വഴുതനങ്ങ റോസ്റ്റ് ചെയ്യാൻ പറഞ്ഞു, സഹോദരി അയച്ചു കൊടുത്ത വിഡിയോ വൈറൽ!
Mail This Article
പച്ച നിറത്തിലും വെള്ള നിറത്തിലും പർപ്പിൾ നിറത്തിലുമെല്ലാം തിളങ്ങുന്ന സുന്ദരൻമാരാണെങ്കിലും, വഴുതനങ്ങയുടെ രുചി അത്ര ജനപ്രിയമല്ല. അലിഞ്ഞു കിടക്കുന്നതും ചെറിയ കയ്പ്പുമെല്ലാം ആ അപ്രിയത്തിനു മുതൽക്കൂട്ടാണ്! ഈ ഒരു 'വെറുപ്പ്' മനസ്സിൽ വച്ച് ഒരു പെൺകുട്ടി ഇട്ട വിഡിയോ ഇപ്പോൾ ട്വിറ്ററിൽ വൈറൽ ആണ്.
ക്യാമറയ്ക്ക് മുന്നിൽ ഒരു വഴുതനങ്ങ വച്ച്, പെൺകുട്ടി അതിനോട് പറയുകയാണ്, “നീ വളരെ വൃത്തികെട്ട ഒരു പച്ചക്കറിയാണ്, ബർത ഉണ്ടാക്കാനായി ആൾക്കാർ നിന്നെ എന്തോരമാണ് തല്ലുന്നത്. ഉരുളക്കിഴങ്ങിനെ നോക്കൂ, അവൻ എവിടെ നിന്ന് എവിടെവരെ എത്തിയെന്ന്. എന്നാൽ നീ ഇപ്പോഴും നിന്നിടത്ത് തന്നെ, കാരണം നീ എല്ലാവരുടെയും അവസാന ചോയ്‌സാണ്”
വഴുതനങ്ങ വാങ്ങി, അത് റോസ്‌റ്റ് ചെയ്യാൻ സഹോദരിയെ ഏൽപ്പിച്ചതായിരുന്നു യുവതി, സഹോദരിയാകട്ടെ കിട്ടിയ അവസരത്തിൽ വഴുതനങ്ങയെ നന്നായങ്ങു 'റോസ്റ്റ്' ചെയ്ത് വിട്ടു! ഈ വിഡിയോ ആണ് വൈറൽ ആയത്.
ഇന്ത്യയുടെ വടക്കൻ ഭാഗത്ത്, പ്രത്യേകിച്ച് പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ പ്രചാരത്തിൽ ഉള്ള ഒരു വഴുതനങ്ങ വിഭവമാണ് ബേഗൻ കി ബർത. കനലിൽ ചുട്ടെടുത്ത വഴുതനങ്ങയുടെ പൾപ്പ് എടുത്ത ശേഷം അത് ഇടിച്ചു ചതയ്ക്കുന്നു. അതിലേക്ക് ജീരകം, മല്ലിയില, മഞ്ഞൾ, ചുവന്ന മുളകുപൊടി, ഗരം മസാല തുടങ്ങിയ മസാലകളും നന്നായി അരിഞ്ഞ ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, തക്കാളി എന്നിവയുമെല്ലാം ചേർത്ത് വേവിച്ചു ഉണ്ടാക്കുന്ന ഒരു കറിയാണിത്. ചപ്പാത്തിക്കും ചോറിനുമെല്ലാമൊപ്പം ഇത് കഴിക്കാം.
നിരവധി ആരോഗ്യ ഗുണങ്ങളും വഴുതനങ്ങ ഉപയോഗിച്ചുണ്ടാക്കുന്ന ഈ വിഭവത്തിനുണ്ട്. നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ കെ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമാണ് വഴുതന. കൂടാതെ, ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ദഹനത്തെ സഹായിക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും അവ അറിയപ്പെടുന്നു. വിഡിയോക്കടിയിൽ വഴുതനങ്ങയെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം ഒട്ടേറെ ആളുകളുടെ കമന്റുകൾ കാണാം.
English Summary: Woman Asks Sister To Roast Brinjal, What She Did Ends Up Being Comedic Gold