ADVERTISEMENT

ബർഗർ എന്നുകേട്ടാൽ മുഖംതിരിക്കുന്നവരോട്. മുഖം തിരിക്കേണ്ടതു ബർഗറിലേക്കാണ്. കാരണമുണ്ട്. ഇതുവരെ നിങ്ങൾ രുചിച്ചിട്ടില്ലാത്ത, കഴിച്ചിട്ടില്ലാത്ത ബർഗറാണു കാത്തിരിക്കുന്നത്. പച്ചമാങ്ങയുടെ രുചിനാരുകളുള്ള അസാധ്യ ബർഗർ. മാംഗോസ്ലോ ബർഗർ. കോൾസ്ലോയിൽ പച്ചമാങ്ങ ചേർത്തുള്ള അപൂർവ വിഭവം. മലയാളിയുടെ പച്ചമാങ്ങ ബർഗറിൽ സമന്വയിക്കുന്ന ഫ്യൂഷൻ സാധനം.

 

കോൾസ്ലോയുടെ ജനനം പുരാതന റോമൻ സാമ്രാജ്യത്തിൽനിന്നെന്നു കേൾവി. നേർമയായി അരിഞ്ഞ കാബേജും വിനാഗിരിയും മുട്ടയും ചില സുഗന്ധവ്യഞ്ജനങ്ങളും ചേർത്തുള്ള സാലഡ് എന്ന നിലയിൽ ഡച്ചുകാരാണു കോൾസ്ലോയെ ജനപ്രിയമാക്കിയത്. വേവിക്കാത്ത കാബേജുകൊണ്ടുള്ള സാലഡെന്നു ചുരുക്കം. കാബേജ് സാലഡിനു ഡച്ചിൽ ‘കൂസ്ല’ എന്നുപറയും. 18–ാം നൂറ്റാണ്ടിൽ അമേരിക്കക്കാരുടെ ഇഷ്ടവിഭവമായി. അവരതിൽ മയോണൈസ് ചേർത്തു. ചേർക്കാത്തവരുമുണ്ട്.

 

കൊച്ചിയിൽ പാലാരിവട്ടം മേൽപാലത്തിനു സമീപം ‘ബിയോണ്ട്ബർഗ്’ ഭക്ഷണശാലയിൽ കോൾസ്ലോയിൽ പച്ചമാങ്ങ ചേർത്തു വ്യത്യസ്തമാക്കിയിരിക്കുകയാണ്. മാംഗോസ്ലോ ബർഗർ എന്നു പേരുമിട്ടു. മാങ്ങ കിട്ടുന്ന മാസങ്ങളിലേ ഇവിടെയിതുണ്ടാക്കൂ. അല്ലാത്തപ്പോൾ മറ്റെല്ലാ ഇനം ബർഗറുകളും കിട്ടും. 

 

ബിയോണ്ട്ബർഗിലെ മാങ്ങാ ബർഗറൊരു കലാസൃഷ്ടിയാണ്. വെറും പച്ചമാങ്ങയല്ല, ചെറുതായി ചെനച്ച, പുളി കുറഞ്ഞുതുടങ്ങുന്ന, മധുരത്തിന്റെ ഉത്തേജകം കുത്തിവച്ചിട്ടില്ലാത്ത കോൾസ്ലോയാണ്. പക്ഷേ നേരിയ പുളിയുണ്ട്. ബഫലോ ഹോട്ട് സോസാണു പുളിയുടെ കാരണഭൂതൻ. പച്ചമാങ്ങയല്ല. വിവിധ രുചികളുടെ മേളമാണ് ഈ ബർഗർ. കിളുന്നു കോഴിയിറച്ചി ഡീപ്ഫ്രൈ ചെയ്ത്, അതിനുമീതെയാണു ബഫലോ ഹോട്ട് സോസ് പ്രയോഗിക്കുന്നത്. അതിനുംമീതെ മാംഗോസ്ലോ. മുകളിലും താഴെയുമായി പതുപതുപ്പുള്ള ബ്രിയോഷ് ബൺ. 

 

ബിയോണ്ട്ബർഗറിലെ വിഭവങ്ങളുടെ പ്രത്യേകത രുചിത്തനിമ തന്നെയാണ്. പല രാജ്യാന്തര ബർഗർശാലകളും യന്ത്രത്തിൽ പാകപ്പെടുത്തുമ്പോൾ ഇവിടെ ഓരോ ബർഗറും ഷെഫിന്റെ കൈകളിൽ വിരിയുകയാണ്. ഫ്രീസറിൽവച്ച സാധനങ്ങളൊന്നുമില്ല. അന്നന്നത്തേക്കുള്ള ബ്രഡും ബണ്ണും അടുക്കളയിൽത്തന്നെ ഉണ്ടാക്കിയെടുക്കുന്നു. ബീഫ് ബർഗറും ഉജ്വലമാണ്. 

 

ബർഗറുകൾക്കൊപ്പം കഴിക്കാൻ നൈട്രോ കോൾഡ് ബ്രൂ കോഫിയുണ്ട്. 16 മണിക്കൂർ തണുത്തവെള്ളത്തിൽ ബ്രൂ ചെയ്തെടുക്കുന്ന കോഫി. 16 മണിക്കൂറിന്റെ പരിപാടിയാകയാൽ ഇൻസ്റ്റന്റ് ഉണ്ടാക്കാനാവില്ല. ദിവസം 10 മുതൽ 15 കപ്പ് വരെ മാത്രമേ പാകപ്പെടുത്താറുള്ളൂ. ഭാഗ്യവാൻമാർക്കു കിട്ടുമെന്നർഥം. ബ്രൂ ചെയ്യുന്ന യന്ത്രം വായുവിലെ നൈട്രജൻ വലിച്ചെടുത്തു പാനീയത്തിലേക്കു സന്നിവേശിപ്പിക്കും. മുകളിൽ പട്ടുപരുവത്തിൽ നുര. താഴെ ഐസ്കട്ടകൾക്കൊപ്പം കോഫി. മധുരം ചേർക്കാറില്ല. കോഫിയുടെ തനതുരുചിയുടെ ഭാവഭേദങ്ങളറിയാം. തണുപ്പിൽ നുരയുന്ന കാപ്പിയുടെ തരികൾക്കൊപ്പം വേറൊന്നുണ്ട്. നാരങ്ങാത്തൊലിയുടെ സത്തിന്റെ രുചി. കൊച്ചിയിൽ മറ്റൊരിടത്തും ഇത്തരം രുചിയനുഭവമില്ല.

 

നേരിയ തോതിൽ ഉപ്പുചേർത്ത കാരമൽ ചീസ് കേക്കുകഴിച്ച് ബിയോണ്ട്ബർഗിലെ വിരുന്ന് അവസാനിപ്പിക്കാം. രാവിലെ 11 മുതൽ രാത്രിവരെ തുറന്നിരിക്കും ബിയോണ്ട്ബർഗ്.

 

Content Summary : Menu is rich with most modern delicacies of western and regional specialties. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com