ഇടിയിറച്ചിയുടെ രുചി, അതും ഉണക്കാത്ത ബീഫിൽ: എങ്ങനെ ചതച്ച് ഉലർത്തിയത് തയാറാക്കാം
Mail This Article
ബീഫ് ഫ്രൈയായും കറിയായും റോസ്റ്റായും കഴിക്കാൻ മിക്കവർക്കും പ്രിയമാണ്. ചപ്പാത്തിയ്ക്കും പൊറോട്ടയ്ക്കും അപ്പത്തിനും ചോറിനുമൊക്കെ അടിപൊളിയുമാണ് ഇൗ വിഭവങ്ങൾ. ഇതു കൂടാതെ ഭക്ഷണപ്രേമികളുടെ മനസ്സ് നിറയ്ക്കുന്ന മറ്റൊന്നാണ് ഇടിയിറച്ചി. ഉണക്കിയെടുത്ത് ഇറച്ചി പാകം ചെയ്തെടുക്കുന്ന രുചി ഒന്നുവേറെയാണ്. അതേ രുചിയിൽ ബീഫ് ചതച്ച് ഉലർത്തിയാലോ? ഇനി ഇങ്ങനെയൊന്ന് തയാറാക്കി നോക്കാം. എല്ലാവർക്കും ഇഷ്ടമാകും ഉൗ രുചി.
ബീഫ് കഷ്ണങ്ങളായി മുറിച്ച് കഴുകി വൃത്തിയാക്കാം. ബീഫും ഒരു സ്പൂൺ കശ്മീരി മുളക് പൊടിയും ഒരു സ്പൂൺ മല്ലിപ്പൊടിയും അര് സ്പൂൺ കുരുമുളക് ചതച്ചതും കാൽ സ്പൂൺ മഞ്ഞപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ച് കുക്കറിലേക്ക് വയ്ക്കാം. ഇറച്ചിയിൽ വെള്ളമുണ്ടെങ്കിലും അര ഗ്ലാസ് വെള്ളവും ചേർത്ത് കുക്കറിൽ വേവിച്ചെടുക്കാം. വെന്ത് പാകമായ ബീഫ് ചൂടാറിയതിനു ശേഷം മിക്സിയിൽ ചതച്ചെടുത്ത് മാറ്റി വയ്ക്കാം.
ചീനച്ചട്ടി വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിക്കാം. അതിലേക്ക് 3 സവാള അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും 3 വറ്റൽമുളകും ചേർത്ത് നന്നായി വഴറ്റാം. ആവശ്യത്തിനുള്ള ഉപ്പും ചേർക്കാം. നല്ല ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് ഒന്നര സ്പൂൺ മുളകുപൊടിയും ഒരു സ്പൂൺ കുരുമുളക്പ്പൊടിയും മല്ലിപ്പൊടിയും അര സ്പൂൺ ഗരം മസാലയും ചേർത്ത് നന്നായി ഇളക്കാം. മസാലയുടെ പച്ചമണം മാറുമ്പോൾ ചതച്ച ഇറച്ചിയും ചേർത്ത് കൊടുക്കാം. ഇത്തിരി വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി ഫ്രൈ പരുവത്തിനാക്കാം. ഇടിയിറച്ചി പോലെ നല്ല ക്രിസ്പിയായി ചതച്ച് ഉലർത്തിയ ബീഫ് തയാറാക്കാം.
English Summary: Beef Dry Roast