തായ്ലൻഡിലെ പ്രസിദ്ധമായ മാംഗോ സ്റ്റിക്കി റൈസ്, നമ്മുടെ ചോറും മാമ്പഴപുളിശ്ശേരിയും പോലെ : അഹാന
Mail This Article
തായ് കുസിനിലെ ഏറെ പ്രസിദ്ധമായ രുചിക്കൂട്ടാണ് മാംഗോ സ്റ്റിക്കി റൈസ്. തായ് സ്പെഷൽ രുചിക്കൂട്ടിന്റെ ചിത്രം സോഷ്യൽമീഡിയായിൽ പങ്കുവച്ചത് അഹാന കൃഷ്ണകുമാറാണ്. തേങ്ങാപ്പാല്‍, പഞ്ചസാര, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുന്ന ചോറിനൊപ്പം മാമ്പഴവും ചേര്‍ത്താണ് ഇത് വിളമ്പുന്നത്. വേനല്‍ക്കാലത്ത് തായ്‌ലന്‍ഡില്‍ ഏറെ പ്രചാരമുള്ള രുചിക്കൂട്ടാണിത്. മലയാളികളുടെ പ്രിയപ്പെട്ട ചോറും മമ്പഴപുളിശ്ശേരിയുടെയും തായ് കസിൻ സിസ്റ്ററായി വരും മാംഗോ സ്റ്റിക്കി റൈസ് എന്നാണ് അഹാന വിഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ ഹിറ്റായ ഒരു വിഭവമാണ് മാംഗോ സ്റ്റിക്കി റൈസ്. തായ് റാപ്പർ മില്ലിയെന്ന ഗായിക യു.എസിൽ നടന്നൊരു സംഗീത പരിപാടിയില്‍ സ്റ്റേജില്‍വച്ച് ഈ ഡെസേര്‍ട്ട് കഴിച്ചിരുന്നു. Coachella സംഗീതനിശയില്‍ പങ്കെടുക്കുന്ന ആദ്യത്തെ സോളോ തായ് ആര്‍ട്ടിസ്റ്റാണ് മില്ലി. 'മാംഗോ സ്റ്റിക്കി റൈസ്' എന്നു തുടങ്ങുന്ന പാട്ടും അവര്‍ സംഗീതനിശയില്‍ ആലപിച്ചു. ഇതോടു കൂടി തായ്ലൻഡ് സ്പെഷൽ രുചിക്കൂട്ടിന് ആരാധകർ കൂടി. വളരെ സ്വാദോടെ ഈ റൈസ് വീട്ടിൽ ഒരുക്കാം, രുചിക്കൂട്ട് ഇതാ.
ചേരുവകൾ
ഗ്ലൂറ്റോണിയസ് റൈസ് – 1/2 കപ്പ്
തേങ്ങാപ്പാൽ – 1/2 കപ്പ് (കട്ടി കുറഞ്ഞത്)
തേങ്ങാപ്പാൽ – 1/2 കപ്പ് (ഒന്നാം പാൽ)
കോക്കനട്ട് ക്രീം – 2 ടേബിൾസ്പൂൺ (ആവശ്യമെങ്കിൽ)
പഞ്ചസാര – 3 ടേബിൾസ്പൂൺ
ഉപ്പ് – 1/2 ടീസ്പൂൺ
മാമ്പഴം – 1
വെളുത്ത എള്ള് (വറുത്തത്) – 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
വൃത്തിയാക്കിയ അരി അരമണിക്കൂർ 2 കപ്പ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
ഇതിലേക്കു തേങ്ങാപ്പാൽ (കട്ടി കുറഞ്ഞത്) ചേർത്തു ചെറിയ തീയിൽ അരി നല്ല മയത്തിൽ വേവിക്കുക. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം. തേങ്ങാപ്പാലിലേക്കു (ഒന്നാം പാൽ) ഉപ്പും പഞ്ചസാരയും ചേർത്തു യോജിപ്പിച്ച് ചോറിലേക്കു ചേർക്കാം. തിളച്ചു തുടങ്ങുമ്പോൾ ഓഫ് ചെയ്തു അടച്ചു വയ്ക്കാം. മധുരം നോക്കി, ആവശ്യമെങ്കിൽ കൂടുതൽ ചേർക്കാം. അരിഞ്ഞു വച്ച മാമ്പഴ കഷ്ണങ്ങൾക്കൊപ്പം ഈ റൈസ് വിളമ്പാം, ആവശ്യമെങ്കിൽ കോക്കനട്ട് ക്രീം ചേർക്കാം.
Content Summary : Mango sticky rice is a popular Thai dessert made with glutinous rice, coconut milk, and mango.