മായം ഒട്ടുമില്ല, എവിടെ കിട്ടും ട്രെൻഡായ ഇൗ ഫുൾ മൂൺ ബിസ്ക്കറ്റ്
Mail This Article
ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ ഒരു സ്പെഷ്യൽ ബിസ്ക്കറ്റ് ലഭിക്കും. അവിടെയെത്തിയാൽ മറക്കാതെ വാങ്ങി കഴിക്കേണ്ടുന്ന ഒന്നാണത്. വലിയ കടകളിൽ അല്ല, തെരുവിൽ കച്ചവടം നടത്തുന്ന ഒരാളുടെ ഉന്തുവണ്ടിയിൽ ഇവ യഥേഷ്ടം കാണുവാൻ കഴിയും. മധ്യപ്രദേശിലാണ് ജനനമെങ്കിലും ഈ ബിസ്ക്കറ്റ് ഇപ്പോൾ ആന്ധ്രാപ്രദേശിന്റെ സ്വന്തമാണ്. കൺമുമ്പിൽ വച്ച് ഉണ്ടാക്കി കഴിക്കാൻ തരുന്ന, യാതൊരു വിധത്തിലുള്ള മായം ചേർക്കലുകളുമില്ലാത്ത ഈ ഫുൾ മൂൺ ബിസ്ക്കറ്റ് ഇപ്പോൾ ഗുണ്ടൂരിന്റെ മുഖമാണെന്നു തന്നെ പറയാം.
പതിനഞ്ചു വർഷം മുൻപ് മധ്യപ്രദേശിലെ ഗ്വാളിയാറിൽ നിന്നുമെത്തിയതാണ് മൊറാത്ത്. ആദ്യകാലത്തു ജീവിക്കാനായി ഗുണ്ടൂരിലെത്തിയ അയാളുടെ ആശയമായിരുന്നു ചെറിയ ഉന്തുവണ്ടിയിൽ തങ്ങളുടെ നാട്ടിൽ ലഭ്യമാകുന്ന ഫുൾ മൂൺ ബിസ്ക്കറ്റ് ഇവിടെയും വിൽക്കുക എന്നത്. അങ്ങനെ ഗ്വാളിയോറിൽ നിന്നും ബിസ്ക്കറ്റ് ഉണ്ടാക്കുന്നതിനു വേണ്ടി തദ്ദേശീയമായി നിർമിച്ച ഒരു മെഷീൻ വാങ്ങി കൊണ്ടുവരികയും ഉന്തിക്കൊണ്ടു നടക്കുന്ന ഒരു വണ്ടിയിൽ ആ മെഷീൻ ഘടിപ്പിച്ച് ഗുണ്ടൂരിൽ മൊറാത്ത് തന്റെ ബിസ്ക്കറ്റ് ബിസിനസ് ആരംഭിക്കുകയും ചെയ്തു. അങ്ങനെ അന്ന് തുടങ്ങിയ വ്യാപാരം ഇന്ന് കിലോഗ്രാമിന് മുന്നൂറ് രൂപ നിരക്കിൽ തുടർന്നുകൊണ്ടേയിരിക്കുന്നു. ഉണ്ടാക്കുന്ന ബിസ്ക്കറ്റ് വാങ്ങാൻ അക്കാലത്തു തുടങ്ങിയ തിരക്ക് ഇന്നും അല്പം കൂടിയതല്ലാതെ, കുറഞ്ഞിട്ടേയില്ല.
മൊറാത്ത് ഉണ്ടാക്കുന്ന ബിസ്ക്കറ്റിനു വളരെ കുറച്ചു ചേരുവകൾ മാത്രം മതി. മൈദ, പഞ്ചസാര, നെയ്യ്, ബട്ടർ എന്നിവയാണ് പ്രധാനക്കൂട്ട്. ബിസ്ക്കറ്റ് ഉണ്ടാക്കുന്ന മെഷീനു രണ്ട് അറകളാണ് ഉള്ളത്. താഴെ തീക്കനൽ നിറഞ്ഞ, ഓവനോട് സാദൃശ്യം തോന്നുന്ന അടുപ്പും. ഇവിടെ നിന്നുമുള്ള ചൂടിലാണ് ബിസ്‌ക്കറ്റുകൾ തയാറാകുന്നത്. ആദ്യത്തെ കമ്പാർട്മെന്റിൽ ബിസ്‌ക്കറ്റുകൾ ഉണ്ടാക്കുമ്പോൾ,മുകളിലെ അറ ഉണ്ടാക്കിയവ സൂക്ഷിക്കാനുള്ളതാണ്. വായുകടക്കാത്ത പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിച്ചാൽ ഒരു മാസം വരെ കേടുകൂടാതെയിരിക്കും ഈ ബിസ്‌ക്കറ്റുകൾ. പതിനഞ്ചു വർഷം മുൻപ് മൊറാത്ത് ആരംഭിച്ച ഈ കച്ചവടത്തിനു പറയാൻ നഷ്ടത്തിന്റെ കണക്കുകളില്ല. അന്ന് തുടങ്ങിയ ജനപ്രീതിയ്ക്കും ബിസ്‌ക്കറ്റിന്റെ രുചിയ്ക്കും ഇതുവരെ ഒരു കോട്ടവും വന്നിട്ടുമില്ല.
English Summary: Full Moon Biscuits' in Andhra Pradesh