ഐ ടി വിട്ട് റസ്റ്ററന്റ് തുറന്നു; ഹിറ്റ്ലറുടെ നാട്ടിൽ ഇന്ത്യൻ രുചി വിളമ്പുന്നവർ!
Mail This Article
ജർമ്മനിയിലെ ബെർലിനുള്ള 'സ്വാദിഷ്ട' റസ്റ്ററന്റിൽ എത്തുന്നവർക്ക് ആദ്യം ഒരു അങ്കലാപ്പ് ഉണ്ടാകാൻ സാധ്യതയുണ്ട്. കാരണം ആറടിക്കു മുകളിൽ പൊക്കമുള്ള ജർമൻ സായിപ്പും മദാമ്മയും പാനി പൂരിയും പൂരിയും കഴിക്കുന്നത് അത്ര സ്വാഭാവികമായ ഒരു കാഴ്ച അല്ലല്ലോ. ടെക്കികളായി ബെർലിനിൽ എത്തിയ ദീപക് -ശൈലജ പാട്ടിൽ ദമ്പതികളാണു കഴിഞ്ഞ നാലു വർഷത്തിലേറെയായി സ്വാദിഷ്ട എന്ന ഈ റസ്റ്റോറന്റ് നടത്തുന്നത്. എരിവും പുളിയും കുറഞ്ഞ ഭക്ഷണം മാത്രം കഴിച്ച് ശീലമുള്ള ബെർലിൻ നിവാസികളെ ദബെലി , മട്കി ചി ഉസൽ, സേവ് പുരി തുടങ്ങിയ പക്കാ മറാഠി വിഭവങ്ങളുടെ ഫാൻ ആക്കി മാറ്റിയിരിക്കുകയാണ് ഇവർ. ദിവസേന 200 ലേറെ അതിഥികളാണ് മറാഠി വിഭവങ്ങൾ രുചിക്കാനായി ഇവിടെ എത്തുന്നത്. ശനി,ഞായർ ദിവസങ്ങളിൽ അവരുടെ എണ്ണം ഉയരുമെന്നും ദീപക്ക് പറയുന്നു
രണ്ടായിരത്തിൽ കേവലം മൂന്നുമാസത്തെ പ്രോജക്ടുമായാണ് ദീപക് ബെർലിനിൽ എത്തുന്നത്. എന്നാൽ ആ പ്രോജക്റ്റിന് പിന്നാലെ മറ്റു പ്രൊജക്ടുകൾ വന്നതോടുകൂടി കൂടുതൽ നാൾ ജർമനിയിൽ തുടരേണ്ടതായി വന്നു.. ഇപ്പോൾ ഏതാണ്ട് 20 വർഷക്കാലമായി ഇവർ ജർമ്മനിയിൽ സ്ഥിരതാമസമാണ്.
ജർമ്മനിയിൽ ഒരു ഇന്ത്യൻ റസ്റ്ററന്റ് തുടങ്ങാനുള്ള കാരണം തന്റെ ഭാര്യയാണെന്നു ദീപക് പറയുന്നു. ശൈലജ ഗർഭിണിയായിരിക്കെ ഇന്ത്യൻ ഭക്ഷണം അന്വേഷിച്ച് ഇരുവരും നടത്തിയ യാത്രകളാണ് സ്വന്തമായി ഒരു റസ്റ്ററന്റ് എന്ന ആശയത്തിനു പിന്നിൽ. ദക്ഷിണേന്ത്യൻ ഭക്ഷണം വിളമ്പുന്ന ഒരു ഹോട്ടൽ അന്ന് ഇരുവരും കണ്ടുപിടിച്ചു എങ്കിലും, അവിടുത്തെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഇല്ലായ്മ ഇരുവരെയും സങ്കടത്തിലാക്കി. ഇതേ തുടർന്ന് മികച്ച കുക്കായ ശൈലജ, പ്രസവശേഷം വീട്ടിൽ നിന്ന് ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാൻ തുടങ്ങി. 2010 ൽ ഒരു ചെറിയ കേറ്ററിങ് സർവീസിനും ഇരുവരും തുടക്കം കുറിച്ചു
2018 ൽ സ്വാദിഷ്ട എന്ന ഭക്ഷണശാലയ്ക്കു തുടക്കം കുറിക്കുമ്പോൾ ബെർലിനിൽ മാത്രം ഏതാണ്ട് അഞ്ഞൂറോളം ഇന്ത്യൻ ഭക്ഷണശാലകൾ ഉണ്ടായിരുന്നതായി ദീപക്ക് ഓർത്തെടുക്കുന്നു. എന്നാൽ വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം ചൂടോടെ ആളുകൾക്ക് ലഭ്യമാക്കുക എന്ന മാർക്കറ്റിങ് തന്ത്രമാണ് ഇരുവരും സ്വാദിഷ്ടയിൽ പ്രയോഗിച്ചത്. ഇന്ന് ഇവിടെ നിന്നും ഭക്ഷണം കഴിക്കാൻ എത്തുന്നവരുടെ നീണ്ട നിര ഈ തന്ത്രം വിജയിച്ചു എന്നതിന്റെ തെളിവാണ്.
90,000 യുറോ മുതൽ മുടക്കിൽ ആരംഭിച്ച ഹോട്ടൽ വ്യവസായത്തിൽ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നതായും ദീപക് പറയുന്നു. എന്നാൽ കൈകൊണ്ട് ഉണ്ടാക്കുന്ന മസാലകൾ ചേർത്തു സ്വയം തയാറാക്കുന്ന വിഭവങ്ങളുടെ രുചിയാണ് റസ്റ്ററന്റിനെ വിജയിപ്പിക്കുന്നത് എന്ന ഉറച്ച ബോധ്യം ഇരുവർക്കുമുണ്ട്. അതുകൊണ്ടു തന്നെ മറ്റു റസ്റ്ററന്റുകളെപോലെ പാചകം ഔട്ട്സോഴ്‌സ് ചെയ്യാനുള്ള തീരുമാനം ഒരിക്കലും എടുക്കില്ലെന്നും ഇരുവരും പറയുന്നു. തെറ്റുകളിൽ നിന്നും പാഠം പഠിച്ചു മുന്നേറാനുള്ള മനസ്സാണ് ഈ ദമ്പതികളുടെയും സ്വദിഷ്ടയുടെയും വിജയത്തിനു പിന്നിൽ!
Content Summary : Swadishta exquiste Indian dine best Indian restaurant in Berlin.