ADVERTISEMENT

പ്രാതൽ ഒഴിവാക്കുക എന്നത് ലോകമെങ്ങും പിന്തുടരുന്ന അനാരോഗ്യ പ്രവണതയാണ്. തിരക്കുകളും സമയക്കുറവും അതിരാവിലെ ഭക്ഷണത്തോടുള്ള വിരക്തിയുമൊക്കെയാണ് രാവിലെ കഴിക്കുന്നതിൽ നിന്ന് പലരെയും പിന്തിരിപ്പിക്കുന്നത്. ഏറ്റവും നല്ല രീതിയിൽ കഴിക്കേണ്ട ആഹാരമാണ് പ്രാതൽ.  രാജാവിനെപ്പോലെ പ്രാതലും രാജകുമാരനെപ്പോലെ ഉച്ചയൂണും ദരിദ്രനെപ്പോലെ അത്താഴവും കഴിക്കണമെന്ന അലിഖിത നിയമത്തിന് വിരുദ്ധമാണ് പലരും ഇപ്പോൾ പിന്തുടരുന്ന ശീലം.  

 

∙ ബ്രേക്ക് ദ് ഫാസ്റ്റ്

 

നല്ല ആരോഗ്യത്തിലേക്കാവണം ഓരോ പ്രഭാതവും പൊട്ടിവിടരേണ്ടത്. അപ്പോൾ രാവിലെതന്നെ ശരീരത്തിന് ആവശ്യമായ ഉൗർജവും പോഷകങ്ങളും സമ്മാനിക്കുന്നതാവണം രാവിലെയുള്ള ഭക്ഷണം. ശരീരവളർച്ചയ്ക്കും വികാസത്തിനും പ്രാതൽ നിർബന്ധമാണ്. ഇതാണ് ബ്രേക്ക്ഫാസ്റ്റിനെ മനുഷ്യന്റെ ഭക്ഷണക്രമത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാക്കുന്നത്. ഏതാണ്ട് ഒരു പകലിന്റെ തന്നെ ദൈർഘ്യമുള്ള രാത്രിയുടെ ഇടവേളയ്ക്കു ശേഷമുള്ള ആഹാരം എന്ന നിലയിൽ പ്രാതൽ ഒരിക്കലും ഒഴിവാക്കരുതെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. നോമ്പുപോലെ തന്നെയുള്ള ദീർഘനേരത്തെ ഇടവേളയ്ക്കുശേഷമാണ് പ്രാതൽ. രാത്രിയിൽ ഏതാണ്ട് പത്തുമണിക്കൂറോളം ശരീരത്തിലേക്ക് കാര്യമായി ഒന്നും ചെല്ലുന്നില്ല. പിന്നീട് ശരീരത്തിന് ആവശ്യമായ ഘടകങ്ങളും ഉൗർജവുമൊക്കെ സമ്മാനിക്കേണ്ടത് പ്രാതലാണ്. അങ്ങനെ രാത്രിയുടെ വിശപ്പിനെ മറികടക്കുന്ന സംവിധാനം എന്ന നിലയിൽ ബ്രേക്ക്ഫാസ്റ്റ് നമുക്ക് ബ്രേക്ക് ദ് ഫാസ്റ്റ് തന്നെ ആകണം. 

 

 

∙ പ്രാതൽ  എന്നാൽ ആരോഗ്യം

 

ഓരോ ദിവസവും പുതിയ ഉൗർജം ഉൽപാദിപ്പിക്കേണ്ടതു പ്രഭാത ഭക്ഷണത്തിലൂടെയാണ്. സ്ഥിരമായി പ്രാതൽ  ഒഴിവാക്കുന്നതുമൂലം വലിയ വിപത്താണ് നമ്മെ കാത്തിരിക്കുന്നത്. എല്ലാ ജീവിതശൈലീ രോഗങ്ങളും തടയാൻ കൃത്യസമയത്ത്, കൃത്യ അളവിൽ, സമീകൃത പ്രഭാത ഭക്ഷണം ശീലിക്കണമെന്നു ആരോഗ്യ വിദഗ്‌ധർ പറയുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദ്‍രോഗങ്ങൾ എന്നിങ്ങനെ നീണ്ട നിരതന്നെ നമ്മെ കാത്തിരിക്കും.  സ്ഥിരമായി രാവിലെയുള്ള ഭക്ഷണം ഒഴിവാക്കുന്നതിന്റെ പ്രധാന സംഭാവനയാണ് ടൈപ് 2 ഡയബറ്റിസ്. ശരീരത്തിലെ പഞ്ചസാരയുടെ നില പഴയ സ്ഥിതിയിലേക്കു കൊണ്ടുവരേണ്ടത് രാവിലെ കഴിക്കുന്ന ഭക്ഷണമാണ്. ‘ആരോഗ്യപൂർണമായ പ്രഭാത ഭക്ഷണം’ എന്നതായിരുന്നു ഇന്റർനാഷനൽ ഡയബറ്റിസ് ഫെഡറേഷന്റെ 2014ലെ പ്രമേഹദിന വിഷയംതന്നെ. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിലൂടെ കിട്ടുന്ന മറ്റൊന്നാണ് പൊണ്ണത്തടി. പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ ശരീരഭാരം 30% വരെ കൂടും. 80% ടൈപ്പ് 2 പ്രമേഹവും അമിതവണ്ണം മൂലമാണ്. ഹൃദയ സംബന്ധമായ രോഗങ്ങളാണ് മറ്റൊരു വില്ലൻ. കൃത്യമായി പ്രഭാത ഭക്ഷണം കഴിക്കുന്നവരിൽ ഹൃദ്‍രോഗത്തിനുള്ള സാധ്യത കുറവാണ്. മൈഗ്രൈൻ അടക്കമുള്ള മറ്റു രോഗങ്ങളും പ്രാതൽ വേണ്ടാത്തവരിൽ കൂടുതലായി കാണുന്നു. അതുപോലെ ശരീരത്തിലെ സമ്മർദങ്ങൾ ഒഴിവാക്കുന്നതിലും മാനസിക പിരിമുറുക്കം ഒഴിവാക്കുന്നതിലും പ്രാതലിന് പങ്കുണ്ട്.  25 വയസ്സിനു മുകളിലുള്ള ഏതാണ്ട് 27 ശതമാനം ആളുകളിൽ ഹൃദ്‍രോഗങ്ങൾക്ക് പ്രധാന കാരണം ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതാണ്. പ്രാതൽ ഒഴിവാക്കുന്നതുമൂലം പിന്നീടുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് കൂടുതൽ കൊഴുപ്പ് അടിയാൻ വഴിവയ്ക്കും. അതുകൊണ്ട് പ്രഭാത ഭക്ഷണത്തിനു ശേഷമുള്ള എല്ലാ ഭക്ഷണവും അളവു കുറച്ചു കൃത്യസമയത്ത് കൃത്യ ഇടവേളകളിൽ കഴിക്കുക. 

 

∙ മികച്ചതാവണം പ്രാതൽ

 

എന്ത്, എങ്ങനെ, എപ്പോൾ പ്രഭാതഭക്ഷണം കഴിക്കുന്നു എന്നതും പ്രസക്തമാണ്.  വലിച്ചുവാരിയുള്ള ഭക്ഷണം രാവിലെ ഒഴിവാക്കണം.  ഇഡ്‌ഡലി, ദോശ, പുട്ട് തുടങ്ങിയവ ആവാം. ഒപ്പം ചെറിയ പാത്രം നിറയെ പച്ചക്കറികൾ, കുറച്ചു പഴങ്ങൾ. രാവിലെ മാംസാഹാരം തീർത്തും ഒഴിവാക്കണം. ബേക്കറി പലഹാരങ്ങൾ, വറുത്തതും പൊരിച്ചതുമായവ, സോഫ്‌റ്റ്‌ഡ്രിങ്ക്‌സ്, കൃത്രിമ മധുരം എന്നിവയും ഒഴിവാക്കണം.   വിദഗ്‌ധരുടെ ഉപദേശമനുസരിച്ചു മാത്രമേ പഴത്തിന്റെ അളവ് നിശ്‌ചയിക്കാവൂ.  അതിരാവിലെ എഴുന്നേറ്റു കഴിഞ്ഞ് ഒരു  മണിക്കൂറിനുള്ളിൽത്തന്നെ പ്രാതൽ കഴിക്കണം എന്നതാണ് ചട്ടം. കുടുംബത്തോടൊപ്പം ഒരു ദിനം തുടങ്ങുന്നത് പ്രഭാത ഭക്ഷണത്തിലൂടെയാണ് എന്നതും അതിന്റെ പ്രസക്തി വിളിച്ചോതുന്നു. ഒരോ പ്രഭാതവും കുടുംബത്തോടൊപ്പം തുടങ്ങാം...

Content Summary :  Never skip your breakfast...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com