ലുക്കിലല്ല കാര്യം, വൃത്തിയാകണം ആദ്യ പരിഗണന
Mail This Article
എവിടെ കിട്ടും നല്ല ഭക്ഷണം? സ്വന്തം വീടിന്റെ അടുക്കള തന്നെയാണു നമുക്കു പൂർണമായും വിശ്വസിക്കാൻ കഴിയുന്നയിടം. എന്നാൽ എപ്പോഴും വീട്ടിൽ നിന്നു മാത്രം ഭക്ഷണം കഴിക്കാൻ പറ്റുമോ? ചിലരാകട്ടെ സ്ഥിരമായി ഹോട്ടലുകളിൽ നിന്നു ഭക്ഷണം കഴിക്കുന്നവരാണ്. അതിനാൽ തന്നെ ഭക്ഷ്യ വിഷബാധയ്ക്കുള്ള സാധ്യത എപ്പോൾ വേണമെങ്കിലുമുണ്ട്. അതു വരാതെ സൂക്ഷിക്കുകയെന്നതു പ്രധാനവും.
ഹോട്ടലിലെ തീൻമേശയുടെയോ കസേരയുടെയോ ഭംഗിയല്ല പ്രധാനം. ഭക്ഷണത്തിന്റെയും അതുണ്ടാക്കുന്ന അടുക്കളയുടെയും പാചകക്കാരന്റെയും വൃത്തിയാണ്. എന്നാൽ അടുക്കളയിൽ കയറി വൃത്തിയുണ്ടോയെന്നു നോക്കി മാത്രം ഭക്ഷണം കഴിക്കാനുമാകില്ല. എന്നാൽ നമുക്കു ചില കാര്യങ്ങൾ ചെയ്യാനാകും. ഹോട്ടലുകൾക്കു ഭക്ഷ്യസുരക്ഷ വകുപ്പിന്റെ (എഫ്എസ്എസ്എഐ) ലൈസൻസ് ഉണ്ടോയെന്നു നോക്കാം. ഫ്എസ്എസ്എഐ ലൈസൻസ് പ്രദർശിപ്പിച്ചിരിക്കണമെന്നതു നിർബന്ധമാണ്. ചില ഹോട്ടലുകളിൽ ‘ഓപ്പൺ അടുക്കള’കൾ ഉണ്ടായിരിക്കും. അത്തരം അടുക്കളയിൽ വൃത്തിയുണ്ടോയെന്നു നമുക്ക് എളുപ്പം മനസ്സിലാകും.
അടുക്കളയുടെ വൃത്തി പോലെ തന്നെ പ്രധാനപ്പെട്ടതാണു പാചകം ചെയ്യുന്നവരുടെ വൃത്തിയും. ഭക്ഷണം കഴിച്ച ശേഷം പാത്രങ്ങൾ പൈപ്പിൽ നിന്ന് ഒഴുകുന്ന വെള്ളത്തിലാണു കഴുകിയെടുക്കേണ്ടത്. എന്നാൽ പലയിടങ്ങളിലും വലിയ ബക്കറ്റുകളിലിട്ടു പാത്രങ്ങൾ കഴുകിയെടുക്കുകയാണു ചെയ്യുന്നത്. ഇതു മൂലം പാത്രങ്ങൾ പൂർണമായും വൃത്തിയാകാനുള്ള സാധ്യത കുറയും.
ഹോട്ടലുകളിലെ ശുചിമുറികളും രോഗം പരത്തുന്ന പ്രധാന ഇടങ്ങളാണ്. ശുചിമുറിയിൽ പോയ ശേഷം കൈകൾ സോപ്പുപയോഗിച്ചു കഴുകണമെന്നതു വൃത്തിയുടെ കാര്യത്തിലെ ആദ്യ പാഠം. എന്നാൽ, പല ഹോട്ടലുകളിലും ശുചിമുറികളിൽ വാഷ്ബേസിൻ ഉണ്ടാകാറില്ല. ഹോട്ടലുകളിലായാലും വീട്ടിലായാലും പഴകിയ ഭക്ഷണം അസുഖങ്ങൾ ക്ഷണിച്ചു വരുത്തും. പഴകിയ ഭക്ഷണം മാത്രമല്ല, ഇത്തരം ചില ചെറു കാര്യങ്ങളും ഭക്ഷ്യ വിഷബാധയെ നേരിടുമ്പോൾ മനസ്സിലോർക്കണം.
(വിവരങ്ങൾ: ഡോ. രാജീവ് ജയദേവൻ, പൊതുജനാരോഗ്യ വിദഗ്ധൻ)