ഇൗ ഇന്ത്യക്കാരൻ ലോകത്തിലെ സൂപ്പർ താരം; ഡെസേർട്ടുകളിൽ കെങ്കേമൻ
Mail This Article
മഴക്കാലം തുടങ്ങിയെങ്കിലും ചൂടിന് ഒരു കുറവുമില്ല. ഈ കഠിന ചൂടിൽ നല്ല തണുത്ത ഒരു കുൽഫി കിട്ടിയാൽ അടിപാളി. വെറുതെയല്ല കുൽഫി ലോകത്തിലെ ഏറ്റവും മികച്ച 50 ഫ്രോസൺ ഡെസേർട്ടുകളിൽ ഇടം പിടിച്ചത്. അത്ര ഡിമാന്റാണല്ലോ ഈ തണുപ്പൻ താരത്തിന്. ഐസ്ക്രീമിനേക്കാൾ രുചിയാണ് കുൽഫിക്ക്. പ്രശസ്ത ഭക്ഷണ, യാത്രാ ഗൈഡായ ടേസ്റ്റ്അറ്റ്‌ലസ് "ലോകത്തിലെ ഏറ്റവും മികച്ച 50 ഫ്രോസൺ ഡെസേർട്ടുകളുടെ" ഒരു ലിസ്റ്റ് പുറത്തിറക്കി. അതിൽ 14-ാം സ്ഥാനത്താണ് നമ്മുടെ കുൽഫി.
ഇറാനിലെ പ്രശസ്തമായ ബസ്താനി സൊന്നാറ്റിയാണ് ലോകത്തിലെ ഏറ്റവും രുചിയുള്ള ഫ്രോസൺ ഡെസേർട്ട്. ചീസ് ഐസ്ക്രീമായ പെറുവിലെ ക്യൂസോ ഹെലഡോയാണ് തൊട്ടുപിന്നിൽ. തുർക്കിയിലെ ഡോണ്ടൂർമ, യുഎസിലെ ഫ്രോസൺ കസ്റ്റാർഡ്, ഫിലിപ്പിനോ ഐസ്ക്രീം സോർബെറ്റ്സ്, ഇറ്റാലിയൻ ഡെസേർട്ട് ജെലാറ്റോ അൽ പിസ്റ്റാച്ചിയോ എന്നിവയും ആദ്യ 10-ൽ ഇടംപിടിച്ചു.
കുൽഫി മാത്രമല്ല മികച്ച 50 ഫ്രോസൺ രുചിയിൽ കുൽഫി ഫലൂദ 30-ാം സ്ഥാനം നേടിയിട്ടുണ്ട്. കുട്ടികളടക്കം മുതിർന്നവർക്കും പ്രിയമാണ് കുൽഫി. കൊഴുപ്പ് കുറഞ്ഞ പാൽ ഉപയോഗിച്ചാണ് കുൽഫി തയാറാക്കുന്നത്.
കുൽഫിയുടെ പിറവി
പതിനാറാം നൂറ്റാണ്ടിൽ മുഗൾ സാമ്രാജ്യത്തിന്റെ കാലത്താണ് കുൽഫിയുടെ ഉത്ഭവം. മുഗൾ ഭരണത്തിന്റെ മധ്യ വർഷങ്ങളിൽ, അക്ബർ ഭരണത്തിൻ കീഴിലാണ് കുൽഫി ജനിച്ചത്. അക്കാലത്ത്, പാൽ ഇന്ത്യൻ മധുരപലഹാരങ്ങളിൽ ചേരുവയായി ഉപയോഗിച്ചിരുന്നു. ചെറിയ തോതിൽ ശീതികരിച്ചാണ് ഇത് തയാറാക്കിയിരുന്നത്. എന്നാലതിന് മറ്റു രുചികളൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് മുഗളർ ഇത് രുചിയോടെ പായ്ക്ക് ചെയ്യാൻ തീരുമാനിച്ചത്.
അതിനായി കുങ്കുമവും പിസ്തയും ഉപയോഗിച്ചു. കോണുകളിൽ പായ്ക്ക് ചെയ്ത് ഫ്രീസുചെയ്യാൻ തുടങ്ങി. ഇന്നും അന്നത്തെ രീതികൾ തന്നെയാണ് കുൽഫി ഉണ്ടുന്നത്. അന്ന് ഇപ്പോഴുള്ളതുപോലത്തെ ഫ്രീസറോ ഫ്രിജോ ഉണ്ടായിരുന്നില്ല. കുൽഫി തണുപ്പിക്കാൻ അവർ കണ്ടെത്തിയ വഴി ഐസും ഉപ്പും ചേർന്ന മിശ്രിതമായിരുന്നു.
ആക്കാലം മുതൽ ഭക്ഷണപ്രിയർക്ക് കുൽഫി പ്രിയങ്കരമായിത്തുടങ്ങി. ഇന്ന് പലതരം പരമ്പരാഗത, ഫ്യൂഷൻ രുചികളിൽ കുൽഫി വിപണിയിൽ ലഭ്യമാണ്. ക്ലാസിക് കുൽഫികൾക്ക് ഏലക്കയുടേയും കുങ്കുമപ്പൂവിന്റെയും രുചിയിലായിരിക്കും. മാമ്പഴം, സ്‌ട്രോബെറി, പിസ്ത, ബദാം മുതലായവയുടെ രുചിയുള്ള കുൽഫിയും ഇപ്പോളുണ്ട്. ഒരു ഉത്തരേന്ത്യൻ ഡേസേർട്ടാണെങ്കിലും നമ്മുടെ നാട്ടിലും കുൽഫിയ്ക്ക് ആരാധകരേറെയാണ്.
English Summary: This Indian Dessert Made It To The "50 Best Rated Frozen Desserts In The World" List