ADVERTISEMENT

ക്രിസ്മസ് എന്നും സ്നേഹ സൗഹൃദങ്ങളുടെ നല്ല ഓർമകളാണ് സമ്മാനിക്കുന്നത്. സ്നേഹ വിരുന്നുകൾ, പ്രിയപ്പെട്ടവർ സമ്മാനിക്കുന്ന പല തരം കേക്കുകൾ.. എല്ലാം ഒന്നു രുചിച്ചു നോക്കാൻ പോലും ഇപ്പോൾ കഴിയാറില്ല. പക്ഷേ ഇന്നും നാവിൽ നിന്നും മനസിൽ നിന്നും വിട്ടു പോകാത്ത ഒരു ക്രിസ്മസ് കേക്കിന്റെയും വിരുന്നിന്റെയും രുചിയുണ്ട്. നാലു പതിറ്റാണ്ട് പഴക്കമുള്ളതാണത്. 1982ൽ പ്രിയദർശൻ സംവിധാനം ചെയ്ത ‘അരം പ്ലസ് അരം കിന്നരം’ എന്ന സിനിമയുടെ ഷൂട്ടിങ് മദ്രാസിൽ   രഞ്ജി മാത്യുവാണ് നിർമാതാവ്.  വുഡ്‌ലാൻസ് ഹോട്ടലിലാണു ഞങ്ങളുടെ താമസം. ഞാനും പ്രിയനും ഒരു മുറിയിൽ. അടുത്ത മുറിയിൽ ശ്രീനിവാസനുമുണ്ട്. 2 ലക്ഷം രൂപയുണ്ടെങ്കിൽ ഒരു സിനിമ തീരുന്ന കാലമാണ്. പക്ഷേ നിർമാതാവ് സാമ്പത്തിക പ്രതിസന്ധിയിലായി. പലയിടങ്ങളിൽ നിന്നു പണം സംഘടിപ്പിച്ചു  തന്നാണ് മുന്നോട്ടു പോയിരുന്നത്. 

ഞങ്ങൾ താമസിച്ച ഹോട്ടലിലെ ബില്ലും കൊടുക്കാനുണ്ടായിരുന്നു. ബിൽ തരാതെ മുങ്ങുമോ എന്ന പേടി ഹോട്ടലുടമകൾക്കുമുണ്ടായിരുന്നു. പണം തരാതെ ഹോട്ടൽ വിട്ടു പോകാൻ പാടില്ലെന്നായി അവർ. ശരിക്കും ഞങ്ങൾ കുടുങ്ങിയ അവസ്ഥയായി. വളരെ മാന്യനായ, പണം ഉണ്ടെങ്കിൽ അതു ചെലവാക്കാൻ ഒരു മടിയുമില്ലാത്ത നല്ല മനുഷ്യനാണ് രഞ്ജി മാത്യു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പ്രതിസന്ധി കണ്ടറിഞ്ഞ് ഞങ്ങളും പരിഭ്രമം കാട്ടാതെ  ഒപ്പം നിന്നു. വെജിറ്റേറിയൻ ഭക്ഷണം മാത്രമാണ് അവിടെ ലഭിച്ചിരുന്നത്. ആ വർഷത്തെ ക്രിസ്മസ് ദിനവും ഞങ്ങൾ ഹോട്ടലിൽ തന്നെയായിരുന്നു. 

ശ്രീനിവാസൻ അന്നവിടെ ഉണ്ടായിരുന്നില്ല. ഞാനും പ്രിയനും മാത്രം. പരിമിതമായി ലഭിക്കുന്ന വെജിറ്റേറിയൻ ഭക്ഷണം കഴിച്ചു മടുത്തിരിക്കുമ്പോഴാണ് നിർമാതാവ് വിളിക്കുന്നത്. ക്രിസ്മസ് ആയിട്ടുപോലും വായ്ക്കു രുചിയുള്ളതൊന്നും കഴിക്കാനായില്ലെന്ന് സ്നേഹ പരിഭവം പറഞ്ഞപ്പോൾ താൻ അങ്ങോട്ട് വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാത്രി ഒൻപതിന് ഒരു ചെറിയ ബാഗുമായി അദ്ദേഹം മുറിയിലേക്കു വന്നു. ഒരു പാത്രത്തിൽ നിറയെ ഫ്രൈഡ് റൈസ്, മറ്റൊരു പാത്രത്തിൽ ചിക്കൻ കറി. പേപ്പറിൽ പൊതിഞ്ഞ രണ്ടു കഷണം കേക്ക്. പിന്നെ ഒരു ക്രിസ്മസ് പാനീയവും. വീട്ടിൽ അദ്ദേഹത്തിന്റെ ഭാര്യ ഉണ്ടാക്കിക്കൊടുത്തു വിട്ട ഭക്ഷണമാണ്. ആർത്തിയോടെ ഞങ്ങളതു കഴിച്ചു. ഏറ്റവും രുചിയുള്ള ഭക്ഷണവും കേക്കും. സ്നേഹ രുചിയുള്ള ക്രിസ്മസ് രാത്രിയായിരുന്നു അത്. 

രഞ്ജി മാത്യു ഓർമയായെങ്കിലും അദ്ദേഹത്തിന്റെ സ്നേഹവും ആ ക്രിസ്മസും  മറക്കാനാവാത്തതാണ്. പിൽക്കാലത്ത് വലിയ ഹോട്ടലുകളിലടക്കം ക്രിസ്മസ് ആഘോഷ വിരുന്നുകളിൽ പങ്കെടുത്തിട്ടുണ്ട്. വിലയേറിയ കേക്കുകൾ സമ്മാനമായി ലഭിക്കാറുണ്ട്. പക്ഷേ അതൊന്നും അന്നത്തെ വിരുന്നിനോളം രുചികരമായിരുന്നില്ല. അന്നത്തെ കേക്കിന്റെ മധുരവും ഇന്നില്ല. വിശപ്പാണ് മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം. വിശന്നു കഴിയുന്ന ഒരാളുടെയെങ്കിലും വിശപ്പകറ്റിയാകണം നമ്മുടെ എല്ലാ ആഘോഷങ്ങളും. അവരെക്കൂടി കരുതണം. അയൽപക്കത്തുള്ളവരും സന്തോഷത്തോടെ ക്രിസ്മസ് ആഘോഷിക്കുന്നു എന്ന ഉറപ്പാണ് നമ്മുടെ ആഘോഷത്തിന്റെ  നിറവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com