കരളേ, കടക്കു പുറത്ത്! ചാൾസ് രാജാവ് തീൻമേശയിൽ കയറ്റാത്ത വിഭവങ്ങൾ
Mail This Article
ഭക്ഷണപ്രേമികൾ കൊതിയോടെ നോക്കുന്ന പല വിഭവങ്ങളും കൊട്ടാരത്തിലെ തീൻമേശയിൽനിന്നു മാറ്റാൻ നിർദേശവുമായി ചാൾസ് മൂന്നാമൻ രാജാവ്. സസ്യാഹാരശീലം പിന്തുടരുന്ന ചാൾസ് രാജാവ് ഉച്ചസമയത്ത് ഭക്ഷണം കഴിക്കാറില്ല. അമ്മ എലിസബത്ത് രാജ്ഞിയെപ്പോലെ ചാൾസിനും ചില ഭക്ഷണശീലങ്ങളൊക്കെയുണ്ട്. വെളുത്തുള്ളി, ഷെൽഫിഷ് എന്നിവ ബ്രിട്ടിഷ് കൊട്ടാരത്തിന്റെ അടുക്കളയിൽനിന്നു മുൻപേ പുറത്തായിട്ടുണ്ട്. എന്നാൽ പുതിയ രാജാവിന്റെ ശീലങ്ങൾ ഇതിലും കുറച്ചു വ്യത്യസ്തമാണ്. ചില ഭക്ഷണപദാർഥങ്ങൾ തന്റെ തീൻമേശയിൽ വേണ്ട എന്ന് അദ്ദേഹം കൃത്യമായ നിർദ്ദേശം നൽകി കഴിഞ്ഞു. അത് ഏതൊക്കെയെന്നു നോക്കാം.
ഫാ ഗ്രാ (Foie Gras)
ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികൾ കൊതിയോടെ നോക്കുന്ന വിഭവമാണ് ഇത്. വാത്ത അല്ലെങ്കിൽ താറാവിന്റെ കരൾ കൊണ്ടു തയാറാക്കുന്ന രുചികരമായ ഈ ഫ്രഞ്ച് വിഭവം, അതു തയാറാക്കുന്ന രീതിയുടെ പേരിൽ വിമർശനം നേരിട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ 2008 മുതൽ ബ്രിട്ടിഷ് കൊട്ടാരത്തിലെ അടുക്കളയിൽ ഈ വിഭവം തയാറാക്കരുത് എന്ന് കൃത്യമായ നിർദ്ദേശം ഉണ്ട്. മേരി ക്ലയറിന്റെ റിപ്പോർട്ട് അനുസരിച്ച് ഒരു ബ്രിസ്റ്റോൾ സ്വദേശി അന്നത്തെ രാജകുമാരന് ഈ വിഭവം തയാറാക്കുന്നതിനു പിന്നിലെ ക്രൂരത സംബന്ധിച്ച് ഒരു കത്ത് എഴുതുകയുണ്ടായി. തുടർന്നാണ് കൊട്ടാരത്തിന്റെ അടുക്കളയിൽ ഇനിയൊരിക്കലും ഈ വിഭവം പാകം ചെയ്യില്ല എന്ന ഉറപ്പ് രാജകുടുംബം നൽകിയത്.
ചോക്കലേറ്റ്
എലിസബത്ത് രാജ്ഞി പേരുകേട്ട ചോക്ലേറ്റ് പ്രേമിയായിരുന്നെങ്കിൽ ചാൾസ് രാജാവിന് ഒട്ടും ചോക്ലേറ്റ് പ്രിയമില്ല. അതുകൊണ്ടുതന്നെ രാജകീയ വിഭവങ്ങളുടെ പട്ടികയിൽനിന്ന് ചോക്ലേറ്റിനെ അകറ്റി നിർത്തിയിട്ടുണ്ട്.
കോഫി
മറ്റു രാജകുടുംബാംഗങ്ങളെപ്പോലെ ചായയാണ് ചാൾസ് രാജാവിനും കാപ്പിയേക്കാൾ പ്രിയം. തന്റെ ചായയുടെ കാര്യത്തിൽ പ്രത്യേക നിഷ്ഠയും അദ്ദേഹത്തിനുണ്ട്. ഏൾ ഗ്രെ ടീ, ഗ്രീൻ ടീ, ഇംഗ്ലിഷ് ബ്രേക്ഫാസ്റ്റ് ടീ തുടങ്ങി രാജാവിന് ഇഷ്ടമുള്ള ചായകൾ നിരവധിയാണ്. ചായക്കപ്പ് ഹാൻഡിൽ, സ്പൂൺ എന്നിവ വയ്ക്കേണ്ട വിധം, ചേർക്കേണ്ട മധുരം തുടങ്ങി ഓരോ ചായ തയാറാക്കുന്നതിനും കൃത്യമായ ചിട്ടവട്ടങ്ങളും കൊട്ടാരത്തിലെ അടുക്കളയിൽ പാലിക്കപ്പെടുന്നു.
ബട്ടർ കുക്കീസ്
വെണ്ണ, ധാന്യങ്ങൾ, കിഴങ്ങ് എന്നിവ കൊണ്ടു തയാറാക്കുന്ന ബട്ടർ കുക്കികളുടെ വലിയ ആരാധകനാണ് ചാൾസ് രാജാവ്. അതു ചൂടോടെ കഴിക്കാനാണു രാജാവിനിഷ്ടം. പ്രത്യേക താപനിലയിൽ രണ്ടാമത് ചൂടാക്കിയ ശേഷമാണ് രാജാവ് ഇവ കഴിക്കുന്നത്. അല്ലെങ്കിൽ അത് രുചിച്ചു പോലും നോക്കാറില്ലത്രേ! റിപ്പോർട്ടുകൾ പറയുന്നത് രാജാവിന്റെ ഇഷ്ടത്തിനനുസരിച്ചുള്ള താപനില ഉറപ്പാക്കുന്നതിനായി കൊട്ടാരം കുശിനിക്കാർ പ്രത്യേക വാമിങ് പ്ലാൻ കരുതാറുണ്ടെന്നാണ്.
മാംസവും പാലുൽപന്നങ്ങളും
2021 ൽ ബിബിസി ബ്രേക്ഫാസ്റ്റിന് നൽകിയ അഭിമുഖത്തിൽ, പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തിയുള്ള ഭക്ഷണരീതി പിന്തുടരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചാൾസ് രാജാവ് സംസാരിച്ചിരുന്നു. ആഴ്ചയിൽ രണ്ടുദിവസം മാംസമോ മത്സ്യമോ അദ്ദേഹം ഉപയോഗിക്കാറില്ല. ഇതിനുപുറമേ ആഴ്ചയിൽ ഒരു ദിവസം എല്ലാത്തരം പാലുൽപന്നങ്ങളും തന്റെ തീൻമേശയിൽനിന്ന് ഒഴിവാക്കാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.
Content Summary : What King Charles Avoids Eating.