'പാചകം ആദ്യം തന്നെ വൻ ഫ്ലോപ് ആയിരുന്നു, പക്ഷേ പിന്മാറിയില്ല': അനുഭവം പങ്കിട്ട് ജ്യോതികൃഷ്ണ
Mail This Article
‘‘ജീവിക്കുന്നതുതന്നെ ഭക്ഷണം കഴിക്കുവാനാണോ എന്നു ചില സമയങ്ങളിൽ തോന്നും. തിരിച്ചുകടിക്കാത്ത എന്തും കഴിക്കും. ഞാനും ഭർത്താവ് അരുണും നല്ലൊന്നാന്തരം ഫൂഡിയാണ്.’’ രുചിയൂറും വിഭവങ്ങളെക്കുറിച്ച് പറയുമ്പോൾ വാചാലയാകും മലയാളികളുടെ പ്രിയതാരം ജ്യോതീകൃഷ്ണ. വലിയ പാചകറാണി അല്ലെങ്കിലും ഇപ്പോൾ അത്യാവശ്യം കുക്കിങ് നടത്താറുണ്ടെന്നും താരം പറയുന്നു. ഇഷ്ട വിഭവങ്ങളെക്കുറിച്ചും പാചകത്തെക്കുറിച്ചുമുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ജ്യോതീകൃഷ്ണ.
വൻ ഫ്ളോപ്പായ ആ പാചകം
ഭക്ഷണം വിളമ്പുവാനായി അടുക്കളയിൽ കയറുന്നതല്ലാതെ പാചകത്തിലേക്കു തിരിഞ്ഞു നോക്കാറില്ലായിരുന്നു. വിശന്നാൽ കൃത്യസമയത്ത് ഡൈനിങ് ടേബിളിൽ ഹാജരാകും. അമ്മയുെട കൈപ്പുണ്യത്തിൽ ഒരുക്കുന്ന ചോറും സാമ്പാറും മത്തിവറുത്തതുമൊക്കെയാണ് അന്നും ഇന്നും എനിക്ക് പ്രിയം. വിവാഹ ശേഷമാണ് ശരിക്കും പണി കിട്ടിയത്. പാചകം ഒട്ടും അറിയാത്ത ഞാൻ അടുക്കളയിൽ കയറാൻ തുടങ്ങി. അരുണിനും എനിക്കും കഴിക്കാനുള്ളത് തയാറാക്കണമല്ലോ. ഒരിക്കൽ സ്പെഷൽ ഡിഷ് തയാറാക്കി. ചിക്കനായിരുന്നു താരം. ബ്രെഡും ചിക്കനുമൊക്കെ ചേർന്ന ഒരു െഎറ്റം.
എത്ര കഷ്ടപ്പെട്ടിട്ടാണെന്നോ തയാറാക്കിയത്. പക്ഷേ വിചാരിച്ചപോലെ ശരിയായില്ല. എട്ടുനിലയിൽ പൊട്ടി, വൻ ഫ്ളോപ്പായി. ചിക്കനൊരിടത്ത്, ഗ്രേവി ഒഴുകി നടക്കുന്നു. പാവം അരുൺ ഒരക്ഷരം പറയാതെ മുഴുവൻ കഴിച്ചു. അധികം കുറ്റം പറയാനും പറ്റില്ലല്ലോ. ആദ്യത്തെ പാചകം അങ്ങനെയായെന്നു കരുതി ഞാൻ ഒട്ടും പിന്നോട്ടു മാറിയില്ല, പതിയെ ഒാരോന്നും പഠിച്ച് ചെയ്യാൻ തുടങ്ങി. ഇപ്പോൾ എനിക്ക് കുക്കിങ് വശമായി.
വീണചേച്ചിയും യൂട്യൂബും
പാചക ചാനല്‍ നടത്തുന്ന വീണചേച്ചിയും ഞാനും ദുബായിൽ അടുത്താണ് താമസിക്കുന്നത്. ചേച്ചിയുടെ യൂട്യൂബിലുള്ള റെസിപ്പികൾ ഞാൻ പരീക്ഷിക്കാറുണ്ട്. സംശയമുള്ളതൊക്കെ ചേച്ചിയോട് ചോദിച്ച് മനസ്സിലാക്കാറുമുണ്ട്. ഇക്കാലത്ത് പാചകം അറിയാത്തവർക്ക് എന്ത് പ്രയോജനമാണ് ഇങ്ങനെയുള്ള ചാനലുകൾ. നീണ്ട വിഡിയോ കണ്ട് മടുപ്പു തോന്നുന്നവർക്ക് ഇൻസ്റ്റഗ്രാമിലെ ഷോർട്സും ഏറെ ഉപകാരപ്രദമാണ്. വീട്ടിലെ നാടൻ വിഭവങ്ങൾ തുടങ്ങി കോണ്ടിനെന്റൽ ഡിഷ് വരെ ഇന്ന് വളരെ സിംപിളായി പാചക വിഡിയോകൾ നോക്കി ചെയ്യാം.
ഞാനും വീണചേച്ചിയും തൃശൂരുകാരാണ്. അതുകൊണ്ടുതന്നെ യൂട്യൂബ് ചാനൽ നോക്കി നാടിന്റെ ട്രെഡീഷനൽ രുചിയിൽ എനിക്കും കറികൾ വയ്ക്കാൻ പറ്റുന്നുണ്ട്. ഞാൻ വിഡിയോ നോക്കി പാചകം ചെയ്യാൻ തുടങ്ങിയപ്പോഴേക്കും അമ്മയ്ക്കും ആ വിഭവങ്ങൾ പറഞ്ഞു കൊടുത്തുതുടങ്ങി. പണ്ടുമുതലേ ഒരേ ഫൂഡ് കോംബിനേഷനുകളാണ് അമ്മയ്ക്ക്. വെറൈറ്റി ട്രൈ ചെയ്യാറേയില്ല. പക്ഷേ ഇപ്പോൾ വെറൈറ്റി ഡിഷുകൾ തയാറാക്കുന്നുണ്ട്.
നൊസ്റ്റാൾജിയ തോന്നും ആ വിഭവങ്ങൾ
പണ്ട് സ്കൂൾ അവധിയാകുമ്പോൾ അമ്മയുടെ വീട്ടിൽ പോയി നിൽക്കാറുണ്ട്. അന്ന് അമ്മൂമ്മ തയാറാക്കുന്ന വിഭവങ്ങൾക്കൊക്കെ പ്രത്യേക സ്വാദാണ്. അന്നത്തെ ചിക്കൻകറിയും മീൻകറിയും മോരുകറിയുമൊക്കെ സൂപ്പറാണ്. കറികൾ കൂട്ടി ഒരുപാട് ചോറു കഴിക്കുമായിരുന്നു. അവധിയൊക്കെ കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ഞാൻ തടിവച്ച് ഗുണ്ടുമണിയാകും.
അമ്മൂമ്മ ഉണ്ടാക്കുന്ന പോലെ അതീവരുചി അമ്മയുെട വിഭവങ്ങൾക്കു കിട്ടിട്ടില്ല. ചിക്കൻകറിയായിരുന്നു അമ്മൂമ്മയുടെ സ്പെഷൽ. അതൊക്കെ ഇന്ന് ഒാർമ മാത്രമാണ്. അമ്മൂമ്മ മരിച്ചിട്ട് 12 വർഷത്തോളമായി. പക്ഷേ അമ്മൂമ്മ ഉണ്ടാക്കുന്നപോലെ ആരോ ഇവിടെ ഞങ്ങളുടെ ഫ്ളാറ്റിൽ ചിക്കൻകറി തയാറാക്കുന്നുണ്ട്. ആ നൊസ്റ്റാൾജിക് മണം എനിക്ക് ഒരിക്കൽ കിട്ടി.
എന്താ സ്വാദ്! ആലപ്പുഴ മീൻകറിക്ക്
നോൺവെജും വെജും ഞാൻ കഴിക്കാറുണ്ട്. എളുപ്പത്തിൽ തയാറാക്കാവുന്ന ഡിഷ് ഏതെന്ന് ചോദിച്ചാൽ ആലപ്പി മീൻകറിയാണ്. കുറഞ്ഞ സമയം കൊണ്ട് അതീവ രുചിയിൽ ഇൗ മീൻകറി തയാറാക്കാം. ചോറ് കഴിക്കാൻ വേറെ കറികളും വയ്ക്കേണ്ട. കുടുംപുളിയിൽ വേവുന്ന മീന്‍കറി, വായിൽ കപ്പലോടും രുചിയാണ്. പിന്നെ സാമ്പാറും എളുപ്പമാണ്. ഇവിടെ സാമ്പാറിനും അവിയലിനുമൊക്കെയുള്ള പച്ചക്കറികൾ അരിഞ്ഞ് കഷ്ണങ്ങളായി കിട്ടാറുണ്ട്. പിന്നെ പാചകം ഇൗസിയല്ലേ.
കാസർകോട് മുതൽ തിരുവനന്തപുരം വരെ വെറൈറ്റിയാണ്
നമ്മൾ എല്ലാകാര്യത്തിലും അനുഗൃഹീതരാണ്. കാസർകോട് മുതൽ തിരുവനന്തപുരം വരെ പാചക രീതിയിലും രുചിയിലും വ്യത്യസ്തതയുണ്ട്. സോഷ്യൽ മീഡിയയിലെ ഫൂഡ് വ്ലോഗർമാരിൽനിന്ന് അവയൊക്കെ കാണാനും പഠിക്കുവാനും അതേ പോലെ തയാറാക്കുവാനും നമുക്ക് ഇന്ന് സാധിക്കും.
പിന്നെ കോഴിക്കോട് എന്നു കേട്ടാൽ ബിരിയാണിയാണ് എന്റെ ഹൈലൈറ്റ്. ഞങ്ങളുടെ സ്വന്തം തൃശൂരിലെത്തിയാൽ സദ്യയാണ് എനിക്ക് പ്രിയപ്പെട്ടത്. എത്ര തവണ സദ്യ തന്നാലും ഞാൻ കഴിക്കും. അതിലെ കറിക്കൂട്ടുകള്‍ക്കും സാമ്പാറിനും പ്രത്യേക സ്വാദാണ്. ആലപ്പുഴ, കോട്ടയം ഭാഗത്ത് എത്തിയാൽ നോണ്‍വെജിനോടാണ് താൽപര്യം.
നല്ല ബീഫും മീന്‍ കറിയും കപ്പയുമൊക്കെ ഉണ്ടാകും. എല്ലാ നാട്ടിലും അതിന്റേതായ തനത് രുചിയുണ്ട്. ഏത് ഫൂഡും ഞാൻ ട്രൈ ചെയ്യും. ചിലപ്പോൾ കോമ്പിനേഷൻ ഒന്നും നോക്കാറില്ല, അങ്ങനെ ചെയ്യുമ്പോൾ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാലും ഞാൻ വിട്ടുകൊടുക്കില്ല. പുതിയ ഡിഷുകൾ പരീക്ഷിക്കാറുണ്ട്.
ദുബായിലെത്തിയപ്പോഴേക്കും കോണ്ടിനെന്റൽ ഫൂഡ് വരെ കഴിക്കാൻ തുടങ്ങി. മുന്‍പ് സുഷി എന്നു കേൾക്കുന്നതേ ഇഷ്ടമായിരുന്നില്ല., ഒരു തവണ കഴിച്ചപ്പോൾ ആ രുചി ഇഷ്ടപ്പെട്ടു. ഇപ്പോൾ എന്റെ ഫേവറൈറ്റ് െഎറ്റത്തിലൊന്നാണ് സുഷി. ഒരിക്കല്‍ ഞാനും അരുണുമൊക്കെയായി 8 രാജ്യങ്ങളിലേക്ക് യാത്ര പോയിരുന്നു. ആദ്യമൊക്കെ അവിടുത്തെ ഫൂഡ് എനിക്ക് പിടിക്കുമോ എന്ന് ടെൻഷനുണ്ടായിരുന്നു. പിന്നീട് കുഴപ്പമുണ്ടായിരുന്നില്ല. അതൊക്കെ മറക്കാനാവാത്ത അനുഭമായിരുന്നു.
ഇതാണ് മോന്റെ സ്പെഷൽ പുലാവ്
മോന് ഏറ്റവും ഇഷ്ടം ബിരിയാണിയാണ്. പണ്ട് ചോറോക്കെ കഴിക്കാന്‍ ഭയങ്കര മടിയായിരുന്നു. കുട്ടികൾ പൊതുവേ പച്ചക്കറികള്‍ കഴിക്കില്ലല്ലോ, ആ സമയത്ത് എന്റെ ഒരു സഹൃത്ത് ഒരു ഫൂഡ് റെസിപ്പി പറഞ്ഞു. ഞാനുണ്ടാക്കി. അവന് അത് ഇഷ്ടമായി. വളരെ കുറഞ്ഞ സമയം കൊണ്ട് സിംപിളായി തയാറാക്കാവുന്ന പുലാവ്. ഇതിന്റെ റെസിപ്പി എങ്ങനെയാണെന്നു നോക്കാം.
കുക്കറിലാണ് പുലാവ് തയാറാക്കുന്നത്. നെയ്യ് ഒഴിച്ചിട്ട് അതിലേക്ക് ജീരകം ചേർക്കാം. ശേഷം ഇത്തിരി ഇഞ്ചിയും. ബീന്‍സ്, കാരറ്റ്, കിഴങ്ങ്, കാപ്സിക്കം ഒപ്പം സവാള അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റണം. കുട്ടികൾക്ക് ആവശ്യമുള്ള വെജിറ്റബിൾസ് ചേർക്കാം. അതിലേക്ക് കുറച്ച് ചെറുപയറും ചേർത്ത് വഴറ്റണം. അതിലേക്ക് കുറച്ച് കുരുമുളക്പൊടിയും മഞ്ഞൾപ്പൊടിയും പാകത്തിനുള്ള ഉപ്പും ചേർക്കാം.
ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് കുക്കർ അടച്ച് വച്ച് വേവിക്കാം. ഒരു വിസിൽ അല്ലെങ്കിൽ രണ്ട് വിസിൽ കഴിഞ്ഞ് തീ അണയ്ക്കാം. ചൂടാറികഴിയുമ്പോൾ ഒരു ബൗളിലേക്ക് മാറ്റി വെന്ത വെജിറ്റബിൾസ് ഉടച്ചെടുക്കാം. ശേഷം കുട്ടികൾക്ക് കൊടുക്കാം. പച്ചക്കറികൾ കഴിക്കാത്ത കുഞ്ഞുങ്ങൾക്കും ഇൗ ഹെൽത്തി മീല്‍ ഇഷ്ടപ്പെടും.
English Summary: Actress Jyothy Krishna About Her Favorite Foods