മൊരിഞ്ഞ പൊറോട്ടയും ബീഫും, ഹോ! സ്പെഷൽ വേറെയുമുണ്ട്; രുചിവിശേഷങ്ങളുമായി ശാലിൻ സോയ
Mail This Article
മൊരിഞ്ഞ പൊറോട്ടയിലേക്ക് ചൂടു ബീഫ് കറി ചേർത്ത് കഴിക്കണം. നാവിനെ അതു രുചിലഹരിയിലാഴ്ത്തും. പൊറോട്ട മാത്രമല്ല, തനി നാടൻ വിഭവങ്ങൾ തുടങ്ങി കോണ്ടിനെന്റൽ രുചി വരെ പ്രിയമാണ് മലയാളികളുടെ പ്രിയ താരം ശാലിൻ സോയയ്ക്ക്. ഭക്ഷണപ്രേമിയാണു താനെന്ന് പറയാൻ ഒരു മടിയുമില്ല ശാലിന്. പാഷനേറ്റ് ഫൂഡിയാണ് ശാലിൻ സോയ. ഷൂട്ടിന്റെ ഭാഗമായും അല്ലാതെയും യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ആദ്യം തിരയുക അന്നാട്ടിലെ സ്പെഷൻ വിഭവങ്ങളാണ്. ഇഷ്ടപ്പെട്ട വിഭവങ്ങളും പാചകവുമൊക്കെയായി രുചിവിശേഷങ്ങൾ മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുകയാണ് ശാലിൻ സോയ.
പാചക റാണിയല്ല, എങ്കിലും വിഭവങ്ങൾ പരീക്ഷിക്കും
ഇൻസ്റ്റഗ്രാം തുറന്നാൽ ഏറ്റവും കൂടുതൽ ഞാൻ ആസ്വദിക്കുന്നത് കുക്കിങ് വിഡിയോകളാണ്. എനിക്ക് അവ ഇഷ്ടമാണ്. ജോലിത്തിരക്കിൽ നിന്നു വീണുകിട്ടുന്ന അവസരങ്ങളിൽ ആദ്യം തിരയുന്നത് പലതരം റെസിപ്പികളാണ്. അതൊക്കെ പരീക്ഷിക്കാറുമുണ്ട്. കാഴ്ചയിൽ അലങ്കാരങ്ങൾ ഇത്തിരി കുറഞ്ഞാലും രുചിച്ചു നോക്കുന്നവർ ‘പൊളി െഎറ്റ’മെന്നു പറയാറുണ്ട്. വീട്ടുകാരുടെ ആ വാക്കുകളാണ് എന്റെ പാചകത്തിന്റെ ഊർജം.
വീട്ടിൽ കൂടുതലും നോൺവെജ് വിഭവങ്ങളാണ് തയാറാക്കുന്നത്. അതാണ് പ്രിയവും. രാവിലത്തെ ഭക്ഷണത്തിലും എനിക്ക് ചിക്കനോ മട്ടനോ എന്തെങ്കിലും വേണം, എന്നാലെ ഫൂഡ് കഴിച്ച ഫീൽ വരൂ. വിവാഹത്തിനൊക്കെ പോയാൽ സദ്യയുടെ കൂടെ എന്തെങ്കിലും ഒരു നോണ്‍വെജ് വിഭവം കിട്ടിയിരുന്നെങ്കിൽ എന്നു വരെ ചിന്തിക്കാറുണ്ട്.
ഫേവറൈറ്റ് റെസിപ്പി– വായിൽ കപ്പലോടും രുചി
പാചക പരീക്ഷണങ്ങൾ നടത്താറുണ്ടെങ്കിലും ഏറ്റവും ഇഷ്ടവും സിംപിളായി ചെയ്യാവുന്നതും ചെമ്മീൻ ബട്ടർ ചീസാണ്. എന്റെ ഫേവറൈറ്റ് വിഭവം. വലിയ ചെമ്മീൻ കൊണ്ടുള്ള വിഭവം ഞാൻ തയാറാക്കാറുണ്ട്. ഒരുപാട് ഇഷ്ടമുള്ളതാണ് പ്രോൺസ്. കഴിച്ചവർ സൂപ്പറാണെന്നും പറഞ്ഞിട്ടുണ്ട്. അത് തയാറാക്കുന്ന വിധം വളരെ സിംപിളാണ്. കുട്ടികൾക്കൊക്കെ ഏറെ ഇഷ്ടപ്പെടും. സീഫൂഡിന് അലർജിയുള്ളവർ ശ്രദ്ധിക്കണം.
മീഡിയം വലുപ്പമുള്ള ചെമ്മീൻ ക്ലീൻ ചെയ്തതിലേക്ക് ഒരുപിടി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും (ചെമ്മീനിന്റെ അളവ് അനുസരിച്ച്) ആവശ്യത്തിന് ഉപ്പും കുരുമുളകും ഒരു മുട്ടയും ബട്ടറും ചേർത്ത് നന്നായി യോജിപ്പിച്ച് ഒരുമണിക്കൂറോളം വയ്ക്കണം. ചേരുവകൾ ചെമ്മീനിൽ നന്നായി പിടിച്ചിരിക്കും. ശേഷം പാൻ ചൂടാകുമ്പോൾ ഒായിൽ ഒഴിച്ച്, ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും തക്കാളിയും ചേർത്ത് വഴറ്റുക.
അതിലേക്ക് മാറ്റിവച്ചിരിക്കുന്ന ചെമ്മീൻ കൂട്ട് ചേർക്കാം, തക്കാളിയും വെളുത്തുള്ളിയും ചെമ്മീനും നന്നായി വഴറ്റണം. തീ കുറച്ചു വച്ച് വേണം പാകം ചെയ്യുവാൻ. ചെമ്മീൻ ലൈറ്റ് ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് ചീസ് ചേർക്കാം. ഗ്യാസ് നിർത്തി 5 മിനിറ്റ് അടച്ചു വയ്ക്കാം. പ്രോൺസ് ബട്ടർ ചീസ് റെഡി.
നൊസ്റ്റാൾജിയ തോന്നും ഇൗ വിഭവം
ഭക്ഷണത്തിന്റെ കാര്യം ഒാർക്കുമ്പോൾ ആദ്യം മനസ്സിൽ നിറയുന്നത് വാഴയിലയിലെ പൊതിച്ചോറാണ്. പണ്ട് ട്രെയിനിലൊക്കെ നീണ്ട യാത്ര പോകുമ്പോൾ ഉച്ചഭക്ഷണവും കരുതുമായിരുന്നു. അതും വാഴയിലയിൽ പൊതിഞ്ഞെടുത്ത ചോറും കൂട്ടാനും. അത് തുറക്കുമ്പോൾത്തന്നെ ചൂടു വാഴയിലയുടെയും കറികളുടെയും കൊതി നിറയ്ക്കുന്ന മണം അവിടം മുഴുവൻ നിറയും. ആ നൊസ്റ്റാൾജിയയുടെ
ഒാർമയ്ക്കാകും ഇന്ന് മിക്ക ഹോട്ടലുകളിലും പൊതിച്ചോറ് വിൽപനയ്ക്കുണ്ട്. എന്നാലും വീട്ടിൽനിന്ന് അമ്മ വാഴയിലയിൽ പൊതിഞ്ഞു തരുന്ന ഉച്ചയൂണിനോളം വരില്ല.
മായാത്ത രുചി
വൈകിട്ട് നാലുമണിക്ക് ചായയുടെ കൂടെ എന്തെങ്കിലും നിർബന്ധമാണ്. പണ്ട് എന്റെ അങ്കിൾ വീടിന് അടുത്തുള്ള തട്ടുകടയിൽനിന്ന് ചൂടു പൊറോട്ടയും ബീഫ്കറിയും വാങ്ങിത്തരുമായിരുന്നു.
വൈകുന്നേരം അഞ്ചു മണി കഴിയുമ്പോഴേക്കും അതിനായി കാത്തിരിക്കും. ഇന്നും പൊറോട്ടയും ബീഫും എന്നു കേട്ടാൽ ഞാൻ വീഴും. എന്നാലും ആ തട്ടുകടയിലെ രുചി നാവിൽനിന്ന് മാഞ്ഞിട്ടില്ല.
അമ്മയാണ് പാചകറാണി
അമ്മ ഉണ്ടാക്കുന്ന എല്ലാ വിഭവങ്ങള്‍ക്കും പ്രത്യേക രുചിയാണെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറയും. എന്റെ അമ്മയും ഫൂഡിന്റെ കാര്യത്തിൽ സ്പെഷലാണ്. അമ്മ തയാറാക്കുന്ന എല്ലാത്തിനും അസാധ്യ രുചിയാണ്. ഒാംലറ്റിനു വരെ അടിപൊളി സ്വാദാണ്. ബിരിയാണിയാണ് അമ്മയുെട ഹൈലൈറ്റ്.
ബിരിയാണിയിൽ നിറഞ്ഞ മസാലക്കൂട്ടിന്റെയും ചിക്കന്റെയുമൊക്കെ മണം മൂക്കിൽ തുളച്ചു കയറും. സ്വാദ് നോക്കുവാനായി പ്ലേറ്റുമായി മുൻപന്തിയിൽ ഞാനുണ്ടാകും. അടുത്തത് ദോശയും മുട്ടറോസ്റ്റുമാണ്. മലബാർ രീതിയിലുള്ള ദോശയും മുട്ട റോസ്റ്റും എനിക്ക് ഒരുപാട് ഇഷ്ടമാണ്. പിന്നെ മുത്തശ്ശിയുടെ നെയ്ച്ചോറും പൊളിയാണ്. ശരിക്കും എന്റെ പാചക റാണി അമ്മയാണ്.
കഫേ എനിക്ക് പ്രിയമാണ്
ഞാൻ ഒരുപാട് യാത്രകൾ നടത്തുന്നയാളാണ്. ഇന്ത്യക്കകത്തും പുറത്തുമായി നിരവധിയിടങ്ങൾ സന്ദര്‍ശിച്ചിട്ടുണ്ട്. യാത്രയ്ക്ക് മുൻപ് ആദ്യം ഞാൻ തിരയുന്നത് അന്നാട്ടിൽ വെറൈറ്റി ഫൂഡ് കിട്ടുന്ന റസ്റ്ററന്റുകളും കഫേകളുമാണ്.
ആ നാട്ടിലെ ട്രെഡീഷനൽ വിഭവങ്ങളും രുചിക്കാറുണ്ട്. നല്ല കോഫിയൊക്കെ രുചിച്ച് കഫേകളിൽ വെറുതേയിരിക്കാനും ഒരുപാട് പ്രിയമാണ്. കഫേയിലെ മെനുവിലെ വെറൈറ്റി െഎറ്റംസ് ഒാർഡർ ചെയ്യാറുമുണ്ട്. രുചിയാത്രയിൽ മറക്കാനാവാത്ത വിഭവങ്ങൾ ഇന്നും എന്റെ ഒാർമയിലുണ്ട്.
ഫൂഡിയാണെങ്കിലും ആരോഗ്യം ശ്രദ്ധിക്കും
ആവശ്യത്തിന് ഭക്ഷണവും ആരോഗ്യവും –അതാണ് എന്റെ പോളിസി. ഫൂഡിയാണെങ്കിലും കിട്ടുന്നതെല്ലാം വലിച്ചുവാരി കഴിക്കുന്ന പ്രകൃതമല്ല. എല്ലാത്തിനും കണ്‍ട്രോൾ വയ്ക്കാറുണ്ട്. ഒപ്പം വ്യായാമവും ചെയ്യും. പക്ഷേ പട്ടിണി കിടന്നുള്ള ഒരു ഡയറ്റിനും ഞാനില്ല. പെട്ടെന്ന് തടി കുറയ്ക്കാൻ പാടുപെടുന്നവരാണ് ഇന്ന് മിക്കവരും. ഒന്ന് ഒാർക്കുക, ആരോഗ്യകരമായി വേണം മെലിയേണ്ടത്. ആഹാരം ശ്രദ്ധിച്ചു ഡയറ്റ് എടുക്കണം. ഡയറ്റീഷ്യനെ കണ്ട് നമ്മുടെ ശരീരത്തിന്റെ രീതികൾ അനുസരിച്ച് ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഡയറ്റ് നോക്കണം.
ഞാൻ കാലറി കൂടിയ ഫൂഡ് മിതമായി മാത്രമേ കഴിക്കുകയുള്ളൂ, കൂടാതെ മുടങ്ങാതെ വ്യായാമം ചെയ്യും. പ്രോട്ടിനും ഫൈബറും അടങ്ങിയ ഭക്ഷണങ്ങളും ആഹാരത്തിൽ ഉൾപ്പെടുത്താറുണ്ട്. തടി കുറയ്ക്കാൻ മാത്രമല്ല എന്നും നമ്മൾ ആരോഗ്യത്തോടെ ഇരിക്കാൻ ഭക്ഷണവും വ്യായാമവും മുടക്കരുത്.
English Summary: Actress Shaalin Zoya about her Favorite foods