ADVERTISEMENT

മാട്ടിറച്ചി മലയാളികൾക്കു പെരുത്തിഷ്ടമാണ്, ഏതു രൂപത്തിൽ പാകപ്പെടുത്തിയാലും. ചിലർക്കു കുറുകെച്ചാറുള്ള കൂട്ടാനാവണം. അതിൽ പച്ചക്കായക്കഷണങ്ങളുടെ സാന്നിധ്യം വേണം. മറ്റു ചിലർക്കു നെയ്യും മസാലയും തിങ്ങിത്തിളങ്ങുന്ന റോസ്റ്റാവണം. ഉലർത്തിയതു നന്നായി ചവച്ചാസ്വദിക്കുന്നതാണു ചിലർക്കിഷ്ടം. അതിൽ തേങ്ങാക്കൊത്തു വിളഞ്ഞുകിടക്കണം. ചിലർക്കു ഡ്രൈ ഫ്രൈ വേണം. ‘ബിഡിഎഫ്’ എന്നാവർത്തിച്ചുപറയുന്നതുപോലെതന്നെ കഴിക്കുമ്പോഴും നിറഞ്ഞ ആസ്വാദനം.

 

മാട്ടിറച്ചി ആസ്വാദനം ഇറ്റാലിയൻ രൂപത്തിലും ഭാവത്തിലും അവതരിക്കുകയാണു പനമ്പിള്ളി നഗറിൽ. ഫോർത്ത് ക്രോസ് റോഡിലെ ദ് ഹെർത്ത് കിച്ചനിൽ. വറുത്ത തേങ്ങാക്കൊത്തും ഉള്ളിയും കറിവേപ്പിലയും കുരുമുളകും ചേർത്തു വേവിച്ച കേരള ബീഫ് ഫ്രൈ ഇറ്റലിക്കാരുടെ പീത്‌സയുമായി കൈകോർക്കുന്ന കാഴ്ച, മണം, രുചി, ആസ്വാദനം. കൊത്തിയരിഞ്ഞു ചെറുതാക്കിയ ഇറച്ചിത്തുണ്ടുകളാണു പീത്‌സയ്ക്കു മുകളിൽ രുചി വിതറുന്നത്.

ഫ്ലാറ്റ്ബ്രെഡ് എന്നുവിളിക്കുന്ന വട്ടത്തിലുള്ള തട്ടിനു മുകളിൽ രുചികരമായ ടോപ്പിങ് നിരത്തുന്നതാണു പീത്‌സയെന്ന് എല്ലാവർക്കുമറിയാം. ഇറ്റലിയിലാണു പിറവി. ഗോതമ്പുമാവാണു ഫ്ലാറ്റ് ബ്രെഡ്ഡിൽ മുഖ്യം. ടോപ്പിങ്ങിൽ തക്കാളിയും ചീസും സോസേജും ഉള്ളിയും ഒലിവും പച്ചക്കറികളും ഇറച്ചിയും കൂണുമൊക്കെ ഒരുമിച്ചോ ചിലതു മാത്രമായോ നിരത്തി ബോർമയിൽ ചുട്ടെടുക്കും. കോണോടുകോൺ മുറിച്ചെടുത്തു ചൂടോടെ ശാപ്പിടും.

 

പനമ്പിള്ളി നഗറിലെ ഹെർത്ത് കിച്ചനിൽ ഇറ്റലിയുടെ രുചിക്കുമീതെ മലയാളിത്തം ധാരാളമായി ചേർത്ത സംഗതിയാണു കേരള ബീഫ് ഫ്രൈ പീത്‌സ. രാജ്യാന്തര ബ്രാൻഡിൽ‌ ലോക്കലിന്റെ ഫ്യൂഷൻ. തകർപ്പൻ. കുരുമുളകിന്റെ തരിപ്പൊക്കെ ആവശ്യത്തിനുണ്ട്. പക്ഷേ ബീഫിനെ മനോഹരമാക്കുന്ന രഹസ്യഘടകം ഹെർത്തിലെ ‘പീത്‌സയോളോ’ (പീത്‌സയുണ്ടാക്കുന്ന ഷെഫ്) പുറത്തുവിടുന്നില്ല. അതൊരു മസാലക്കൂട്ടാണ് എന്നുമാത്രം വിശദീകരണം. പക്ഷേ  കേരള ബീഫ് ഫ്രൈ പീത്‌സ ആസ്വാദകരോടു വാചാലമായി സംസാരിക്കുന്നുണ്ട്, രുചിയിലൂടെ.  ആ രുചി സംവാദം നാവിൽത്തന്നെയാണ്. നേരിട്ടുതന്നെ അറിയണം. കൊച്ചിയിലെ ഏറ്റവും മികച്ച പീത്‌സയെന്ന് ഈ ഫ്യൂഷൻ വിഭവത്തെ വിളിക്കാൻ പാരമ്പര്യവാദികൾ സമ്മതിച്ചില്ലെങ്കിൽപ്പോലും ഇതൊരു സംഭവം തന്നെയാണ്. ഇറ്റലിക്കാർ എതിർക്കുമോ ഈ ഫ്യൂഷൻ വിഭവത്തെ? അമേരിക്കക്കാർ പീത്‌സയിൽ തക്കാളി സോസും ചീസും വേണമെന്നു വാശിപിടിക്കുമ്പോൾ നാപ്പോളിക്കാർക്ക് അത്തരം നിർബന്ധങ്ങളില്ല. അതുകൊണ്ടുതന്നെ ഇറ്റലിക്കാർ കയ്യുംനാവും നീട്ടി സ്വീകരിക്കുമെന്നുറപ്പ്. വീവ ഇറ്റാലിയാനാ പീത്‌സ–കേരള.

 

വിവിധ തരം പീത്‌സകളുണ്ട് ഹെർത്ത് കിച്ചനിൽ. പാസ്തയും മറ്റു വിഭവങ്ങളുമുണ്ട്. ഗോവക്കാരുടെ ചോരിസോ (എരിവും പുളിയുമുള്ള സോസേജ്) പീത്‌സയുണ്ട്. പെപ്പറോണിയും ചിക്കനും ചേർന്നുള്ള വൂഡ്ക്രാഫ്റ്റ് മീറ്റിയുണ്ട്. ട്യൂണ മുഖ്യമായ ഒരിനം, ഡിയാവോളോ, ഡോൺ പോളോ, മെഡിറ്ററേനിയൻ എന്നിങ്ങനെ പോകുന്നു മെനുവിലെ വൈവിധ്യം. വെജ് ഇനങ്ങളും ഒട്ടേറെ. ഏറ്റവും ഒടുവിൽ മധുരം രുചിച്ചു മടങ്ങാനും പീത്‌സതന്നെ. സിനമൺ പീത്‌സ. അടിപൊളി ഐറ്റം. വെണ്ണയും കറുവാപ്പട്ട പൊടിയും ക്രീം ചീസും  മുകളിൽ ബട്ടർ ക്രംസും ചേർന്ന സാധനം. ചൂടോടെ കഴിക്കണം.

Content Summary : Restaurants, Hearth kitchen, Panampillynagar, Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com