ബ്ലാക്ക് ഡയമണ്ട് ആപ്പിളിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇത് അപൂർവ ഇനം
Mail This Article
ലോകത്ത് എല്ലായിടത്തും ഒരേപോലെ ജനപ്രിയമായ ഫലവര്‍ഗങ്ങളില്‍ ഒന്നാണ് ആപ്പിള്‍. ചുവപ്പ്, പച്ച, മഞ്ഞ, വെള്ള തുടങ്ങി വിവിധ നിറങ്ങളില്‍ ഉള്ള ആപ്പിളുകള്‍ സ്ഥിരമായി കാണാറുണ്ട്. ഇവയ്ക്ക് ഓരോന്നിനും വ്യത്യസ്തമായ രുചിയും ഗന്ധവുമുണ്ട്. എന്നാല്‍ മേന്മ കൊണ്ട് ഈ കൂട്ടത്തിലെ നായകന്‍ എന്ന് വിളിക്കാവുന്ന അപൂര്‍വ്വയിനമാണ് ബ്ലാക്ക് ഡയമണ്ട് ആപ്പിള്‍.
രസികന്‍ കറുപ്പ് നിറത്തില്‍ തിളങ്ങും ആപ്പിള്‍
ടിബറ്റിലെ പർവതങ്ങളിൽ നിന്നാണ് ഈ സുന്ദരന്‍ ആപ്പിള്‍ വരുന്നത്. ബ്ലാക്ക് ഡയമണ്ട് ഫുജി, ഹിമാലയൻ ബ്ലാക്ക്‌ബെറി ആപ്പിൾ എന്നെല്ലാം ഇതിനു പേരുണ്ട്. റെഡ് ഡെലിഷ്യസ്, ഇൻഡോ-ജാപ്പനീസ് ആപ്പിൾ ഇനങ്ങളെ ശ്രദ്ധാപൂർവ്വം ക്രോസ്-പരാഗണം നടത്തി സൃഷ്ടിച്ച ഒരു ഹൈബ്രിഡ് ഇനമാണിത്. കണ്ടാല്‍ ഒരു ആപ്പിള്‍ ആണെന്നേ പറയില്ല, ഇതിന്‍റെ തൊലിഭാഗം നല്ല തിളങ്ങുന്ന കറുപ്പ് നിറമാണ്. ബ്ലൂബെറിയിലും ബ്ലാക്ക്‌ബെറിയിലും നിറങ്ങൾക്ക് കാരണമായ പിഗ്മെന്റായ ആന്തോസയാനിനുകളുടെ ഉയർന്ന സാന്ദ്രത മൂലമാണ് ഈ നിറം. ഈ ആപ്പിളിന് പ്രത്യേകതരം സുഗന്ധവുമുണ്ട്.
ആരോഗ്യഗുണങ്ങളുടെ കലവറ
കാഴ്ചയില്‍ മാത്രമല്ല, രുചിയിലും ആരോഗ്യഗുണങ്ങളിലുമെല്ലാം ഏറെ മുന്നിലാണ് ബ്ലാക്ക് ഡയമണ്ട് ആപ്പിള്‍. ധാതുക്കളുടെ സമ്പന്നമായ ഉറവിടമായ ഇതിൽ ഡയറ്ററി ഫൈബർ, പൊട്ടാസ്യം, എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ, രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്ന വിറ്റാമിൻ സി ഉൾപ്പെടെയുള്ള അവശ്യ വിറ്റാമിനുകളും ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഇതിൽ അടങ്ങിയിരിക്കുന്നു.
ആഡംബരത്തിന്‍റെ അടയാളം
കൃത്യമായ താപനിലയും പ്രകാശവും ഈർപ്പം നിയന്ത്രണവും ബ്രീഡിംഗ് ടെക്നിക്കുകളും ഉൾപ്പെടെ സൂക്ഷ്മമായ പരിചരണമുണ്ടെങ്കില്‍ മാത്രമേ ഈ ഇനം വളരൂ. മറ്റു ആപ്പിളുകള്‍ കിട്ടുന്നത്ര എളുപ്പത്തില്‍ ഇത് ഉണ്ടാക്കിയെടുക്കാന്‍ ആവില്ല. അതുകൊണ്ടുതന്നെ, ഇതിനു തൊട്ടാല്‍ കൈ പൊള്ളുന്ന വിലയുമുണ്ട്. പലപ്പോഴും ആഡംബരത്തിന്‍റെ പ്രതീകമായാണ് ഈ ആപ്പിളുകള്‍ കണക്കാക്കുന്നത്.
English Summary: Black Diamond Apple Health Benefits