കഴിച്ചോളൂ, മരണശേഷം പണം കൊടുത്താല്‍ മതി; വിചിത്ര ഓഫറുമായി പീത്‍സ കമ്പനി!
Mail This Article
പീത്‍സ പ്രേമികള്‍ക്ക് ഇതുവരെ ആരും കൊടുത്തിട്ടില്ലാത്ത കിടിലന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് ന്യൂസിലൻഡ് ആസ്ഥാനമായുള്ള പീത്‍സ കമ്പനിയായ ഹെൽ പീത്‍സ. ഡെലിവറി ബോയ് വീട്ടിലെത്തി പീത്‍സ ബോക്സ് തരുമ്പോള്‍ പണം കൊടുക്കേണ്ട, പകരം മരിച്ചതിനു ശേഷം ബില്‍ ഒരുമിച്ച് അടച്ചാല്‍ മതിയെന്നാണ് കമ്പനി പറയുന്നത്! ആഫ്റ്റർലൈഫ് പേ എന്നാണ് ഈ പുതിയ പേയ്‌മെന്‍റ് സ്കീമിന് പേര്. മറഞ്ഞിരിക്കുന്ന മറ്റു ചാര്‍ജുകള്‍ ഇല്ല എന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത.
കമ്പനിയുടെ വെബ്‌സൈറ്റ് അനുസരിച്ച്, വെറും 666 ഉപഭോക്താക്കൾക്ക് മാത്രമേ നിയമപരമായ ഒരു കരാറിന്‍റെ ഭാഗമായി ഈ പദ്ധതിയില്‍ ചേരാന്‍ കഴിയൂ. പീത്‍സ വാങ്ങുന്ന ആളുകളുടെ വില്‍പത്രത്തില്‍ ഈ ഭാഗം നിയമപരമായി എഴുതിച്ചേര്‍ക്കും. വ്യത്യസ്തമായ 24 തരം പീത്‍സകൾ ഹെല്‍ പീത്‍സ പുറത്തിറക്കുന്നുണ്ട്. ലസ്റ്റ്, ഗ്രീഡ്, എന്‍വി, റാത്ത്, പ്രൈഡ് തുടങ്ങി മനുഷ്യരുടെ വികാരവിചാരങ്ങളുമായി ബന്ധപ്പെട്ട കൗതുകമുണര്‍ത്തുന്ന പേരുകളുള്ള പീത്‍സകള്‍ ഇക്കൂട്ടത്തിലുണ്ട്. കൂടാതെ രുചിയില്‍ അല്‍പം സാഹസികത പരീക്ഷിക്കാന്‍ താല്പര്യം ഉള്ളവര്‍ക്കായി പാന്‍ഡമോണിയം, ബ്രിംസ്റ്റോണ്‍, മോര്‍ഡര്‍, ഗ്രിം, മിസ്‌ചീഫ് എന്നിങ്ങനെയുള്ള ചോയ്സുകളും ഉണ്ട്.
ഈ പേയ്മെന്‍റ് സ്കീമിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി കമ്പനി, തങ്ങളുടെ ഔദ്യോഗിക യുട്യൂബ് ചാനലിൽ ഒരു വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
സ്കീം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് കമ്പനിയുടെ വെബ്‌സൈറ്റില്‍ പോയി സൈൻ അപ്പ് ചെയ്യാം. റജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ ഈ വർഷം ജൂൺ 17 ന് മുമ്പ് വിവരം അറിയിക്കും. ഇവര്‍ക്ക് പിന്നീട് ജീവിതകാലം മുഴുവന്‍ പണം കൊടുക്കാതെ പീത്‍സ ആസ്വദിക്കാം. വെബ്സൈറ്റിലെ മെനുവില്‍ നിന്നുതന്നെ അവര്‍ക്ക് ആവശ്യമായ തരം പിസയും തിരഞ്ഞെടുക്കാം.
English Summary: Pizza Chain Offers pay after you die Scheme