ആ രഹസ്യം വെളിപ്പെടുത്തി സാധിക; ഇത് ചൈനീസ് ഡിഷിന്റെ തനി നാടൻ വേർഷൻ
Mail This Article
മലയാളം ടെലിവിഷൻ, ചലച്ചിത്ര രംഗങ്ങളിൽ സുപരിചിതയായ നടിയാണ് സാധിക വേണുഗോപാൽ. അഭിനയത്തോടൊപ്പം മോഡലിങ്ങിലും സജീവമാണ് താരം. അവതാരകയുമായും പേരെടുത്ത സാധിക ഒരു സൂപ്പർ കുക്ക് കൂടിയാണ്. പാചകം ഒരു കലയായിത്തന്നെയാണ് സാധിക കാണുന്നത്. അച്ഛൻ നന്നായി പാചകം ചെയ്യുന്നതിനാൽ തനിക്കും ആ ഇഷ്ടം ഉണ്ടെന്നാണ് സാധിക പറയുന്നത്. പാചകത്തെക്കുറിച്ചുള്ള വിശേഷങ്ങൾ മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുകയാണ് സാധിക.
വിവിധ ടെലിവിഷൻ ചാനലുകളിൽ കുക്കറി ഷോകളിൽ ഒക്കെ നിറസാന്നിധ്യമാണ് സാധിക. സ്ഥിരം കഴിക്കുന്ന പല വിഭവങ്ങളും പുതിയ രുചിയിലും ഭാവത്തിലും അവതരിപ്പിക്കാൻ സാധികയ്ക്ക് ഇഷ്ടമാണ്. ചിക്കൻ കറിയാണ് തനിക്ക് ഏറ്റവും ഇഷ്ടമെങ്കിലും അതിൽത്തന്നെ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ എപ്പോഴും ശ്രമിക്കാറുണ്ടെന്ന് സാധിക പറയുന്നു. ‘‘അച്ഛൻ പലപ്പോഴും വീട്ടിലെ അടുക്കളയിൽ പരീക്ഷണങ്ങൾ നടത്താറുണ്ട്. നല്ല രുചിയോടെ ആഹാരം ഉണ്ടാക്കുന്നത് ഒരു കഴിവു തന്നെയാണ്. പല സീക്രട്ട് റെസിപ്പികളും അച്ഛൻ പറഞ്ഞുതരും. അച്ഛന്റെ കയ്യിൽനിന്നു കിട്ടിയതാവാം എനിക്കും ഈ പാചകത്തോടുള്ള ഇഷ്ടം.’’
ചെറിയ പാളിച്ചകൾ ഉണ്ടായിട്ടുണ്ട്
പാചകം ചെയ്യുമ്പോൾ ആർക്കായാലും ചെറിയ പാളിച്ചകൾ ഒക്കെ സംഭവിക്കാം, തനിക്കും ഉണ്ടായിട്ടുണ്ട് അങ്ങനെ ചില കയ്യബദ്ധങ്ങൾ എന്ന് സാധിക പറഞ്ഞു. ഒരിക്കൽ ഒരു ഷോയ്ക്ക് വേണ്ടി കാജു ബർഫി ഉണ്ടാക്കുകയായിരുന്നു. എന്റെ ഒരു രീതി എന്താണെന്ന് വച്ചാൽ കൃത്യമായ അളവിൽ സാധനങ്ങൾ എടുത്തു പാചകം ചെയ്യാൻ എനിക്ക് കുറച്ചു ബുദ്ധിമുട്ടാണ്. എന്റെ സ്വന്തം കൈ കണക്കിലാണ് ഞാൻ പാചകം ചെയ്യുന്നത്. അപ്പോൾ 100 ഗ്രാം പഞ്ചസാര, 250 ഗ്രാം വെള്ളം, 150 ഗ്രാം പാൽ എന്നൊക്കെ കണക്കുപറഞ്ഞ് എന്നോട് പാചകം ചെയ്യാൻ പറഞ്ഞാൽ ചിലപ്പോൾ അത് പാളും. അങ്ങനെ പറ്റിപ്പോയതാണ് കാജു ബർഫിയുടെ കാര്യം.
അതുപോലെ ഒരിക്കൽ നെയ്യപ്പം ഉണ്ടാക്കിയപ്പോഴും ചെറിയ അമളി പറ്റി. സാധാരണ നമ്മൾ അരി കുതിർത്തതിനു ശേഷം അരച്ചെടുത്താണല്ലോ നെയ്യപ്പം ഉണ്ടാക്കാറ്. എന്നാൽ അന്ന് പുട്ടുപൊടിയുടെ സ്പോൺസർ ആയിരുന്നു ഷോയ്ക്ക്. അതുകൊണ്ട് പുട്ടുപൊടി കൊണ്ട് നെയ്യപ്പം ഉണ്ടാക്കണം. അച്ഛൻ നേരത്തെ തന്നെ പറഞ്ഞു പുട്ടുപൊടി സാധാരണ പൊടി പോലെയല്ല ഒരു മണിക്കൂറെങ്കിലും കുതിർത്തു വയ്ക്കണം. പക്ഷേ അതിനുള്ള നേരം ഒന്നും ഷൂട്ട് തുടങ്ങിയപ്പോൾ കിട്ടിയില്ല. 15 മിനിറ്റ് കൊണ്ട് പുട്ടുപൊടി വച്ച് നെയ്യപ്പം ഉണ്ടാക്കാൻ നോക്കി, കയ്യിൽ നിന്നു പോയി എന്നു തന്നെ പറയാം.
അച്ഛന്റെ സ്പെഷൽ രുചിയൂറും ചിക്കൻ കറി
ഒരു സ്പെഷൽ ചിക്കൻ കറിയുടെ ചേരുവകളും സാധിക പറയുന്നുണ്ട്. ഇതും അച്ഛൻ കണ്ടുപിടിച്ച റെസിപ്പി ആണെന്നും അതുകൊണ്ടുതന്നെ തനിക്ക് ഏറെ ഇഷ്ടമുള്ളതാണെന്നും സാധിക പറഞ്ഞു.
‘‘പൊതുവേ എനിക്ക് ചിക്കൻ കറി ഇഷ്ടമാണ്. അതിൽ ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് ചേർത്തുള്ള കറിയുടെ രുചി ഒന്നു വേറെ തന്നെ. സാധാരണ ജിഞ്ചർ ഗാർലിക് ചിക്കൻ കറി എന്ന് പറയുമ്പോൾ ചൈനീസ് ഡിഷ് ആയിരിക്കുമല്ലോ ഓർമ വരിക. എന്നാൽ ഞാൻ ഇന്ന് പങ്കുവയ്ക്കുന്നത് ആ ചൈനീസ് ഡിഷിന്റെ ഒരു നാടൻ വേർഷനാണ്.’’ സാധിക ഏറെ ഇഷ്ടത്തോടെ കഴിക്കുന്ന ആ ജിഞ്ചർ ഗാർലിക് ചിക്കൻ കറിയുടെ ചേരുവ ഇതാ,
നാടൻ ജിഞ്ചർ/ഗാർലിക് ചിക്കൻ കറി
∙ചിക്കൻ. - 200ഗ്രാം (എല്ലോടു കൂടിയ ഇടത്തരം കഷണങ്ങൾ)
∙ഇഞ്ചി/വെളുത്തുള്ളി. - 2 ടേബിൾ സ്പൂൺ ( നുറുക്കെ അരിഞ്ഞത്)
∙കശ്മീരി മുളകുപൊടി - 1 ടീസ്പൂൺ
∙മല്ലിപൊടി - 1 ടീസ്പൂൺ
∙കുരുമുളക് പൊടി - 1 ടീസ്പൂൺ
∙ഒരു മുറി ചെറുനാരങ്ങയുടെ നീര്
∙ഉപ്പ്
∙കറിവേപ്പില
∙വെളിച്ചെണ്ണ. - 2 ടേബിൾ സ്പൂൺ
∙സവാള(കൊത്തി അരിഞ്ഞത്, ). - 2 എണ്ണം
∙പച്ചമുളക്. - 3 എണ്ണം
∙തേങ്ങാപ്പാൽ. - 2 കപ്പ്
ചട്ടിയിൽ എണ്ണ ചൂടാക്കുക. ചതച്ച ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് ചിക്കൻ പൊൻ തവിട്ട് നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക. ചിക്കൻ വെന്തു വരുമ്പോൾ ചെറുനാരങ്ങാനീരും ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇതിലേക്ക് അരിഞ്ഞ സവാള ചേർത്ത് തവിട്ട് നിറമാവും വരെ നന്നായി ഇളക്കുക.
മുളകുപൊടി, മല്ലിപ്പൊടി ഇവ ചേർത്ത് വഴറ്റുക. ഒരു ഗ്ലാസ് വെള്ളം ചേർത്ത് ഉപ്പ് പാകമാക്കി നന്നായി മൂടി 10 മിനിറ്റ് ചെറുതീയിൽ വേവിക്കുക.
ശേഷം അടപ്പ് തുറന്ന് തേങ്ങാപ്പാൽ ഒഴിച്ച് നന്നായി ഇളക്കണം. തിള വരുമ്പോൾ കുരുമുളക് പൊടി, പച്ചമുളക് (കുരു കളഞ്ഞത്) എന്നിവ ചേർത്ത് കറിവേപ്പില ഇട്ട് മൂടി വച്ച് തീ അണക്കുക. രുചിയൂറും വെറൈറ്റി ചിക്കൻ കറി റെഡി.
English Summary: Actress Sadhika Venugopal about her favorite Cooking Recipes