കേക്ക്... ഇങ്ങനെയൊക്കെ കഴിക്കാമോ? സ്പൂണും ഫോർക്കും വേണ്ടേ?
Mail This Article
കേക്ക് കഴിക്കേണ്ടത് എങ്ങനെയെന്ന ചോദ്യത്തിനു ‘കിട്ടുന്ന പാടേ തട്ടും, അല്ലാതെ ടേബിൾ മാനേഴ്സ് ഒക്കെ നോക്കാൻ എവിടെ നേരം’ എന്നല്ലേ എല്ലാവരുടെയും ഉത്തരം. പതുപതുത്തു മിനുത്ത കേക്ക് കാണുമ്പോൾ തന്നെ കൊതിയൂറും. നാവിൽ തൊട്ടാൽ അലിഞ്ഞു പോകും; കേക്ക് മാത്രമല്ല, നമ്മളും. അത്രയ്ക്കുണ്ട് ആ രുചിമണം. പക്ഷേ കേക്ക് കഴിക്കേണ്ടത് എങ്ങനെയെന്നു യൂറോപ്യന്മാർ എഴുതി വച്ചിട്ടുണ്ട്. കേക്കിന്റെ ഉദ്ഭവം അവിടെ ആയതുകൊണ്ട് അവർ പറയുന്നതു കേൾക്കാതെ വയ്യല്ലോ...
ഓട്സിന്റെ അലങ്കരിച്ച രൂപം
പ്ലം പോറിജ് എന്ന യൂറോപ്യൻ ഭക്ഷണമാണു കാലക്രമേണ കേക്കായി രൂപാന്തരപ്പെട്ടത്. ഓട്സിൽ ഉണക്കമുന്തിരിയും നട്സും ബദാമും സ്ട്രോബറിയും ചേർത്തു കുറുക്കു രൂപത്തിലാണു പ്ലം പോറിജ് ഉണ്ടാക്കിയിരുന്നത്. പിന്നീട് ഓട്സിനു പകരം ബട്ടറും മൈദയും മുട്ടയും ചേർത്തു തുടങ്ങി. അങ്ങനെ പോറിജിനു പ്ലം കേക്കിന്റെ രൂപം കൈവന്നു.
വാറ്റുള്ളപ്പോൾ എന്തിന് റം?
ബ്രിട്ടിഷുകാരനായ ബ്രൗൺ സായിപ്പിനു കണ്ണൂർ അഞ്ചരക്കണ്ടിയിൽ തോട്ടമുണ്ടായിരുന്നു. സായിപ്പിനു വേണ്ടി വിശേഷരുചികൾ തയാറാക്കി നൽകിയിരുന്നത് മാമ്പള്ളി ബാപ്പുവാണ്. ഒരിക്കൽ ബാപ്പുവിനു സായിപ്പ് ഒരു കഷണം കേക്കു നൽകി അതുപോലൊരു കേക്ക് ഉണ്ടാക്കാമോ എന്നു ചോദിച്ചു. ബാപ്പു ഉണ്ടാക്കിയ കേക്ക് സായിപ്പിനെ ഞെട്ടിച്ചു. അത്ര രുചിയുള്ള കേക്ക് ഈ ജന്മത്തു കഴിച്ചിട്ടില്ലെന്നു സായിപ്പ്് പറഞ്ഞു.
ഇംഗ്ലണ്ടിൽ കേക്കിന്റെ കൂട്ടു തയാറാക്കാൻ റമ്മാണ് ഉപയോഗിച്ചിരുന്നത്. കശുമാങ്ങ പറിച്ചെടുത്തു വാറ്റിയ ചാരായമാണ് ബാപ്പു കേക്കിന്റെ കൂട്ടിൽ ചേർത്തതെന്നു പറയുന്നു. ആ കൈ പൊലിച്ചു. ബാപ്പുവിന്റെ കേക്ക് മലയാളിയുടെ നാവിലും രുചിയുടെ കപ്പലോടിച്ചു.
ജുവാൻസ് റെയിൻബോ
രണ്ടാം ലോകമഹായുദ്ധം അവസാനിപ്പിച്ച കേക്കിന്റെ കഥയാണ് ‘സോൾട്ട് ആൻഡ് പെപ്പർ’ സിനിമയിൽ പറയുന്നത്. യുദ്ധത്തിനു പോയ ഭർത്താവിനായി കേക്ക് ഉണ്ടാക്കി കാത്തിരുന്ന ഫ്രഞ്ചുകാരി ജുവാൻ ലോബോ. ആദ്യ ദിനം സ്ട്രോബറി കൊണ്ടും പിറ്റേന്നു പിസ്ത കൊണ്ടും മൂന്നാം ദിനം ഓറഞ്ച് കൊണ്ടും കേക്കുണ്ടാക്കി. ഒടുവിൽ അവ മൂന്നും ചേർത്തുവച്ച് അതിനു മുകളിൽ ചോക്കലേറ്റ് ഉരുക്കിയൊഴിച്ചു. ജുവാൻസ് റെയിൻബോ എന്നറിയപ്പെട്ട ആ കേക്കിന്റെ വകഭേദമാണ് റെഡ് വെൽവെറ്റ് കേക്ക്.
വൈനില്ലാതെ എന്തു കേക്ക്
ക്രിസ്മസ് ആഘോഷത്തിന്റെ ടച്ചിങ്സ് ആണ് കേക്കും വൈനും. പാതിരാ കുർബാന കഴിഞ്ഞു തിരിച്ചെത്തുമ്പോഴാണു പലരും കേക്കും വൈനും വിളമ്പുന്നത്. കുർബാനയ്ക്കു പോകാൻ മടിച്ചു കിടന്നുറങ്ങിയാൽ രാവിലെ കുർബാന കഴിഞ്ഞു തിരിച്ചെത്തി കേക്കും വൈനും കഴിക്കും. അതു കഴിഞ്ഞേയുള്ളൂ അപ്പവും ചിക്കനുമൊക്കെയായി ക്രിസ്മസ് ആഘോഷം.
കഴിക്കാനുമുണ്ട് ചിട്ട
സ്പൂണും ഫോർക്കും ഉപയോഗിച്ചാണു കേക്ക് കഴിക്കേണ്ടത്. ഇടതു കയ്യിൽ ഫോർക്കും വലതുകയ്യിൽ സ്പൂണും പിടിക്കുക. കേക്ക് സ്പൂൺ ഉപയോഗിച്ചു ചെറുതായി മുറിച്ച ശേഷം ഫോർക്കിൽ കുത്തി വായിൽ വയ്ക്കാം. അതേസമയം, ഡ്രൈ കേക്ക് ആണെങ്കിൽ ഒന്നും നോക്കണ്ട. കൈകൊണ്ടോ സ്പൂൺ കൊണ്ടോ ചെറുകഷണങ്ങളാക്കി കഴിക്കാം. ഇതൊക്കെ രണ്ടാമത്തെ പീസിന്റെ കാര്യത്തിൽ നോക്കിയാൽ മതി. കാരണം ആദ്യം കിട്ടുന്ന പീസ് നമ്മൾ ശരിക്കു കാണുന്നില്ലല്ലോ. ഒന്നും നോക്കാതെ തട്ടുകയല്ലേ!
Content Summary : What is the proper way to eat cake?