ട്രെയിനുകളിലെ രുചിവൈവിധ്യങ്ങളിലൂടെ ഒരു യാത്രയായാലോ...
Mail This Article
ചായ് ചായ്...
വട വട...
പൂരി, ചപ്പാത്തി...
ബ്രെഡ് ഓംലെറ്റ്...
ട്രെയിനുകളിലെ ഈ വിളി കേൾക്കുമ്പോൾ തന്നെ വയറ്റിൽ ആരോ ഇലയിടും. ബ്രിട്ടിഷ് കാലം മുതൽ ട്രെയിനിൽ ഭക്ഷണം ലഭിക്കുമായിരുന്നെങ്കിലും ഇന്ത്യൻ റെയിൽവേ ദീർഘദൂര ട്രെയിനുകളിൽ ഇതു വ്യാപകമാക്കുന്നത് എഴുപതുകളിലാണ്. ഇനി യാത്രക്കാർക്ക് ഇഷ്ട റസ്റ്ററന്റുകളിൽ നിന്നു ഭക്ഷണം വാട്സാപ്പിൽ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കുകയാണ് റെയിൽവേ. സ്റ്റേഷനിൽ എത്തുമ്പോൾ ഭക്ഷണം ലഭ്യമാക്കാനാണു പദ്ധതി. എന്നാലും ട്രെയിനുകളിലെ പാൻട്രി കാർ എന്നറിയപ്പെടുന്ന ആ ഉരുക്കു കിച്ചണിൽ വെന്തിറങ്ങിയ രുചിഭേദങ്ങൾ അങ്ങനെ വിട്ടുകളയാനാകുമോ? ട്രെയിനുകളിലെ രുചിവൈവിധ്യങ്ങളിലൂടെ ഒരു യാത്രയായാലോ...
സേലത്തെ പാൽകുടിയും ചെന്നൈ മെയിലും
മദ്രാസ് മെയിൽ സേലത്ത് എത്തുമ്പോൾ അർധരാത്രി കഴിയും. പക്ഷേ പുറത്തിറങ്ങി അൽപം ചൂടുപാൽ കുടിച്ചില്ലെങ്കിൽ പിന്നെന്തു യാത്ര. സേലം മാത്രമല്ല, ‘അമുലി’ന്റെ നാടായ ഗുജറാത്തിലെ ആനന്ദ് സ്റ്റേഷനും പാലുകൊണ്ടു പാലാഴി തീർക്കുന്നു. മംഗളൂരു സ്റ്റേഷനിൽ നിന്നു മുട്ടബിരിയാണി വാങ്ങി മലബാർ എക്സ്പ്രസിൽ കാസർകോട്ട് എത്തുമ്പോൾ കശുവണ്ടി ഇട്ടുണ്ടാക്കിയ കുറുമയും ചപ്പാത്തിയും വാങ്ങാം. ഇതേ ട്രെയിൻ കോഴിക്കോട്ട് എത്തുമ്പോഴാണ് ഹൽവയുടെ ദൃശ്യവിരുന്ന്. ഒപ്പം കായ വറുത്തതും. പുലർച്ചെ എറണാകുളം– കോട്ടയം ഭാഗത്ത് എത്തുമ്പോൾ ട്രെയിനിനു വീണ്ടും രുചിഭേദം – അപ്പവും ചിക്കൻ കറിയും മസാലഗന്ധം പരത്തുന്ന തീന്മേശയായി നമ്മുടെ സൈഡ് ലോവർ ബെർത്ത് മാറുന്നു.
ലോണാവാലായിലെ ചിക്കി; പുണെയിലെ ചായ
വേളാങ്കണ്ണിയിലേക്കോ തഞ്ചാവൂരിലേക്കോ ആണ് യാത്രയെങ്കിലോ ? ഉപ്പിട്ടു വറുത്ത കശുവണ്ടിപ്പരിപ്പ് കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ എന്നപോലെ നമ്മെ കാത്തിരിക്കും. മൈസൂരുവിലോ മധുരയിലോ ആണെങ്കിൽ ഏറ്റവും നല്ല തീരുമാനം രണ്ടു ചൂടു ദോശ എന്നതാണ്. പച്ചക്കുളമ്പ് എന്ന ചമ്മന്തിയും ഉള്ളിച്ചമന്തിയും മുളകു ചാറും ദോശയ്ക്കു ചുറ്റും നിറച്ചാർത്തേകി കൊടി വീശിനിൽക്കും. തിരുച്ചിറപ്പള്ളിയിലാണു സ്റ്റോപ്പ് എങ്കിൽ വിവിധ തരം പച്ചക്കറിപ്പുഴുക്കുകൾ കുത്തിനിറച്ച ‘ബോംബ്’ പോലെയുള്ള ബോണ്ടകൾ കാഴ്ചയിൽ മാത്രമല്ല രുചിയിലും കൗതുകം തീർക്കും.
മുൻപ് ജയന്തി ജനതാ ട്രെയിൻ മുംബൈ വരെ പോയിരുന്ന കാലത്ത് പുണെ സ്റ്റേഷനിൽ നിർത്തുമ്പോഴാണ് മസാലച്ചായയുടെ രുചി മലയാളി ആദ്യമായി അറിഞ്ഞത്. ഇതേ ട്രെയിൻ ലോണാവാലായുടെ ഉയരത്തിലേക്ക് ഇരട്ട എൻജിൻ വച്ച് ഓടിച്ചു കയറുമ്പോൾ ചോക്കലേറ്റ് മധുരവും കശുവണ്ടികൊണ്ടുള്ള മിഠായിയും (ചിക്കി) നമ്മുടെ വായിലേക്കു ടിക്കറ്റെടുക്കും. മഹാരാഷ്ട്രയിലെ കോലാപുർ കരിമ്പിൻ നീരിനും സോലാപുർ ബർഫിക്കും പേരുകേട്ട സ്റ്റേഷനുകളാണ്. നാഗ്പുരിലെത്തിയാൽ കേരള എക്സ്പ്രസിനെ സീസണിൽ ‘ഓറഞ്ച്’ എക്സ്പ്രസാക്കി മാറ്റാം. ബസുമതി അരി വിളയുന്ന കർണാകടയിലെ സാംഗ്ലിക്ക് അടുത്ത ഹുബ്ബള്ളി സ്റ്റേഷൻ പ്രത്യേകതരം സുഗന്ധച്ചോറിന്റെ സ്റ്റേഷനാണ്.
ഹൗറയിൽ സന്ദേഷ് കാത്തിരിക്കുന്നു
വിശാഖപട്ടണം വഴി കൊൽക്കത്തയിലേക്കാണു യാത്രയെങ്കിൽ രുചിയുത്സവമാണ്. ഗോദാവരി കടന്ന് രാജമുണ്ഡ്രി സ്റ്റേഷനിൽ കയറിയാൽ പൂവൻപഴവും പേരയ്ക്കയും റെഡി. വിശാഖപട്ടണത്ത് മാങ്ങ കൊണ്ടുള്ള തെരയുടെ രുചി പായവിരിച്ചപോലെ പരന്നുകിടക്കും. കൊൽക്കത്തയിലെ ഹൗറ സ്റ്റേഷനിൽ നമ്മെ കാത്തിരിക്കുന്നത് സന്ദേഷാണ്. പേട പോലുള്ള ഒരു വിഭവമാണ് സന്ദേഷ്.
കൊല്ലം– മധുര റൂട്ടിലും ഇതുപോലെയാണ്. നാടൻ നെല്ലിക്കയുടെയും പേരയ്ക്കയുടെയും രൂപത്തിൽ പാട്ടിമാർ കുട്ടനിറച്ചു സ്നേഹവുമായി കയറിവരും. ശ്രീവില്ലിപ്പുതൂർ എത്തുമ്പോഴേക്കും ട്രെയിൻ പാൽഗോവ എന്ന പേടയുടെ രുചിപേടകമായി മാറും. ഗോവയിലെ വാസ്കോ ആയാലും പനജി ആയാലും മീൻകറി കിട്ടും. പുളിയിടാത്ത ഈ മീൻകറി ചിലർക്ക് ഇഷ്ടപ്പെടണമെന്നില്ല. തിരുപ്പതി സ്റ്റേഷനിൽ ക്ഷേത്രത്തിലെ പ്രസാദമായ വലിയ നെയ് ലഡു കിട്ടും. പുതുച്ചേരിക്കടുത്തുള്ള പൺറുതി സ്റ്റേഷനിലും കൊങ്കൺ പാതയിലെ രത്നഗിരിയിലും മറ്റും ഗ്രാമീണർ ചക്കയുമായി ട്രെയിനിൽ കയറി നമ്മുടെ മനസ്സിൽ ബാല്യസ്മരണകളുടെ അരക്കു പുരട്ടി കടന്നുപോകും.
പാൽച്ചായയല്ല; ലാൽച്ചായ
ഡാർജിലിങ് ട്രെയിനിലും അസമിലും ചായ എന്നാൽ പാൽച്ചായ അല്ല. ലാൽച്ചായയാണ്. നമ്മുടെ കട്ടൻചായ തന്നെ. പക്ഷേ ഇഞ്ചിയും നാരങ്ങയും ഏലയ്ക്കയും എന്നുവേണ്ട ലോകത്തുള്ള സുഗന്ധ ദ്രവ്യങ്ങളെല്ലാം ഈ ഒരൊറ്റ കപ്പിൽ ട്രെയിൻ കയറുന്നു. ഗ്വാളിയറിലെത്തിയാൽ ബിഹാറിലെപ്പോലെ മണ്ണുകൊണ്ടുള്ള മിട്ടി കപ്പിലാണ് ചായ. എരുമപ്പാലാണോ എന്നു സംശയം ഇല്ലാതില്ല. അത്രയ്ക്കാണു കൊഴുപ്പ്. രാജസ്ഥാനിലെ ചില സ്റ്റേഷനുകളിൽ ഒട്ടകപ്പാലൊഴിച്ച ചായ ഉണ്ടെന്നു കേട്ടിട്ടുണ്ട്. ന്യൂഡൽഹി– ചെന്നൈ തമിഴ്നാട് എക്സ്പ്രസിലെ കട്‌ലറ്റും മുട്ട– റൊട്ടി ഓംലെറ്റും ഒരിക്കലെങ്കിലും ആസ്വദിക്കണം. ആഗ്ര സ്റ്റേഷനിലെ കുമ്പളങ്ങപ്പേട, ന്യൂഡൽഹിയിലെ ഉരുളക്കിഴങ്ങ് പൊരിച്ചത്, അഹമ്മദാബാദിലെ ഐസ്ക്രീം, അമൃത്‌സറിലെ ലസ്സി, ആലു പറാത്ത ... അങ്ങനെ ഒരിക്കലും അവസാനിക്കാത്ത യാത്രയാണ് ട്രെയിനുകളിലെ ഈ രുചിയാത്ര.
Content Summary : The trains have a different flavor at each station, a journey through flavors.