രുചിയുടെ അടരുകൾ, ജാപ്പനീസ് ജനതയുടെ മോച്ചി ഗാഥ...!
Mail This Article
നൂറ്റാണ്ടുകളായി ജാപ്പനീസ് ജനതയുടെ ഭക്ഷണത്തിന്റെ ഭാഗമാണ് അരികൊണ്ട് ഉണ്ടാക്കുന്ന മോച്ചി എന്ന വിഭവം. എന്നാൽ മോച്ചിയുടെ പെരുമ ജപ്പാനിൽ മാത്രമായി ഒതുങ്ങിയപ്പോൾ, അതിന്റെ ഫ്ലേവറിൽ തയാറാക്കിയ മോച്ചി ഐസ്ക്രീമിന് ലോകമെമ്പാടും ആരാധകരുണ്ട്. മൊയ്‌ഷി ബംഗ്ലാദേശ് എന്ന കമ്പനിയാണ് ലോകമെമ്പാടും ഈ ഐസ്ക്രീമിന് ഇത്ര സ്വീകാര്യത സമ്മാനിച്ചത്.
IAN ഫൂഡ് ആൻഡ് ബീവറേജ് ലിമിറ്റഡിന്റെ ഭാഗമായ M'OISHI ബംഗ്ലാദേശാണ് ആദ്യമായി ഈ ജാപ്പനീസ് വിഭവത്തിന്റെ രുചി ഐസ്ക്രീമിൽ പരീക്ഷിക്കുന്നത്. "ഏറെനാളായി സ്ഥിരം ഫ്ലേവറുകളിൽ മാത്രമാണ് ഞങ്ങൾ ഐസ്ക്രീം തയ്യാർ ചെയ്തുകൊണ്ടിരുന്നത്. എന്നാൽ വിദേശയാത്രയുടെ ഭാഗമായി ജപ്പാനിൽ എത്തിയപ്പോൾ പരിചയപ്പെട്ട ഈ പുതിയ രുചി ഐസ്ക്രീം ഫ്ലേവറിന്റെ ഭാഗമായി വേഗം തന്നെ തിരഞ്ഞെടുക്കുകയായിരുന്നു'' എന്ന് പറയുന്നു കമ്പനി ഡയറക്ടറും ഉടമയുമായ വഹീദ് ഉസ്മാൻഖാൻ.
സ്ഥിരമായി കാണുന്ന ഐസ്ക്രീം സങ്കല്പത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഇവരുടെ മോച്ചി. ആദ്യ ബൈറ്റ് മുതൽ നിങ്ങളെ കാത്തിരിക്കുന്നത് വ്യത്യസ്തമായ നിരവധി രുചികളാണ്. ചോറു കൊണ്ടു തയാറാക്കുന്ന ആദ്യ ലെയർ പിന്നിട്ട് ഉള്ളിലേക്കു കടക്കുന്നതോടുകൂടി ഐസ്ക്രീമിന്റെ മധുരം ലഭിച്ചു തുടങ്ങുന്നു. അമിതമായി മധുരം ഉണ്ടാക്കാൻ ഇടയുള്ള ഷുഗർ സിറപ്പ് കൃത്യമായി ഇവർ ഒഴിവാക്കിയിട്ടുമുണ്ട്. മോച്ചിയുടെ ഡാർക്ക് ചോക്ലേറ്റിനാണ് ഏറെ ആരാധകർ ഉള്ളത്.
പഴങ്ങളുടെ രുചികൾ ഭക്ഷ്യവിഭവങ്ങളിൽ ഉൾപ്പെടുത്തുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള ഒരു സംഗതിയല്ല. പ്രത്യേകിച്ചും ഐസ്ക്രീം പോലെയുള്ള ഒരു വിഭവത്തിൽ. എന്നാൽ മോച്ചിയിൽ തണ്ണിമത്തൻ, മാതളം തുടങ്ങിയ വ്യത്യസ്ത പഴവർഗങ്ങളുടെയും രുചി ലഭ്യമാണ്.
പഴങ്ങളുടെ പൾപ്പിൽ നിന്നും നേരിട്ട് തയാർ ചെയ്തതാണ് ഈ ഓരോ ഐസ്ക്രീമും. അതുകൊണ്ടുതന്നെ കൃത്രിമമായി ഉത്പാദിപ്പിക്കുന്ന ഒരു അസംസ്കൃത വസ്തുവും ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗപ്പെടുത്തുന്നില്ല. സാധാരണ ഒരു സ്കൂപ്പ് ഐസ്ക്രീമിൽ 350 മുതൽ 450 കാലറി വരെ അടങ്ങിയിട്ടുണ്ട് എങ്കിൽ മോച്ചിയുടെ കാര്യത്തിൽ ഇത് 150 ൽ താഴെ മാത്രമാണ്. അതെ ഈ ഐസ്ക്രീം ഹെൽത്തിയുമാണ്!
മോച്ചിയുടെ കോക്കനട്ട്, ചോക്ലേറ്റ് , മംഗോ, സ്ട്രോബെറി റോൾ കേക്കുകളും പ്രശസ്തമാണ്. ബോബ ചായകൾക്കും ഇവിടം ഏറെ പ്രശസ്തമാണ്. ജാപ്പനീസ് സോഫ്റ്റ് ബോബ പേൾസ് സമ്മാനിക്കുന്ന മധുരം ഈ തണുത്ത ക്രീമി പാനീയത്തിന് ഏറെ ആരാധകരെ സമ്മാനിക്കുന്നു.
Content Summary : Moishi, the sweet taste of authentic Japan.