ADVERTISEMENT

മറ്റൊരു നാടിനും അവകാശപ്പെടാൻ കഴിയാത്തത്രയും രുചി വൈവിധ്യങ്ങൾ കൊണ്ട് സമ്പന്നമാണ് ഭാരതം. നമ്മുടെ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായ വിഭവങ്ങളും രുചികളുമുണ്ട്. രാജസ്ഥാനിലെ ബാട്ടിയും ചുർമയും തമിഴ്‌നാട്ടിലെ ഇഡ്‌ഡലി, സാമ്പാർ, മഹാരാഷ്ട്രയുടെ സ്വന്തം പാവ് ബാജി, മിസൽ പാവ് ഇതിനെല്ലാം ലോകം മുഴുവൻ ആരാധകരുണ്ട്. അത്തരത്തിൽ രുചി വൈവിധ്യങ്ങളുടെ കലവറ തന്നെയാണ് ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളും എന്ന് പറയാം. ബോളിവുഡിലെ സൂപ്പർ താരമായിരുന്ന മാധുരി ദീക്ഷിത് തനിക്കേറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. മിസൽ പാവ് ആണ് മാധുരി ഉണ്ടാക്കുന്നത്. ഭക്ഷണമുണ്ടാക്കാൻ താരത്തിന്റെ കൂടെ ഭർത്താവ് ശ്രീറാം നെനെയുമുണ്ട്.

 

മാധുരിയും ഭർത്താവ് നെനെയും ഇന്ത്യൻ ഭക്ഷണത്തിന്റെ വലിയ ആരാധകരാണ്. മഹാരാഷ്ട്രയിലെ തനതു രുചികളോട് ഏറെ പ്രിയമുള്ളതു കൊണ്ട് തന്നെ മാധുരി തയാറാക്കുന്നത് മിസൽ പാവ് ആണ്. തക്കാളിയാണ് ഈ വിഭവത്തിലെ പ്രധാനി. കൂടെ മുളപ്പിച്ച പയറുകളും ചേരുമ്പോൾ രുചി മാത്രമല്ല, ആരോഗ്യകരവുമാണ് മിസൽ പാവ്. പാവ് ബണ്ണിന്റെ കൂടെയാണ് ഈ കറി ഉപയോഗിക്കാറ്. ബണ്ണും മിസൽ പാവും കൂടി ചേരുമ്പോൾ രുചിയിൽ ഒരുപടി മുന്നിൽത്തന്നെയായിരിക്കും ഈ വിഭവം. 

 

മാധുരിക്കു ഏറെ ഇഷ്ടപ്പെട്ട മിസൽ പാവ് തയാറാക്കാൻ വേണ്ടി ആവശ്യമുള്ളവ ഇതെല്ലാമാണ്. ഇഞ്ചി, വെളുത്തുള്ളി, തേങ്ങ, തക്കാളി, ഉള്ളി എന്നിവ എണ്ണ ചേർത്ത് നന്നായി വഴറ്റി മാറ്റിവെയ്ക്കാം. ചൂടാറിയതിനുശേഷം ഈ കൂട്ട് നല്ലതുപോലെ അരച്ചെടുക്കാം.  ജീരകം, കറിവേപ്പില,മുളക് പൊടി, മഞ്ഞൾ പൊടി , മല്ലിപൊടി, ഗരം മസാല, ഉപ്പ്  എന്നിവ കൂടി ആ അരച്ച് വെച്ച പേസ്റ്റിലേക്ക് ചേർക്കാം. അതിനുശേഷം വേവിച്ചു വെച്ചിരിക്കുന്ന മുളപ്പിച്ച പയറുകൾ ഈ കൂട്ടിലേയ്ക്കിടാം, ഒടുവിൽ ഒരല്പം ശർക്കര കൂടി ചേർക്കുന്നതോടെ മിസൽ പാവ് മസാല തയാറായി. ഇനി അലങ്കാരത്തിനായി സവാള ചെറുതായി അരിഞ്ഞതും  കുറുമുറെ കടിക്കാൻ പൊരി അധികമായുള്ള മിക്സ്ചറും മല്ലിയിലയും ചേർക്കാം. ഒരല്പം ചെറുനാരങ്ങ നീര് കൂടി ഒഴിച്ചാൽ സ്വാദിഷ്ടമായ മിസൽ പാവ് കഴിക്കാൻ റെഡി. രുചി മാത്രമല്ല, ആരെയും ആകർഷിക്കുന്ന മണവും അതിനൊപ്പം തന്നെ മുളപ്പിച്ച പയറുകൾ കൂടി ചേരുന്നതോടെ വളരെ പോഷക സമ്പുഷ്ടവുമാണ് മിസൽ പാവ്. 

 

എങ്ങനെയാണിത് തയാറാക്കുന്നതെന്നുള്ള വിശദമായ വിഡിയോ മാധുരിയുടെ യൂട്യൂബ് ചാനലിൽ കാണാവുന്നതാണ്. തയാറാക്കുന്ന വിഭവത്തിന്റെ പ്രത്യേകതകളെല്ലാം വിവരിച്ചു കൊണ്ടാണ് മാധുരി മിസൽ പാവ് ഉണ്ടാക്കുന്നത്. തനിക്കേറെ ഇഷ്ടപ്പെട്ടവ ഭക്ഷണമെല്ലാം തന്റെ കാഴ്ചക്കാർക്കായി മാധുരി യൂട്യൂബ് ചാനലിലൂടെ അവതരിപ്പിക്കാറുണ്ട്. 1.27 മില്യൺ സബ്സ്ക്രൈബേഴ്സും താരത്തിന്റെ ചാനലിനുണ്ട്. 

English Summary: Madhuri Dixit Along With Husband Cooks A Delish Maharashtrian Delicacy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com