള്ള റസ്റ്ററന്റുകളിൽ ഈ വിഭവം വിളമ്പുന്നുണ്ട്.

ആവശ്യമായ ചേരുവകൾ

∙ മുട്ട– 1
∙ സവാള– 2 എണ്ണം അരിഞ്ഞത്
∙ ഉപ്പ്, കുരുമുളക് പൊടി– ആവശ്യത്തിന്
∙ തക്കാളി– ഒരെണ്ണം, അരിഞ്ഞത്
∙ പച്ചമുളക്– 1, അരിഞ്ഞത്
∙ മല്ലിയില– 2 സ്പൂൺ, അരിഞ്ഞത് (ആവശ്യമെങ്കിൽ മാത്രം)

തയാറാക്കുന്ന വിധം

∙ മുട്ട ഒരു പാനി‍ൽ ‘ബുൾസ് ഐ’ രീതിയിൽ വേവിച്ചെടുക്കാം. ഇതു മാറ്റിയ ശേഷം പാനിൽ സവാള, തക്കാളി എന്നിവ ഇട്ടു വഴറ്റിയെടുക്കുക. ഉപ്പ്, കുരുമുളക്, മല്ലിയില എന്നിവയും ചേർത്ത് ഇളക്കിയെടുക്കാം. അധികം വേവാതെ ശ്രദ്ധിക്കണം. ശേഷം ഇതു മാറ്റിവയ്ക്കുക.

∙ ബ്രഡ് ടോസ്റ്റ് ചെയ്തെടുക്കാം. ഇതിനു മുകളിൽ ചീസും വയ്ക്കുക. ചീസ് ഉരുകിത്തുടങ്ങണം. ശേഷം ഇതൊരു പാത്രത്തിലേക്കു മാറ്റുക. ടോസ്റ്റിനു മുകളിൽ വേവിച്ച തക്കാളി, സവാള ഫില്ലിങ് നിരത്തുക. അതിനു മുകളിൽ മുട്ട വേവിച്ചത് വയ്ക്കുക. ഇതിനു മുകളിൽ പച്ചമുളക് അരിഞ്ഞതും വിതറി വിളമ്പാം.

Content Summary : Eggs Kejriwal, toast good bread and smear it with mustard 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com