മറൈൻ ഡ്രൈവിലെ ഹിന്ദി വാലി ചായയും ബ്രഡ് പക്കോഡയും ; വിഡിയോ
Mail This Article
ഇഞ്ചിയും ഏലയ്ക്കയും ഇട്ട ചായ മലയാളിക്ക് പുതുമയല്ല. തിളച്ചു വരുന്ന ചായയെ ഒന്നിളക്കി, തവികൊണ്ടു കോരിയെടുത്ത്, ഒന്നൂടെ ഇളക്കി അരിപ്പയിലൂടെ ഗ്ളാസിലേക്കു പകർത്തി, അരിപ്പയ്ക്കു രണ്ട് തട്ടും കൊടുക്കുന്ന മോസമി എന്ന പെൺകുട്ടി, ഒരു കൊൽക്കത്തക്കാരിയാണ്.
മറൈൻ ഡ്രൈവില്‍ റഹ്മാനിയ ബിരിയാണിയുടെ എതിർവശത്ത് പെട്ടെന്നാരും ശ്രദ്ധിക്കാത്ത ‘ഹിന്ദി വാലി ചായ്’ എന്ന കട ശ്രദ്ധിക്കാന്‍ കാരണം മോസമി എന്ന പെണ്‍ക്കുട്ടിയുടെ നിഷ്കളങ്ക മുഖമാണ്. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെ 15 രുപയുടെ നല്ല മസാല ചായയും 20 രൂപയുടെ ബ്രെഡ് ചീസ് പക്കോടയും ഇവിടുന്ന് കഴിക്കാം. ഞായറാഴ്ചകളിൽ 10 മണി വരെ കടയുണ്ടാകും. തീരുന്നതനുസരിച്ചു വീണ്ടും ഉണ്ടാക്കി വയ്ക്കും. ഫില്ലിങ്സ് നിറച്ച ബ്രഡ് കഷ്ണങ്ങൾ മാവിൽ മുക്കി തിളച്ച എണ്ണയിലേക്കിടുമ്പോൾ ചീസിന്റെ മണം ആ ചെറിയ കടയാകെ നിറയും. എണ്ണയിൽനിന്നെടുത്തു കസ്റ്റമറിനു വിളമ്പുന്നതും സ്നേഹം ചാലിച്ചാണ്.
സാധാരണ ദിവസങ്ങളിൽ 100 ചായ വരെ വിറ്റുപോകാറുണ്ട്. നല്ല തിരക്കുള്ള ദിവസങ്ങളിൽ കൂടുതൽ ചായ ചിലവാകും. ഇതെല്ലാം ഒറ്റയ്ക്ക് ചെയ്യുന്നതിനിടയിൽ കൂടെയുള്ള കുഞ്ഞിനെയും മോസമി മാനേജ് ചെയ്യും. ഭർത്താവിനും കുട്ടിയ്ക്കുമൊപ്പം കൽക്കത്തയിൽനിന്നു തേവരയിലേക്കു വന്ന മോസമി പന്ത്രണ്ടാം ക്ളാസ് വരെ പഠിച്ചിട്ടുണ്ട്. ഇനി മറൈൻ ഡ്രൈവ് വരെ പോകുമ്പോൾ ഹിന്ദി വാലി ചായ്’–ൽ നിന്ന് ഒരു ചായയും ഒരു ബ്രെഡ് ചീസ് പക്കോടയും കഴിക്കാൻ ഓർക്കാം.
Content Summary : Bread cheese pakora from Hindi wala chai, Kochi.