ഉള്ളിയുടെയും വെളുത്തുള്ളിയുടെയും തൊലി കളയേണ്ട! അടിപൊളി പൊടി ഉണ്ടാക്കാം
Mail This Article
പാചകത്തിൽ സാധാരണയായി ഉപയോഗിക്കുന്ന സാധനങ്ങളാണ് ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, തക്കാളി, മുളക് മുതലായവയെല്ലാം. ഇവയൊന്നും ഇടാത്ത ഒരു കറി നമുക്ക് ഇല്ല തന്നെ. സാധാരണയായി ഈ പച്ചക്കറികളും സുഗന്ധവ്യഞ്ജനങ്ങളുമെല്ലാം തൊലി കളഞ്ഞ് അരിഞ്ഞാണ് നമ്മള്‍ കറികളില്‍ ചേര്‍ക്കുന്നത്. എന്നാല്‍ ഉള്ളി, വെളുത്തുള്ളി മുതലായവയുടെ തൊലി ഉപയോഗിച്ച്, രുചികരവും പോഷകപ്രദവുമായ പൊടി ഉണ്ടാക്കാം, കറികള്‍ ഉണ്ടാകുമ്പോള്‍ പ്രത്യേക രുചിക്കായി ഇവ ചേര്‍ക്കാം.
ഈ പൊടി ഉണ്ടാക്കുന്ന ഒരു വിഡിയോ ഈയിടെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരം നേടിയിരുന്നു. അലസ്സാൻഡ്രോ വിറ്റേൽ എന്ന കണ്ടന്‍റ് ക്രിയേറ്റര്‍ പങ്കുവച്ച വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് പേരാണ് കണ്ടത്. "സീറോ-വേസ്റ്റ് വെജി സ്കിൻ" എന്നാണ് അദ്ദേഹം അതിന് അടിക്കുറിപ്പ് നൽകിയത്.
ഇത് ഉണ്ടാക്കാനായി ഫാൻസി ചേരുവകളൊന്നും ആവശ്യമില്ല എന്നതാണ് മറ്റൊരു കാര്യം. ഈ പൊടി ആര്‍ക്കും എളുപ്പത്തില്‍ വീട്ടിൽ തന്നെ ഉണ്ടാക്കാം.
വിഡിയോയിൽ വിശദീകരിച്ചിരിക്കുന്ന പ്രകാരം, ഉള്ളി-വെളുത്തുള്ളി തൊലി പൊടി ഉണ്ടാക്കാനായി ആദ്യം തന്നെ ഉള്ളി,വെളുത്തുള്ളി തൊലികൾ എടുത്ത് നന്നായി കഴുകി പൊടിയും അഴുക്കും കളയുക. ഇവ ഒരു തൂവാലയിൽ വിരിച്ച് ഉണക്കുക. ശേഷം ഒരു ബേക്കിംഗ് ട്രേയിൽ വയ്ക്കുക. ആവശ്യമെങ്കിൽ പേപ്പർ കൊണ്ട് പൊതിയുക.ഇത് മൈക്രോവേവില്‍ വച്ച് ഏകദേശം അഞ്ച് മിനിറ്റ് 160 ഡിഗ്രിയിൽ ചൂടാക്കുക. തൊലിയിലെ ജലാംശം മുഴുവനും കളയണം.ഈ തൊലി ബ്ലെൻഡറിലേക്ക് മാറ്റി നല്ല നൈസായി പൊടി കിട്ടുന്നത് വരെ അടിച്ചെടുക്കുക. ഉള്ളി-വെളുത്തുള്ളി തൊലി പൊടി തയ്യാർ!
ഉപ്പ്, കുരുമുളക്, പപ്രിക, മുളകുപൊടി തുടങ്ങിയവയെല്ലാം ആവശ്യമെങ്കില്‍ ഈ പൊടിയിൽ ചേർക്കാം. ഇത് ഒരു എയർടൈറ്റ് കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കുക. ഉള്ളി-വെളുത്തുള്ളി പൊടിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വിഭവങ്ങൾക്ക് മികച്ച സ്വാദ് നല്‍കുക മാത്രമല്ല, ഇന്‍ഫ്ലമേഷന്‍ കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ വൈദ്യനിര്‍ദ്ദേശം തേടിയ ശേഷം മാത്രം ഇത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
Engllish Summary: Don't Throw Away Onion-Garlic Peels, Make This Yummy Powder With It