ലോകത്തെ വ്യത്യസ്തമായ ഏഴു തരം ചായ രുചികൾ
Mail This Article
ദലൈ ലാമയോട് ഒരിക്കൽ ഒരു മാധ്യമപ്രവർത്തകൻ "കേരളത്തിൽ കണ്ട കാഴ്ചകളിൽ ഏറ്റവും അമ്പരപ്പിച്ചത് എന്താണ്" എന്ന് ചോദിച്ചു. അതിനു ലാമ നൽകിയ മറുപടി 'നേരം പുലരുമ്പോൾ തന്നെ ചൂട് ചായ മൊത്തിക്കുടിച്ചു പത്രം വായിക്കുന്ന, രാഷ്ട്രീയം പറയുന്ന ഇന്നാട്ടിലെ ജനങ്ങൾ' എന്നായിരുന്നത്രേ, പറഞ്ഞു കേട്ടിട്ടുള്ള ഒരു കഥയാണ്.
ഇക്കഥയുടെ സത്യാവസ്ഥ എന്തുമാകട്ടെ. കൊച്ചു വെളുപ്പിനെ റേഡിയോയിലെ പാട്ടും കേട്ട്, പത്രം വായിച്ച് ഒരു ചൂട് ചായ! അത് നമ്മുടെ ജീവിതത്തിന്റെ തന്നെ ഭാഗമാണ്. ഫിറ്റ്നസ് കോൺഷ്യസ് ആയ ചിലരൊക്കെ പാൽചായയോട് ടാറ്റ പറഞ്ഞു ഗ്രീൻ ടീയിൽ ഇരുപ്പ് ഉറപ്പിച്ചെങ്കിലും ചായകുടി എന്ന ആ ശീലം ഇപ്പോഴും മലയാളികൾ വിടാതെ പിന്തുടരുന്നു.
പാൽചായ, കാലിച്ചായ, സ്ട്രോങ്ങ് ചായ, മീറ്റർ ചായ തുടങ്ങി ഈ ഇട്ടാവട്ടത്തു തന്നെ ചായകൾ പലതരമാണ്. അപ്പോൾ പിന്നെ ലോകത്തിന്റെ മൊത്തം കാര്യമെടുത്താലോ!
ലോകത്തിലെ ഏഴു തരം ചായകുടികളെ പരിചയപ്പെട്ടാലോ? ജപ്പാനിലെ മാച്ച മുതൽ അർജന്റിനയിലെ മാറ്റേ വരെ അത് നീളുന്നു.
ഇംഗ്ലീഷ് ടീ
ഇംഗ്ലീഷ് ബ്രേക്ഫാസ്റ്റിന്റെ ഭാഗമായ ചായ പരിചയപ്പെടാം. ചായയുടെ അവസാനം മാത്രം പാൽ ചേർക്കുന്നതാണ് ഇംഗ്ലീഷ് രീതി. കേക്കുകൾ, വെണ്ണ ചേർത്ത കുക്കികൾ എന്നിവയ്‌ക്കൊപ്പമാണ് ഇവർ ചായ വിളമ്പുന്നത്. ബ്രിട്ടീഷ് രാജ കുടുംബാംഗങ്ങൾ വരെ ചായകുടിയുടെ ആരാധകരാണ് താനും!
മൊറോക്കൻ ടീ
''വീട്ടിൽ ചായ ഉണ്ടാക്കുന്നത് ആരാണ്'' എന്ന ചോദ്യത്തിന് നമ്മൾ മിക്കവാറും പേരും നൽകുന്ന ഉത്തരം 'അമ്മ എന്നാവും. അല്ലേ? എന്നാൽ ഈ സ്റ്റീരിയോടൈപ്പുകൾ മൊറോക്കൻ അടുക്കളകളിൽ കാണാൻ പറ്റില്ല.
മൊറോക്കോയിൽ ചായകുടിയും ചായ ഇടലുമൊക്കെ ആണുങ്ങടെ മേഖലയാണ്. കുടുംബത്തിലെ തലമൂത്ത ആണുങ്ങളാണ് അതിഥികൾക്കു ചായ വിളമ്പുക. അപ്പന്മാർ ഈ ശീലം ആൺ മക്കൾക്കു പകർന്നു കൊടുക്കുന്നു. അവിടുന്ന് അടുത്ത ആൺതലമുറയിലേക്കും അത് നീളുന്നു.
അർജന്റീനിയൻ ടീ
അർജന്റീനയിൽ ചായകുടി സ്‌ട്രൊ വഴിയാണ്. ചെറിയ ഭരണി പോലെയുള്ള മാറ്റെ എന്ന ഒരു പാത്രത്തിൽ തേയിലയും വെള്ളവും ഇട്ടു തിളപ്പിക്കുന്നു. അതിൽ ബോംബിഷാ എന്ന് പേരുള്ള പ്രത്യേക തരം സ്ട്രോ ഉപയോഗിച്ചാണ് ഈ ചായ കുടിക്കുക. ഈ സ്‌ട്രോയുടെ താഴെയായി ഫിൽറ്റർ ചെയ്യാനുള്ള ധാരാളം സുഷിരങ്ങൾ ഉണ്ട്. അതുവഴി ചായ മാത്രം സ്ട്രോയിലൂടെ മുകളിലേക്ക്, തേയില കഷ്ണങ്ങൾ താഴെയും. ഐഡിയ എപ്പടി ?. അർജന്റീനിയൻ കുടുംബങ്ങളിലെല്ലാം മാറ്റെ എന്ന് പേരുള്ള ഈ ചെറിയ ചായക്കപ്പുകൾ കാണാം. ചിത്രപ്പണികൾ ഒക്കെ ചെയ്തു അലങ്കരിച്ചാണ് അവർ മാറ്റെ സൂക്ഷിക്കാറുള്ളത്.
റഷ്യൻ ടീ
ഇനി വിപ്ലവത്തിന്റെ മണ്ണായ റഷ്യയിലെ ചായകുടി എങ്ങനെയെന്നു നോക്കിയാലോ. റഷ്യയിൽ പാൽ ചായയേക്കാൾ പ്രിയം കട്ടൻ ചായയ്‌ക്കാണ്. വലിയ സമോവറിലാണ് റഷ്യക്കാർ ചായ ഇടുന്നത്. ഇറച്ചി, മൽസ്യം, കേക്കുകൾ, മധുരം തുടങ്ങി എന്തും ചായയ്ക്കൊപ്പം അവർ വിളമ്പാറുമുണ്ട്. ഡ്രിങ്കിങ് ടീ വിത്ത് എ ബെറ്റ് എന്നൊരു പ്രത്യേക തരം ചായ കുടിയും ഇക്കൂട്ടർ പിന്തുടരുന്നു. ചായ കുടിക്കുന്നതിനു മുൻപായി ഒരു ക്യൂബ് പഞ്ചസാര അവർ വായിലേയ്ക്ക് എടുത്ത് ഇടുന്നു. എന്നിട്ടു ഗ്ലാസിലെ ചായ നുണഞ്ഞ് ഇറക്കുന്നതു വരെ ആ പഞ്ചസാര കഷ്ണം വായിൽ തന്നെ സൂക്ഷിക്കും!
ജപ്പാൻ ടീ
ജപ്പാനിലേക്കു വരികയാണെങ്കിൽ ചായ കുടി അല്പം വ്യത്യസ്തമാണ്. മാച്ച എന്നാണ് അവരുടെ ചായയുടെ പേര്.
ഹിയാൻ കാലത്തു ബുദ്ധമതത്തെ പറ്റി പഠിക്കാൻ ചൈനയിലേക്കു പോയ ജാപ്പനീസ് സന്യാസിമാർ തിരിച്ചെത്തിയതു തേയിലയുമായാണ്. വീട്ടിലെത്തുന്ന അതിഥികൾക്ക് ജപ്പാൻകാർ സ്നേഹത്തോടെയാണ് മാച്ച വിളമ്പുന്നത്. ഇളം പച്ച നിറത്തിലുള്ള ഈ ചായ പക്ഷേ ആള് അൽപം കയ്പ്പൻ ആണു കേട്ടോ!
ഇന്ത്യൻ മസാല ടീ
ചായകളെപ്പറ്റി പറയുമ്പോൾ നമ്മുടെ സ്വന്തം മസാലച്ചായ ഇല്ലാതെ എങ്ങനെ? ഇഞ്ചിയും ഏലക്കായും ഒക്കെ ചേർന്ന നമ്മുടെ സ്വന്തം മസാല ചായ.
തയ്‌വാനികളുടെ സ്വന്തം ബബിൾ ടീ!
ബബിൾ ടീ അൽപം വ്യത്യസ്തമാണ്. അതിന്റെ ലുക്കും വർക്കും വ്യത്യാസമാണ്. തിളപ്പിച്ച വെള്ളത്തിലേക്കു കറുത്ത നിറത്തിലുള്ള ബോബ ഇടുന്നു. അരമണിക്കൂറോളം വെട്ടി തിളച്ചു, കുഴമ്പു പരുവത്തിൽ ആയിക്കഴിയുമ്പോൾ ഈ ബോബ, പാലിനും ഐസിനുമൊപ്പം ചേർത്തു മിക്സിയിൽ അടിച്ചെടുക്കാം. ഇതാണ് ഇവരുടെ ബബിൾ ടീ!
ആറു നാട്ടിൽ നൂറു ഭാഷ എന്ന് പഴമക്കാർ പറയാറുണ്ട്. എന്തിന് ഭാഷ, ഒരു കപ്പു ചായയിൽ തന്നെ എത്ര വൈവിധ്യങ്ങളാണ്!
Content Summary : Around the world 7 ways to drink tea