ADVERTISEMENT

പഞ്ചാബ് ടീമിനു  ശക്തമായ പിന്തുണയുമായി എന്നും ഐപിഎൽ വേദികളിൽ എത്തുന്ന അവരുടെ ഉടമകളിൽ ഒരാളാണ് പ്രീതി സിന്റ . പുതുതലമുറയ്ക്ക് അതുകൊണ്ടുതന്നെ ഐപിഎൽ വേദികളിലാകാം അവരെ കണ്ട് കൂടുതൽ പരിചയവും. എന്നാൽ നുണക്കുഴികളും വശ്യമായ പുഞ്ചിരിയുമായി 90സ് കിഡ്‌സിന്റെ ഡ്രീം ഗേൾ ആയിരുന്ന ഒരു ഭൂതകാലം അവർക്കുണ്ട്.

Read Also : മാമ്പഴം മുറിച്ചു വയ്ക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം...
 

അഭിനയ ജീവിതത്തിൽ നിന്നും ഒരു താൽക്കാലിക ഇടവേള എടുത്ത് താരം പിന്നീട് വൈവിധ്യമാർന്ന മേഖലകളിൽ തന്റേതായ വിജയം സ്വന്തമാക്കി. മികച്ച ഒരു നടി എന്നതിനപ്പുറം കറ തീർന്ന ഒരു ഫൂഡി കൂടിയാണ് പ്രീതി എന്ന്  എത്രപേർക്കറിയാം? ചോലെ ബട്ടൂര, ഡൽഹി സ്ട്രീറ്റിലെ രുചികരമായ വിഭവങ്ങൾ എന്നിവ  ആസ്വദിക്കാറുള്ള  പ്രീതി തന്റെ അടുക്കള വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്നതിലും ഏറെ ഉത്സാഹം കാട്ടാറുണ്ട്. ദിൽസേ, കൽ ഹോ ന ഹോ, ദിൽ ചാഹ്‌താ ഹേ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യയൊട്ടാകെ വലിയ ഒരു ഫാൻബേസ്  സൃഷ്ടിച്ച പ്രീതി സിന്റ ഹിമാചൽ പ്രദേശ് സ്വദേശിയാണ്.

പർവതങ്ങളുടെ നാട്ടിൽ നിന്ന് വന്നതിനാൽ തന്നെ പലപ്പോഴും തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ സ്വന്തം നാട്, അവിടുത്തെ കൃഷിരീതികൾ, ഭക്ഷണരീതികൾ തുടങ്ങിയവ പരിചയപ്പെടുത്താനും പ്രീതി മറക്കാറില്ല.' 'ഘർ കി ഖേതി' എന്ന സീരീസിന് കീഴിൽ തന്റെ വീട്ടിലെ പച്ചക്കറി തോട്ടത്തിൽ വളയുന്ന  പിങ്കാപ്പിൾ, ഏത്തപ്പഴം  തുടങ്ങിയ ഫലവർഗങ്ങളുടെ വിശേഷങ്ങളും  പ്രീതി അപ്‌ലോഡ് ചെയ്യാറുമുണ്ട്

എന്നാൽ കഴിഞ്ഞദിവസം അപ്‌ലോഡ് ചെയ്ത പുതിയ പോസ്റ്റിൽ തന്റെ സംസ്ഥാനത്തിന്റെ  മാത്രം  പ്രത്യേകതയായ ചുൽഹ എന്ന കളിമൺ അടുപ്പിൽ തീ പകരുന്ന  ചിത്രമാണ് താരം പങ്കുവച്ചത്. പരമ്പരാഗത ഹിമാചൽ വസ്ത്രധാരണ രീതിയായ സ്വെറ്റർ, സ്കാർഫ് എന്നിവയും പ്രീതി അണിഞ്ഞിട്ടുണ്ട്. ''ഭൂതകാല ഓർമ്മകളിലൂടെ കടന്നു പോകുന്നതിനൊപ്പം  പുതിയ നിമിഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

പഹാഡി ഭവനങ്ങളുടെ മാത്രം പ്രത്യേകതയായ, ഏറെനാളായി ഉപയോഗിക്കാതെ കിടന്ന ചുൽഹയ്ക്ക് തീ പകരുന്നതിലൂടെ അതിനു  ജീവൻ സമ്മാനിക്കുമ്പോൾ'' എന്ന കുറിപ്പോടെയാണു താരം പങ്കുവച്ചത്.

ഇൻസ്റ്റാഗ്രമിൽ ഒരു കോടിയിലേറെ ആളുകൾ ഫോളോ ചെയ്യുന്ന പ്രീതിയുടെ ഈ പോസ്റ്റിന് കുറഞ്ഞ സമയത്തിനുള്ളിൽ രണ്ടര ലക്ഷത്തിലേറെ ലൈക്കുകൾ ആണ് ലഭിച്ചിരിക്കുന്നത്. ഇതാദ്യമായല്ല തന്റെ സംസ്ഥാനത്തിന്റെ മഹത്വം വിളിച്ചോതുന്ന പോസ്റ്റുകൾ പ്രീതി പങ്കുവയ്ക്കുന്നത്. മുൻപൊരിക്കൽ ഘർ കി ഖേതി  പരമ്പരയ്ക്ക് കീഴിൽ ഹിമാചൽ പ്രദേശിന്റെ മാത്രം പ്രത്യേകതയായ പിങ്ക് ആപ്പിൾ മരത്തിൽ രണ്ടു കുഞ്ഞൻ  ആപ്പിൾ വിളഞ്ഞതിന്റെ  വിശേഷങ്ങൾ പ്രീതി ഷെയർ ചെയ്തിരുന്നു.

''ഹിമാചൽ പ്രദേശിൽ നിന്നും ഒരു പെൺകുട്ടിയെ പുറത്തുകൊണ്ടുവരാൻ നിങ്ങൾക്ക് സാധിച്ചേക്കാം പക്ഷേ ഒരു പെൺകുട്ടിയുടെ ഉള്ളിലുള്ള ഹിമാചൽ സംസ്കാരത്തെ നിങ്ങൾക്ക് കവർന്നെടുക്കാൻ  ആകില്ല'' എന്നായിരുന്നു ചിത്രത്തിനൊപ്പം അന്ന് ആ മനോഹരമായ ദൃശ്യത്തെ താരം വിശേഷിപ്പിച്ചത്.

Content Summary : Preity Zinta sparks her 'Pahadi' spirit, lights 'chulha' at Shimla home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com