ആരോഗ്യകരമായ ജീവിതത്തിൽ ഒരു ദിവസം എത്ര കപ്പ് കാപ്പി കുടിക്കാം?
Mail This Article
അതിരാവിലെ ഉറക്കമെണീറ്റ ഉടൻ അല്ലെങ്കിൽ ഉച്ചയൂണിന്റെ ആലസ്യം അകറ്റാൻ, ആവി പറക്കുന്ന ഒരു കപ്പ് ചൂടു കാപ്പി! മിക്കവരുടെയും ശീലമാണിത്. കാപ്പികുടി നല്ലതോ മോശമോ എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുമുണ്ട്. എന്നാൽ മിതമായ രീതിയിൽ കാപ്പി കുടിക്കുന്നത് ഉന്മേഷത്തിനപ്പുറം മറ്റു പല ഗുണങ്ങളും സമ്മാനിക്കുണ്ടെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
കാപ്പിയിലെ പ്രധാന ഘടകമായ കഫീൻ ഹൃദയത്തിന്റെയും രക്ത ചംക്രമണ വ്യവസ്ഥയുടെയും ആരോഗ്യത്തിനു സഹായകമാണ്. നമ്മുടെ ഹൃദയത്തെ ആരോഗ്യത്തോടെ കാക്കുന്നതിനൊപ്പം അർബുദ രോഗങ്ങളിൽനിന്നു സുരക്ഷയും കഫീൻ നൽകുന്നുണ്ട്. ആന്റി ഓക്സിഡന്റ്സായ മഗ്നീഷ്യം, പൊട്ടാസ്യം, വൈറ്റമിൻ ഇ എന്നിവയും ചെറിയ അളവിൽ കാപ്പിയിൽ അടങ്ങിയിട്ടുണ്ട്.
ഫരീദാബാദിലെ ആസിയാൻ ആശുപത്രിയിലെ ഹെഡ് ഡയറ്റീഷ്യൻ കോമൾ മാലിക്കിന്റെ അഭിപ്രായത്തിൽ, അനുവദനീയമായ അളവിൽ ദിവസവും കാപ്പി കുടിക്കുന്ന ഒരാൾക്ക് അമിത ഉത്കണ്ഠയുടെ വെല്ലുവിളി കുറയുകയും മികച്ച ഏകാഗ്രത, ഊർജം, സന്തുലനം എന്നിവ ലഭിക്കുകയും ചെയ്യുന്നു. മനുഷ്യരുടെ മാനസിക നിലയെയും കാപ്പി സ്വാധീനിക്കുന്നുണ്ടത്രേ. അൽപം മൂഡ് ഓഫായിരിക്കുന്ന സമയത്തു ചൂട് കാപ്പി കുടിക്കുന്നതു നന്നായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
ന്യൂഡൽഹിയിലെ ഫോർട്ടിസ് എസ്കോർട്ട് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ നൂട്രീഷനിസ്റ്റ് ദൽജിത് കൗർ പറയുന്നത്, മൂഡ് ലിഫ്റ്റർ എന്നതിനപ്പുറം, ശരീരത്തിലെ നീർവീക്കം കുറയ്ക്കുന്ന പോളി ഫിനോൾ കാപ്പിയിൽ ഉണ്ടെന്നാണ്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കാപ്പി ശീലമാക്കുന്നത് നല്ലതാണത്രേ.
ഒരു ദിവസം എത്ര കപ്പ് കാപ്പി?
ദിവസം രണ്ടോ മൂന്നോ കപ്പ് കാപ്പി കുടിക്കാം എന്നാണ് പഠനങ്ങൾ പറയുന്നത്.
എന്നാൽ ഇതിനപ്പുറം കാപ്പി കുടിക്കുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കും എന്ന് ദിൽജിത് കൗർ മുന്നറിയിപ്പ് നൽകുന്നു. ഒരു കപ്പ് കാപ്പിയിൽ നൂറു മില്ലിഗ്രാം കഫീനാണ് അടങ്ങിയിരിക്കുന്നത്. അഞ്ചോ ഏഴോ കപ്പു കാപ്പി ദിവസവും കുടിച്ചാൽ നമ്മുടെ ശരീരത്തിൽ എത്തുക എഴുനൂറു മില്ലിഗ്രാം കാഫീനാണ്.
അമിതമായി കാപ്പി കുടിക്കുന്ന ശീലം ഉള്ള ചിലർ ദിവസേനെ 2000 മില്ലിഗ്രാം കാഫീൻ വരെ അകത്താക്കാറുണ്ട് എന്നും അവർ പറയുന്നു. ഇത് ഹൃദയ രോഗങ്ങൾക്കും അമിത ഉത്കണ്ഠയ്ക്കും പുറമേ സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയെ വരെ ദോഷമായി ബാധിക്കാം എന്ന് കോമൾ മാലിക്ക് പറയുന്നു.
മിതമായ കാപ്പി കുടി
കാപ്പിയിൽ പാൽ ചേർക്കുന്നതു കൂടുതൽ കാലറി ശരീരത്തിൽ എത്തിക്കുകയേ ഉള്ളൂ. എന്നാൽ അത് താല്പര്യം ഉള്ളവർക്ക് അങ്ങനെ തന്നെ മുന്നോട്ടു പോകാം എന്നാണ് മാലിക്ക് പറയുന്നത്. എന്നാൽ കാലറി കുറഞ്ഞ ഡബിൾ ടോൺട് അല്ലെങ്കിൽ സ്‌കിംഡ് മിൽക്ക് നല്ലതാണെന്നും മാലിക്ക് കൂട്ടി ചേർക്കുന്നു.
കട്ടൻ കാപ്പി നല്ലതാണ് എന്നാൽ കാപ്പിക്കൊപ്പം തിരഞ്ഞെടുക്കുന്ന പാലിൽ ശ്രദ്ധ വേണം. കാപ്പിക്കൊപ്പം പഞ്ചസാര, ക്രീം നിറഞ്ഞ പാൽ എന്നിവ ഒഴിവാക്കണമെന്നും കോമൾ പറയുന്നു!
Content Summary : Coffee, how many cups you should have in a day for healthy life.