ADVERTISEMENT

‘‘വാ, ഒരു കട്ടനടിക്കാം...’’ പേരിൽ കട്ടനുണ്ടെങ്കിലും വെറും കട്ടൻകാപ്പിക്കടയല്ല . അടുക്കള നിറയെ കട്ട ഫ്രഞ്ച് വിഭവങ്ങളാണ്. മൂന്നും നാലും കോഴ്സ് മനോഹരവും രുചികരവുമായ വിഭവങ്ങൾ.

eatidam-02
ചിത്രം : ടോണി ഡൊമിനിക് ∙ മനോരമ

ചീസും വൈനും മുഖ്യചേരുവകളായ ഫ്രഞ്ച് വിഭവങ്ങൾ  ഭക്ഷ്യവസ്തുക്കളുടെ നിറംകൊണ്ട് അലങ്കരിച്ചു പൊട്ടുതൊടുവിച്ച തളികകളിലാണു വിളമ്പുന്നത്. പാലും ചീസും വെണ്ണയുമെല്ലാം ചേർന്നാണതു രൂപപ്പെടുത്തുന്നത്. കാഴ്ചയ്ക്കും നാവിനും മൂക്കിനും മനോഹരം. മീനും മാംസവും പച്ചക്കറികളുമെല്ലാമുണ്ട്. ഫ്രഞ്ച് രുചി ആവോളം നുണയാൻ അവസരമൊരുക്കുന്നതു ഫോർട്ട്കൊച്ചി കൽവത്തി റോ‍ഡിലെ ‘െവൽകംഹെറിറ്റേജ് അസോറ’യുടെ ഭാഗമായ കഫേ നൂആഹ് (CAFE NOIR) ഭക്ഷണശാലയാണ്. കഫേ നൂആഹ് എന്നാൽ ലളിതമായിപ്പറഞ്ഞാൽ കട്ടൻ കാപ്പി. സംഗതി കേരള ശൈലിയിൽ അല്ലെന്നു മാത്രം.

 

eatidam-03
ചിത്രം : ടോണി ഡൊമിനിക് ∙ മനോരമ

കഫെ നൂആഹ് ഭക്ഷണശാലയിൽ മീൽസിന്റെ ഭാഗമായി ഏതെങ്കിലുമൊരു പാനീയം നിർബന്ധമായും വിളമ്പും. അതു കാപ്പിയാവാം, ചായയാവാം. തണുപ്പിച്ച കാപ്പിയും ചായയുമുണ്ട്. അതിൽ മിന്നിക്കുന്നൊരു പാനീയമാണു കാരമൽ സിനമൺ ഐസ്ഡ് ലാറ്റേ. തണുപ്പിച്ച ലാറ്റേയ്ക്കു മുകളിൽ ക്രീംപരുവത്തിൽ പതഞ്ഞുള്ള മേൽക്കൂര. അതിനു മുകളിൽ ഒരുനുള്ള് കറുവാപ്പട്ടപ്പൊടി തരിപ്പനായി വീഴ്ത്തിയിരിക്കുന്നു. പട്ടുപോലെ ലാറ്റേ. പട്ടയുടെ കരുകരുപ്പ്. കുടിക്കുകയും കറുവാപ്പട്ടയുടെ തരികൾ നുണയുകയുമാവാം.

 

ഓരോ ദിവസവും വ്യത്യസ്ത പാക്കേജുകളാണ് ഉച്ചനേരത്ത്. കഴിഞ്ഞ ദിവസം ഫോർകോഴ്സ് ലഞ്ചിൽ ആദ്യത്തേതു സീസർ ക്ലാസ്സിക് വിത്ത് ചിക്കൻ എന്ന സാലഡ് ആയിരുന്നു. ലെറ്റ്യൂസ്, നീളത്തിൽ അരിഞ്ഞു വേവിച്ച കോഴിക്കഷണങ്ങൾ എന്നിവയാണു മുഖ്യം. ക്രൂട്ടോൺസ് എന്നു ഫ്രഞ്ചുകാർ വിളിക്കുന്ന റെസ്ക് കഷണങ്ങളുമുണ്ട്. ഡ്രസിങ് ആണു കൗതുകം. പാർമേസൻ ചീസ് ചീകിയത്, വെളുത്തുള്ളി, മുട്ടയുടെ മഞ്ഞ, പിന്നെ കൊഴുവയുടെ നേരിയ ഒരു സാന്നിധ്യം. പ്രോസസ് ചെയ്ത കൊഴുവയുടെ വളരെ നേർത്ത തുണ്ട് സ്പൂൺകൊണ്ട് ഒന്നമർത്തി, അതിന്റെ  സത്ത് നേരിയതോതിൽ ഡ്രസ്സിങ്ങിലേക്കു സന്നിവേശിപ്പിച്ചിരിക്കുകയാണ്.  

eatidam-04
ചിത്രം : ടോണി ഡൊമിനിക് ∙ മനോരമ

 

വെജ് പ്രിയർക്കു ബാൽസമിക് ബീറ്റ്റൂട്ട് ക്വീൻവ സാലഡുണ്ട്. പച്ചയിലക്കറികൾ, അവൊക്കാഡോ, ചെറി ടൊമാറ്റോ, പച്ച ബീൻസ് തുടങ്ങിയവയാണു ചേരുകവകൾ. ബാൽസമിക് വിനാഗിരിയിൽ കുതിർത്തു മധുരവും ഉപ്പും കലർത്തിയതിനാൽ വേറിട്ട സ്വാദാണ്.

 

സ്മോക്ക്ഡ് മോസറല്ല ചീസ് കൊണ്ടുണ്ടാക്കിയ ക്രോക്കെയാണു തൊട്ടുപിന്നാലെ എത്തുന്നത്. പാസ്ത, മക്രോണി ചീസ്  സമൃദ്ധിയേറിയ ക്രോക്കെ കുട്ടികളെ പെട്ടെന്നു കീഴടക്കും. തക്കാളി സോസ്, ആലപ്പീനോ, ടൊമാറ്റോ കെച്ചപ്പ് തെബാസ്കോ സോസ് എന്നിവയുടെ മിശ്രണം തൊട്ടുനക്കി വയറുനിറയുവോളം ക്രോക്കെ കഴിക്കാം. പക്ഷേ മറ്റു വിഭവങ്ങൾക്കുള്ള സ്ഥലം  ബാക്കിയിട്ടേക്കണം. ബാർബിക്യൂ സോസിൽ പാകപ്പെടുത്തിയ ചിക്കൻ വിങ്സും പാക്കേജിലുണ്ട്.

 

കോക് ഓ വാൻ ആണു മുഖ്യവിഭവം. റെഡ് വൈനിൽ 12 മണിക്കൂർ മുക്കിയിട്ടശേഷമാണു പാചകം. ഇവിടെ പക്ഷേ ആൽക്കഹോളില്ലാത്ത വൈനാണ് ഉപയോഗിക്കുന്നത്. അനുസാരികൾ ചേർത്തു 2 മണിക്കൂർ മാരിനേഷൻ. 2–3 മണിക്കൂർ സ്ലോ കുക്കിങ്. എന്നിട്ടു ബ്രൗൺ സോസിൽ ഗ്രിൽ ചെയ്തെടുക്കും. ചിക്കൻ അതിമൃദുവായി വെന്തിരിക്കുന്നു. അനുസാരികളുടെ കുറുകിയ ചാറ് അതിനെ പൊതിഞ്ഞിരിക്കുന്നു. വെജ് പ്രേമികൾക്കു മുഖ്യവിഭവമായി 3 തരം ചീസിൽ ബേക്ക് ചെയ്തെടുത്ത പച്ചക്കറി നുറുക്കുകൾ ഒരു കോപ്പയിൽ കിട്ടും. ചൂടോടെ കഴിക്കണം. അസാമാന്യ രുചിയാണ്.

 

കഫേ നൂആഹ് രാവിലെ 8 മുതൽ രാത്രി 11 വരെയുണ്ട്.

 

Content Summary : Experience French casual dining at it's finest.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com